Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും ബ്ലൂ വെയിൽ ഗെയിം സാന്നിധ്യം സംശായാടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. പതിനാറുവയസ്സുകാരൻ നാല് നില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരിക്കുന്നു. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിദ്യാർത്ഥിയുടെ ഈ ശ്രമത്തിനു പിന്നിൽ ബ്ലൂ വെയിൽ ഗെയിം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയുടെ അടിവയറ്റിൽ കോമ്പസ് കൊണ്ടുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതും ബ്ലൂ വെയിൽ ഗെയിം സാന്നിധ്യത്തിലേക്ക് സംശയങ്ങളെ എത്തിക്കുന്നു.
കഴിഞ്ഞ നാല് മാസമായി കുട്ടിയുടെ സ്വഭാവത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം ഒരുപാട് മാറ്റങ്ങൾ കണ്ടിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഒപ്പം രാത്രി ഏറെ വൈകിയും മൊബൈലിൽ കുട്ടി കളിച്ചിരുന്നതായും ഇവർ പറഞ്ഞു. ഇതോടെയാണ് ബ്ലൂ വെയിലിന്റെ സാന്നിധ്യം പോലീസ് സംശയിക്കുന്നത്.
ഈ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്നു ഡപ്യൂട്ടി കമ്മീഷണർ മിലിന്ദ് മെഹദിയോ പറഞ്ഞു. ഇന്ത്യയുടെ പലഭാഗങ്ങളിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ ബ്ലൂ വെയിൽ ഗെയിം കൊണ്ട് തന്നെയാണോ എന്ന് പൂർണമായും പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇതിനു മുമ്പ് മുംബൈയിൽ പതിനാലുകാരൻ ഏഴാം നിലയിൽ നിന്നും ചാടി ആഹ്മഹത്യ ചെയ്തതും ബ്ലൂ വെയിൽ ഗെയിം കാരണമായിരുന്നു. ഇതിനു പുറമെ പല സ്ഥലങ്ങളിലും ഈ രീതിയിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തും കണ്ണൂരും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആത്മഹത്യകൾ ഇതിന്റെ പേരിൽ നടന്നുവെങ്കിലും ഈ ഗെയിം തന്നെയാണോ ഇതിന്റെ പിന്നിൽ എന്ന് ഇതുവരെ വ്യക്തമായി പറയാൻ പോലീസിനോ ബന്ധപ്പെട്ട അധികാരികൾക്കോ കഴിഞ്ഞിട്ടില്ല.
Leave a Reply