Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:21 pm

Menu

Published on November 1, 2017 at 3:50 pm

നിങ്ങളറിയാതെ നിങ്ങളുടെ കാഴ്ച ഇല്ലാതാക്കുന്ന ഗ്ലോക്കോമ

glaucoma-eye-disease-treatment-symptoms-and-prevention

കണ്ണിന് അസുഖം വന്നാല്‍ കുതിരപ്പുറത്തേറി വൈദ്യനെ കാണാന്‍ പോകണമെന്നാണ് പഴമക്കാര്‍ പറയുന്നത്. നമ്മുടെ ശരീരത്തില്‍ കണ്ണിനുള്ള സവിശേഷ സ്ഥാനം അടയാളപ്പെടുത്തുന്ന വാക്കുകളാണിവ. ഒന്നിനെയും കാണാതെ ജീവിക്കുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. കാഴ്ച തകറാറുകളുള്ളവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എത്രത്തോളമെന്ന് നമുക്ക് അറിയാം.

കണ്ണിനു വരുന്ന മിക്കരോഗങ്ങളും പ്രകടമായ ലക്ഷണങ്ങളോടെയായിരിക്കും. ഇക്കാരണത്താല്‍ തന്നെ തക്കസമയത്ത് ചികിത്സ നടത്താന്‍ സാധിക്കും. ഇതിനൊരപവാദമാണ് ഗ്ലോക്കോമ. രോഗി അറിയാതെ കണ്ണിന്റെ കാഴ്ചശക്തി നശിപ്പിക്കുന്ന നിശബ്ദ കൊലയാളി എന്നാണ് ഈ രോഗത്തെ വിശേഷിപ്പിക്കാറുള്ളത്.

കണ്ണുകളുടെ ശേഷി പതിയെ ഇല്ലാതാക്കി രോഗിയെ പൂര്‍ണാന്ധതയിലേക്കു നയിക്കുന്ന രേഗമാണിത്. കാഴ്ച തകരാറുകള്‍ ഉണ്ട് എന്ന് രോഗി മനസിലാക്കുമ്പോഴേക്കും 80 ശതമാനത്തോളം കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നതാണ് ഈ രോഗത്തെകുറിച്ചുള്ള പേടിപ്പെടുത്തുന്ന വസ്തുത. തിരിച്ചറിഞ്ഞാല്‍ തന്നെ നഷ്ടപ്പെട്ട കാഴ്ച ശക്തി വീണ്ടെടുക്കാന്‍ സാധിക്കുകയുമില്ല. ശേഷിക്കുന്ന കാഴ്ചയെ പിടിച്ചു നിര്‍ത്തുക എന്നതാണ് ചികിത്സയിലൂടെ സാധിക്കുന്നത്.

 

എന്താണ് ഗ്ലോക്കോമ?

കണ്ണിന്റെ ഇന്‍ട്രാ ഓക്കുലര്‍ പ്രഷറിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഗ്ലോക്കോമക്ക് കാരണം. കൃഷ്ണമണിക്കുള്ളില്‍ അക്വസ് ഹ്യൂമര്‍ എന്നൊരു ദ്രാവകമുണ്ട്. ഇതിന്റെ സുഗമമായ ചംക്രമണം തടയപ്പെടുമ്പോള്‍ കൃഷ്ണമണിക്കുള്ളിലെ മര്‍ദ്ദം വര്‍ദ്ധിക്കും. ഇതുമൂലം കണ്ണിന്റെ ഞരമ്പുകള്‍ക്കു ക്ഷതം സംഭവിക്കുകയും കാഴ്ചയെ ബാധിച്ചു തുടങ്ങുകയും ചെയ്യുന്നു. കാലക്രമേണ വശങ്ങളിലെ കാഴ്ച (പെരിഫറല്‍ വിഷന്‍) പൂര്‍ണമായും നശിച്ച് കേന്ദ്രീകൃത കാഴ്ച (സെന്‍ട്രല്‍ വിഷന്‍) മാത്രമാകും. ഇതിനുശേഷം പൂര്‍ണമായും കാഴ്ച ശക്തി ഇല്ലാതാകും. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഇന്നും വ്യക്തമായ ഒരുത്തരം ഡോക്ടര്‍മാര്‍ക്കില്ല. കണ്ണിലെ മര്‍ദ്ദം കൂടിയതുകൊണ്ടു മാത്രം ഗ്ലോക്കോമ പിടിപെട്ടു എന്നു കരുതാനാവില്ല. ഇതുമൂലം ഞരമ്പുകള്‍ക്കു ക്ഷതം ഏല്‍ക്കുന്നുണ്ടോ എന്നതാണു പ്രധാനം. നാഡീനാരുകള്‍ ഓരോന്നായി നശിക്കുമ്പോഴും തുടക്കത്തില്‍ രോഗിയുടെ കാഴ്ചയ്ക്ക് പ്രശ്നമോ, ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ അനുഭവപ്പെടില്ല. ചില രോഗികള്‍ക്ക് കണ്ണുകള്‍ക്ക് വേദന, തലവേദന എന്നിവയുണ്ടായേക്കാം.

