Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:18 am

Menu

Published on May 4, 2013 at 5:56 am

ഐഎഎസുകാരെ സൃഷ്ടിക്കുന്ന അധ്യാപനവൈദഗ്ധ്യം

ias-coaching-teacher

തിരു: ഐഎഎസ് ഒന്നാം റാങ്ക് കിട്ടിയ വിവരമറിഞ്ഞപ്പോള്‍ ഹരിത ഗുരുനാഥനെ വിളിച്ചു: “സര്‍, എനിക്കുവേണ്ടി ഒരു വാക്കുമാറ്റണം.” ഗുരുനാഥനെ കൊണ്ട് സത്യം ചെയ്യിച്ചശേഷമാണ് ഹരിത തന്റെ ഒന്നാം റാങ്ക് വിവരമറിയിച്ചത്. വീട്ടിലെ ക്ലാസ് മുറിയില്‍ മാഷ് എപ്പോഴും ഇടയ്ക്കിടെ പറയുന്ന ഒരു കാര്യമാണ് ഹരിതയെ പേടിപ്പിച്ചത്. “ഞാന്‍ പഠിപ്പിക്കുന്ന ഒരു കുട്ടിക്ക് ഐഎഎസിന് ഒന്നാം റാങ്ക് കിട്ടിയിട്ടുവേണം ഈ പണി നിര്‍ത്താന്‍”. എന്നാല്‍, പണി നിര്‍ത്തില്ലെന്ന് പ്രതിജ്ഞ ചെയ്യിച്ച ഹരിതയുടെ കഠിനാധ്വാനത്തെക്കുറിച്ചും ആത്മസമര്‍പ്പണത്തെക്കുറിച്ചും പറയുമ്പോള്‍ ഗുരുവിന് വാക്കുകള്‍ മതിയാകുന്നില്ല.

ഇക്കണോമിക്സ് പ്രധാനവിഷയമായെടുത്ത് ഐഎഎസിന് ശ്രമിച്ച ഹരിത ആ വിഷയത്തിന്റെ ബാലപാഠംപോലും പഠിക്കുന്നത് നാരായണന്‍ മാഷിന്റെ കീഴിലാണ്. ബിടെക് കഴിഞ്ഞ ഒരു പെണ്‍കുട്ടി ഐഎഎസിന് സാമ്പത്തികശാസ്ത്രം പ്രധാനവിഷയമായെടുക്കുന്നത് ആര്‍ക്കും ആലോചിക്കാനാകുമായിരുന്നില്ല. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഹരിത പിന്മാറാന്‍ തയ്യാറായില്ല. “സര്‍ പഠിപ്പിക്കൂ; ഞാന്‍ പഠിച്ചുകൊള്ളാം” എന്നു പ്രഖ്യാപിച്ച ശിഷ്യയുടെ മുന്നില്‍ ഗുരു തോല്‍ക്കുകയായിരുന്നു. ആറുമാസംകൊണ്ട് ഹരിത അതിശയിപ്പിച്ചുകളഞ്ഞു. ഏത് ഉപന്യാസവും വാക്കുകളുടെ ശക്തിയില്‍ തിളങ്ങിനിന്നു. പറയുന്ന വാക്കുകള്‍ക്കുള്ളില്‍ ഏതു വിഷയവും സമര്‍ഥമായി എഴുതാന്‍ കഴിയുന്ന മറ്റൊരു വിദ്യാര്‍ഥിയെയും മാഷ് കണ്ടിരുന്നില്ല. വിഷയത്തില്‍ മുന്‍പരിചയമില്ലാത്തതിനാല്‍ ഇക്കണോമിക്സ് രണ്ടുവര്‍ഷം മാഷിന്റെ കീഴില്‍ അഭ്യസിച്ചു. രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം മികച്ച വിജയത്തിന് സ്വയം പരിശീലനം തുടര്‍ന്നപ്പോഴും ഹരിത ഏത് സംശയങ്ങള്‍ക്കും ആദ്യം വിളിക്കുന്നത് നാരായണന്‍ മാഷിനെയാണ്്. ഐഎഎസ് കൊതിച്ച് മാഷിന്റെ അടുത്ത് ഓരോ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് എത്തുന്നത്. എന്നാല്‍, വഞ്ചിയൂര്‍ അത്താണി ലെയ്നിലെ വീട്ടിലിരുന്ന് പഠിക്കാന്‍ സൗകര്യം 20 പേര്‍ക്ക് മാത്രം. ആദ്യം എത്തുന്നവര്‍ക്ക് പ്രഥമ പരിഗണന.

തിരുവനന്തപുരം വിമെന്‍സ് കോളേജില്‍നിന്ന് ഇക്കണോമിക്സ് മേധാവിയായി 2001ല്‍ റിട്ടയര്‍ ചെയ്തശേഷം ഇദ്ദേഹം രണ്ടുവര്‍ഷം യൂണിവേഴ്സിറ്റി കോളേജില്‍ വിസിറ്റിങ് പ്രൊഫസറായി. പിന്നീടാണ് ഐഎഎസിനും ഐഇഎസിനും (ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ) പരിശീലനം ആരംഭിച്ചത്. പത്തുവര്‍ഷത്തെ പരിശീലനകാലയളവില്‍ നാല്‍പ്പതിലേറെ പേര്‍ ഐഎഎസ്കാരായി. പഠിക്കാനെത്തുന്ന ശിഷ്യരെല്ലാം സിവില്‍ സര്‍വീസിന്റെ ഏതെങ്കിലുമൊരു തസ്തികയില്‍ ഉദ്യോഗസ്ഥരായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാല് ശിഷ്യര്‍ ഇത്തവണ മികച്ച റാങ്ക് നേടിയിട്ടുണ്ട്. 65-ാം റാങ്കുകാരി മഞ്ചുലക്ഷ്മിയാണ് മറ്റൊരുശിഷ്യ. ആഴ്ചയില്‍ അഞ്ചുദിവസം മൂന്ന് മണിക്കൂര്‍ വീതമാണ് മാഷിന്റെ ക്ലാസ്.

1972ല്‍ മഹാരാജാസ് കോളേജില്‍ ബിഎ രണ്ടാംവര്‍ഷം ക്ലാസിലാണ് നാരായണന്‍ മാഷ് ആദ്യം അധ്യാപകനായത്. അന്നത്തെ ക്ലാസിലെ മിടുക്കനായ ശിഷ്യനാണ് ധനശാസ്ത്രവിദഗ്ധനും മുന്‍മന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്. മാര്‍ക്സിയന്‍ സാമ്പത്തികവീക്ഷണവും ഇന്ത്യന്‍ സാഹചര്യങ്ങളും വിലയിരുത്താന്‍ തോമസ് ഐസക്കിനെപ്പോലെ കഴിവുള്ളവര്‍ വിരളമായിരിക്കുമെന്ന് അന്നേ അറിയാമായിരുന്നുവെന്ന് നാരായണന്‍ മാഷ് പറയുന്നു. കാഞ്ഞിരപ്പള്ളി ഗവ. ഹൈസ്കൂള്‍ പ്രധാനാധ്യാപിക സി ജയശ്രീയാണ് ഭാര്യ. വിദ്യാര്‍ഥിയായ എന്‍ ജയശങ്കര്‍ ഏക മകന്‍.

Loading...

Leave a Reply

Your email address will not be published.

More News