Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:32 am

Menu

Published on September 9, 2018 at 12:00 pm

സ്‌ട്രോക്കില്‍ നിന്ന് എങ്ങനെ രക്ഷനേടാം ..

things-to-know-about-stroke

ലോകത്ത് ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികംപേരുടെ ജീവനെടുക്കുന്നത് സ്‌ട്രോക്ക് അഥവാ ബ്രെയിന്‍ അറ്റാക്കാണ്. സ്‌ട്രോക്ക് ഉണ്ടാകുന്ന 100 പേരില്‍ 30 പേര്‍ മരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 25 ശതമാനം സ്‌ട്രോക്ക് രോഗികളും ചെറുപ്പക്കാരാണ്. കുടുംബത്തിന്റെ നെടുംതൂണായവരെ സ്‌ട്രോക്ക് ബാധിക്കുമ്പോള്‍, മാനസികമായി മാത്രമല്ല സാമ്പത്തികമായും കുടുംബാംഗങ്ങള്‍ ഓരോരുത്തരും തളര്‍ന്നുപോകും. അടിയന്തരപരിശോധനയും കൃത്യസമയത്ത് ചികിത്സയും നല്‍കിയാല്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന ജീവിത ശൈലീരോഗമാണ് സ്‌ട്രോക്ക്. ഇന്ത്യയില്‍, ഓരോ നാലു സെക്കന്‍ഡിലും ഒരാള്‍ക്ക് വീതം സ്‌ട്രോക്ക് ഉണ്ടാകുന്നു, നാലുമിനിറ്റില്‍ ഒരാള്‍ എന്ന തോതില്‍ മരിക്കുകയും ചെയ്യുന്നു.

പ്രധാന ലക്ഷണങ്ങള്‍

തലകറക്കം, കാഴ്ചക്കുറവ്, ദൃശ്യങ്ങള്‍ രണ്ടായി കാണുക, നടക്കുമ്പോള്‍ വീണുപോവുക, ബോധം മറയുക, അപസ്മാരം, കണ്ണിന്റെ കൃഷ്ണമണികള്‍ ഒരു വശത്തേക്ക് പോവുക, അന്തംവിടുക, സംസാരിക്കാന്‍ ബുദ്ധിമുട്ടുക, പറയുന്നത് മനസ്സിലാകാതിരിക്കുക, നടക്കുമ്പോള്‍ വേച്ചുവേച്ച് പോവുക.

സ്‌ട്രോക്കും മരണവും

സ്‌ട്രോക്ക് മരണത്തിന്റെ 70 ശതമാനവും ഉണ്ടാകുന്നത് ആദ്യത്തെ സ്‌ട്രോക്കില്‍ തന്നെയാണ്. ശേഷിക്കുന്ന 30 ശതമാനത്തില്‍, 20 ശതമാനം പേരില്‍ തുടര്‍ച്ചയായുണ്ടാകുന്ന സ്‌ട്രോക്കും 10 ശതമാനത്തില്‍ മറ്റു പല കാരണങ്ങളുമാണ് മരണത്തിന് ഇടയാക്കുന്നത്. സ്‌ട്രോക്ക് വന്ന് ആദ്യത്തെ രണ്ടാഴ്ചകള്‍ക്കുള്ളിലാണ് ബഹുഭൂരിപക്ഷം പേരും മരിക്കുന്നത്. ഉടനെ ചികിത്സ ലഭിക്കാത്തതും വലിയ രക്തക്കുഴല്‍ അടഞ്ഞുപോകുന്നതും പ്രധാനമരണകാരണങ്ങളാണ്.

അടിയന്തര പരിശോധനകള്‍

ഗുരുതരമായ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ സി.ടി.സ്‌കാന്‍ എടുത്ത് രക്തസ്രാവം അല്ലെന്ന് ഉറപ്പുവരുത്തുക, മരുന്നുകള്‍ തുടങ്ങുന്നതിനൊപ്പം തന്നെ അടിയന്തരമായി ബ്രെയിന്‍ ആന്‍ജിയോഗ്രാം എടുക്കുന്നത് അഭികാമ്യമാണ്. മൂന്നു മണിക്കൂറിനുള്ളില്‍ സി.ടി.സ്‌കാനും ആറുമണിക്കൂറിനുള്ളില്‍ ബ്രെയിന്‍ ആന്‍ജിയോഗ്രാമും എടുക്കണം. സി.ടി. ആന്‍ജിയോഗ്രാമില്‍നിന്ന് രണ്ട് പ്രധാനപ്പെട്ട വിവരങ്ങള്‍ അറിയാന്‍ കഴിയും:

1. ചെറിയ രക്തക്കുഴലാണോ വലിയ രക്തക്കുഴലാണോ അടഞ്ഞത്.
2. കഴുത്തിലെ രക്തക്കുഴലാണോ തലച്ചോറിലെ രക്തക്കുഴലാണോ അടഞ്ഞത്.

