Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജില്ലയില്‍ ചെങ്കണ്ണ് രോഗം പടർന്നുപിടിക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറു കണക്കിനാളുകളാണ് രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നത്.കാലാവസ്ഥ വ്യതിയാനവും രോഗാണുക്കളുടെ പ്രതിരോധശേഷി വര്‍ധിച്ചതുമാണ് രോഗം പടരാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. സാധാരണയായി ഏപ്രില്‍, മേയ് മാസങ്ങളിലാണു രോഗം കണ്ടുവരുന്നത്.എന്നാല്‍ കാലാവസ്‌ഥ വ്യതിയാനം മൂലം ഇത്തവണ രോഗം അനിയന്ത്രിതമായി പടരുകയാണ്. കാലാവസ്‌ഥയിലുണ്ടായ മാറ്റത്തോടെ രോഗാണുക്കളുടെ പ്രതിരോധ ശേഷി വര്‍ധിച്ചതാണു രോഗവ്യാപനത്തിനിടയാക്കിയതെന്നു വിദഗ്‌ധര്‍ പറയുന്നു. ജില്ലയില്‍ ചെങ്കണ്ണ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ദിക്കുകയാണ്.രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ചെങ്കണ്ണ്‍ ആദ്യം ഒരു കണ്ണിനെയാണ് ബാധിക്കുക. ഉടന്‍തന്നെ അടുത്ത കണ്ണിനെയും ബാധിക്കും.വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രം ബാധിച്ചേക്കാം.
–

–
രോഗലക്ഷണങ്ങൾ
കണ്ണില്‍ ചുവപ്പ് നിറം, വേദന, ചൊറിച്ചിലും അസ്വസ്ഥതയും, കണ്‍പോളകളില്‍ വീക്കം, പീള അടിയുക, വെളിച്ചത്തേക്ക് നോക്കുമ്പോള്‍ കണ്ണില്‍നിന്നു വെള്ളം ഒഴുകുക, കണ്ണില്‍ നീരുവയ്ക്കുക, കണ്ണില്‍ പൊടി വീണതുപോലെ തോന്നുക എന്നിവയാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ.
–

–
മുൻകരുതലുകൾ
പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ രോഗിയുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കണം.ചെങ്കണ്ണ് ബാധിച്ചിട്ടുള്ളവരുമായുള്ള സമ്പര്‍ക്കവും രോഗബാധിതര്‍ ഉപയോഗിച്ച സോപ്പ്,തോര്‍ത്ത്,ടൗവല്‍,കിടക്ക തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക് രോഗം പടരും. ഒരു വിട്ടില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ മറ്റുള്ളവര്‍ക്ക് കൂടി രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.എന്നാൽ രോഗിയുടെ കണ്ണിൽ നോക്കിയാൽ രോഗം പകരുമെന്ന വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.
–

ചികിത്സ
രോഗം ബാധിച്ചാൽ സ്വയം ചികിത്സ തീർത്തും ഒഴിവാക്കുക. ഉടന്‍ തന്നെ നേത്രരോഗ വിദഗ്ധനെ സമീപിക്കുക. ചെങ്കണ്ണ് ബാധിച്ചവര്‍ മരുന്നുകള്‍ കൃത്യമായി കഴിക്കുകയും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുകയും ചെയ്യുന്നത് രോഗം ഭേദമാക്കാന്‍ സഹായിക്കും. രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ പീളകെട്ടി കണ്‍പോളകള്‍ ഒട്ടിപ്പിടിച്ച നിലയിലാണെങ്കില്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുകയോ വൃത്തിയുള്ള കോട്ടണ്‍ നനച്ച് കണ്ണുകള്‍ തുടക്കുകയോ ചെയ്യുക.ചെങ്കണ്ണ് ബാധിച്ചവര്‍ രോഗം പെട്ടന്ന് പടരാന്‍ സാധ്യതയുള്ളതില്‍ പൂര്‍ണ്ണമായും വിശ്രമിക്കണം.ഓഫീസ്, ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും രോഗി ഒഴിവായി നില്‍ക്കുക. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കണ്ണില്‍ ഒഴിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക. ചൂടില്‍നിന്ന് അകലം പാലിക്കണം. കണ്ണില്‍ പൊടിപടലങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ കൂളിങ് ഗ്ലാസ് ധരിക്കുന്നത് നല്ലത്.
–

Leave a Reply