Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിതശൈലീ രോഗങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്ന ഒന്നാണ് ഹൃദയാഘാതം. ഹൃദ്രോഗങ്ങളില്‍ ഏറ്റവും മാരകമായ അവസ്ഥ കൂടിയാണിത്. ഹൃദയാഘാതത്തിലൂടെ മനുഷ്യശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഉണ്ടാകുന്നത്.
ഹൃദയാഘാതം പ്രതിരോധപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടത്ര ഉള്‍ക്കൊള്ളുന്നില്ലെന്നതിന് തെളിവാണ് ഹൃദയാഘാതമുണ്ടാകുന്ന 90 ശതമാനത്തിലും അത് വരാതെ നോക്കാമായിരുന്നു എന്ന കാര്യം. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട അവസ്ഥയാണ് ഹൃദയാഘാതം.
അല്‍പ്പം ശ്രദ്ധിച്ചാല്‍ ഈ രോഗത്തെ അറിയാനും നിയന്ത്രിക്കാനും സാധിക്കും. ഹൃദയത്തിന്റെ മാംസപേശികള്‍ക്ക് രക്തമെത്തിക്കുന്ന ചെറിയ രക്തധമനികളായ കൊറോണറി രക്തധമനികള്‍ക്കുള്ളില്‍ കൊഴുപ്പടിഞ്ഞുകൂടി ഈ രക്തധമനികളുടെ വ്യാസം കുറയുകയും ഇതുവഴി ഹൃദയധമനിയില്‍ വ്യാസം കുറഞ്ഞുപോയ ഭാഗത്ത് രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരം പൂര്‍ണമായി നിലച്ച് പേശീകോശങ്ങള്‍ നശിക്കുന്ന മാരകമായ അവസ്ഥയാണ് ഹൃദയാഘാതം.

ഭക്ഷണ കാര്യത്തിലാണ് ഇതിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. കൊളസ്ട്രോളാണ് പ്രധാന വില്ലന്‍. കൊളസ്ട്രോള്‍ നിയന്ത്രിച്ച് ആഹാരം ശീലമാക്കുക. എണ്ണയും കൊഴുപ്പും നന്നായി കുറച്ചുള്ള പാചകമാണ് നല്ലത്. പ്രത്യേകിച്ചും ഹൃദയാഘാതം വന്നവര്‍ ഇത് തീര്‍ച്ചയായും പാലിക്കണം.
കൊളസ്ട്രോളിന്റെ അളവ് കൂടുതലായ പോത്തിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി ഒഴിവാക്കുന്നതോ നിയന്ത്രിക്കുന്നതോ നല്ലതാണ്. കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചി തൊലി നീക്കി, എണ്ണ കുറച്ച് കറി വെച്ച് കഴിക്കാവുന്നതാണ്. പപ്പടം, അച്ചാര്‍ തുടങ്ങി ഉപ്പ് അമിതമടങ്ങിയ ആഹാരം ഒഴിവാക്കുന്നതാണ് നല്ലത്.
കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ക്ക് മുട്ടയുടെ വെള്ള മാത്രം കഴിക്കാം. ജങ്ക്ഫുഡുകള്‍ പൂര്‍ണമായി ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയില്‍ രക്തക്കുഴലിനെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ പഞ്ചസാരയെയും കൊളസ്ട്രോളിനെയും ക്രമീകരിക്കുന്നു.

ഹൃദയാരോഗ്യത്തിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് വ്യായാമം. മികച്ച വ്യായാമം രക്തക്കുഴലുകളിലൂടെയുള്ള രക്തത്തിന്റെ സഞ്ചാരത്തെ സ്വാധീനിക്കും. മാത്രമല്ല അമിത കൊളസ്ട്രോള്‍ എരിച്ച് കളയാനും ഇത് സഹായിക്കും. ദിവസവും 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമത്തിനായി മാറ്റിവെയ്ക്കാം.

ഹൃദയത്തിന്റെ പ്രധാന വില്ലന്‍ മദ്യാപാനവും പുകവലിയും തന്നെയാണ്. മാത്രമല്ല കഴിക്കുന്ന മദ്യത്തിന്റെ അളവ് കൂടുന്നത് ഏറെ ദോഷകരവും.