 

ഗ്ലോക്കോമ ലക്ഷണങ്ങള്‍

ഗ്ലോക്കോമ പ്രധാനമായും രണ്ടുതരത്തിലുണ്ട്. ഓപ്പണ്‍ ആംഗിള്‍, ക്ലോസ്ഡ് ആംഗിള്‍. ഓപ്പണ്‍ ആംഗിളില്‍ സാധാരണ രീതിയിലാണു ഗ്ലോക്കോമ പുരോഗമിക്കുന്നത്. എന്നാല്‍ ക്ലോസ്ഡ് ആംഗിള്‍ അപകടകാരിയാണ്. പെട്ടെന്ന് മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഇത്. ഇങ്ങനെയുള്ള അവസ്ഥയില്‍ കണ്ണ് ചുവക്കും, കണ്ണിനും തലയ്ക്കും കടുത്തവേദന അനുഭവപ്പെടും, പ്രകാശമുള്ള വസ്തുക്കളുടെ ചുറ്റും പലനിറത്തില്‍ പ്രകാശവലയങ്ങള്‍ കാണപ്പെടും, തലകറക്കവും ഛര്‍ദ്ദിയും ഉണ്ടാകാം. അടിയന്തര ചികിത്സ ആവശ്യമുള്ള അവസ്ഥയായിട്ടാണ് ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമ കണക്കാക്കപ്പെടുന്നത്. പതിയെ പുരോഗമിക്കുന്ന ഒരു വകഭേദവും ഇതിനുണ്ട്. കണ്ണുകളില്‍ മര്‍ദ്ദം സാധാരണനിലയില്‍ ആണെങ്കില്‍ പോലും ഞരമ്പുകള്‍ക്കു ക്ഷതം സംഭവിക്കുന്ന തരത്തിലുള്ള ഗ്ലോക്കോമയുടെ രൂപവുമുണ്ട്. നോര്‍മല്‍ ടെന്‍ഷന്‍ ഗ്ലോക്കോമ എന്നാണ് ഇത് അറിയപ്പെടുന്നത്.

 

എങ്ങനെ കണ്ടു പിടിക്കാം

കണ്ണിലെ മര്‍ദ്ദം കണ്ടുപിടിക്കുക എന്നതാണ് ഗ്ലോക്കോമയ്ക്കുള്ള പരിശോധനയിലെ ആദ്യപടി. 21 എം.എം.എച്ച്.ജി എന്ന അളവു വരെയാണ് സാധാരണ രീതിയില്‍ കണ്ണുകളിലുണ്ടാകുന്ന മര്‍ദ്ദം. രോഗിയുടേത് ഇതില്‍ കൂടുതലാണോ എന്ന് ഡോക്ടര്‍ പരിശോധിക്കും. തുടര്‍ന്ന് വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റ് നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ വശങ്ങളിലേക്കുള്ള കാഴ്ച ശക്തിയില്‍ കുറവുണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. കൂടാതെ രോഗിയുടെ കണ്ണിന്റെ ഞരമ്പിന്റെ ഘടനയും വിലയിരുത്തും. ഗ്ലോക്കോമ ബാധിതരുടെ നേത്രഞരമ്പുകള്‍ ‘കപ്പിങ്’ ബാധിച്ച രീതിയിലാകും കാണപ്പെടുക. അടിസ്ഥാന പരിശോധനകളില്‍ ഗ്ലോക്കോമ ഉണ്ടെന്നു തെളിഞ്ഞാല്‍ അത് ഏതു തരത്തിലുള്ളതാണെന്നു മനസ്സിലാക്കാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ വേണ്ടിവരും.

 

പ്രതിരോധം

ആദ്യഘട്ടങ്ങളില്‍ ഗ്ലോക്കോമ കണ്ടുപിടിച്ചാല്‍ മരുന്നുകള്‍ കൊണ്ട് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും. അതിനാല്‍ത്തന്നെ രോഗത്തിന്റെ നിര്‍ണയം വളരെ പ്രധാനമാണ്. ഗ്ലോക്കോമ ഒരു പാരമ്പര്യ രോഗത്തിന്റെ ലക്ഷണങ്ങളും കാണിക്കാറുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ രോഗം വന്നിട്ടുണ്ടെങ്കില്‍ സൂക്ഷിക്കണം. വര്‍ഷത്തില്‍ ഒരുതവണ സമഗ്രമായ കണ്ണുപരിശോധന നടത്തുകയാണ് ഏറ്റവും നല്ല മാര്‍ഗം. നാല്‍പതു വയസ്സ് കഴിഞ്ഞവര്‍ നിര്‍ബന്ധമായും ഇതുചെയ്യണം. രോഗം ഉള്ളവര്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവിലും സമയങ്ങളിലും മരുന്ന് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണം.

Loading...

Leave a Reply

Your email address will not be published.

More News