രോഗിയുടെ അസുഖത്തിന്റെ ഗുരുതരാവസ്ഥയും രക്ഷപ്പെടാനുള്ള സാധ്യത ഒരുപരിധിവരെ ബ്രെയിന്‍ ആന്‍ജിയോഗ്രാമിലൂടെ അറിയാന്‍ കഴിയും. വലിയ ക്ലോട്ട് ആണെങ്കില്‍ രക്തക്കട്ട അലിയിക്കുന്ന മരുന്നിനൊപ്പം കത്തീറ്റര്‍ ചികിത്സകൂടി വേണ്ടിവരും.

കത്തീറ്റര്‍ ആന്‍ജിയോഗ്രാം സ്റ്റെന്റ് ചികിത്സ

കത്തീറ്റര്‍ ആന്‍ജിയോഗ്രാം സ്റ്റെന്റ് ചികിത്സ ഒരു ജീവന്‍രക്ഷാ ചികിത്സാരീതിയാണ്. ഈ ചികിത്സാരീതികൊണ്ട് ഒരു പരിധി വരെ തലച്ചോറിന്റെ പ്രവര്‍ത്തനം പഴയ രീതിയിലാക്കാന്‍ കഴിയുകയും സാധാരണ ജീവിതത്തിലേക്ക് ആരോഗ്യകരമായ തിരിച്ചുപോക്ക് സാധ്യമാകുകയും ചെയ്യും.

ചികിത്സ എങ്ങനെ

തുടയെല്ലിനടുത്തുള്ള രക്തക്കുഴലില്‍ ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ ഒരു കത്തീറ്റര്‍ കടത്തുന്നു. ശേഷം കോണ്‍ട്രാസ്റ്റ് മരുന്ന് കുത്തിവെച്ച് കഴുത്തിലെയും തലച്ചോറിലെയും രക്തക്കുഴലുകളുടെ ആന്‍ജിയോഗ്രാം വീണ്ടുമെടുത്ത് ക്ലോട്ട് കണ്ടെത്തി സ്റ്റെന്റ് റിട്രീവര്‍ വഴി ക്ലോട്ട് എടുത്തു കളയുന്നു.

വെല്ലുവിളികള്‍

എല്ലാ രോഗികളിലും കത്തീറ്റര്‍ ആന്‍ജിയോഗ്രാം സ്റ്റെന്റ് ചികിത്സ ഉടനടി പരിപൂര്‍ണ ഫലപ്രാപ്തി നല്‍കണമെന്നില്ല. ഇതൊരു ജീവന്‍രക്ഷാ ചികിത്സാ രീതിയാണെന്ന അവബോധം സമൂഹത്തില്‍ ഉണ്ടാകണം.

സ്‌ട്രോക്ക് തടയാന്‍

രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുക. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.

സ്‌ട്രോക്കും സ്ത്രീകളും

സ്‌ട്രോക്ക് ഉണ്ടാക്കുന്ന 100 പേരില്‍ 40 പേര്‍ മരിക്കുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദം മൂലം മരിക്കുന്നതിനെക്കാള്‍ രണ്ടിരട്ടി സ്ത്രീകളാണ് സ്‌ട്രോക്ക് വന്ന് മരിക്കുന്നത്. സ്‌ട്രോക്ക് ഉണ്ടായി മരിക്കുന്ന 10 പേരില്‍ ആറുപേര്‍ സ്ത്രീകളാണ്. ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍, അതായത് മധ്യവയസ്‌കകളിലാണ് സ്‌ട്രോക്ക് സാധ്യത കൂടുതലായി കണ്ടുവരുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദമാണ് മിക്കവാറും സ്ത്രീകളില്‍ രോഗകാരണം. രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിക്കാനുള്ള സാധ്യത പുരുഷന്മാരെക്കാളധികം സ്ത്രീകളിലാണ്. വ്യക്തമായ ആശയവിനിമയം നടത്താത്തത് സ്ത്രീകളിലെ മരണസംഖ്യ കൂടുതലാക്കുന്നു. കൂടെയുള്ളവര്‍ വേണ്ട ശ്രദ്ധ നല്‍കാത്തതും മരണകാരണമാവുന്നു.

Loading...

Leave a Reply

Your email address will not be published.

More News