Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:14 pm

Menu

Published on October 21, 2016 at 5:01 pm

ചൊവ്വയില്‍ ജീവൻ തേടി പോയ പേടകം ദുരൂഹമായി അപ്രത്യക്ഷമായി…!!

mars-lander-lost-signal-one-minute-before-landing-esa-confirms

ചൊവ്വയിൽ ജീവനുണ്ടോയെന്നു പരിശോധിക്കാൻ യുറോപ്യൻ സ്പേസ് ഏജൻസി(ഇഎസ്എ) അയച്ച പേടകത്തിലെ നിർണായക ഉപകരണം ലാൻഡിങ്ങിന് ഒരു മിനിറ്റു മുൻപ് അപ്രത്യക്ഷമായി.എക്സോമാർസ് 2016 എന്നു പേരിട്ട പേടകത്തിന്റെ ‘ലാൻഡറി’ന് ആണ് ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുന്നതിന്റെ ഒരുകിലോമീറ്റർ മുകളിൽ വച്ച് ഭൂമിയുമായുള്ള സിഗ്നൽ ബന്ധം നഷ്ടമായത്.ഇക്കഴിഞ്ഞ മാർച്ച് 14നാണ് ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടോയെന്നു കണ്ടെത്തുകയെന്ന ദൗത്യവുമായി എക്സോമാർസ് പദ്ധതിയിലെ ആദ്യപേടകം പുറപ്പെടുന്നത്. ആകെയുള്ള നാല് പരീക്ഷണ ഉപകരണങ്ങളിൽ രണ്ടെണ്ണം റഷ്യൻ റോസ്കോസ്മോസിന്റേതാണ്. ഏഴുമാസത്തോളമെടുത്ത് 49.6 കോടി കിലോമീറ്റർ സഞ്ചരിച്ച് പ്രതീക്ഷിച്ചതു പോലെത്തന്നെ ഒക്ടോബർ 19ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകം എത്തുകയും ചെയ്തു. തന്ത്രപ്രധാനമായ നീക്കത്തിലൂടെ ട്രെയ്സ് ഗ്യാസ് ഓർബിറ്ററിനെ വിന്യസിച്ചു. മൂന്നുദിവസം മുൻപ് ചൊവ്വയുടെ ഉപരിതലത്തിന് 100 കിലോമീറ്റർ മുകളിൽ വച്ച് ‘ഷിയാപറേലി’ ടിജിഒയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. 19ന് അത് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കടന്നു. ഉപരിതലത്തിന് 10 കിലോമീറ്റർ മുകളിൽ വച്ച് ലാൻഡറിന്റെ പാരച്യൂട്ട് വിടർന്നു. പിന്നെ 250 കെപിഎച്ച് വേഗതയിൽ താഴേക്ക്. അതിനിടെ ചെറുറോക്കറ്റുകൾ ജ്വലിപ്പിച്ച് വേഗത നാലു കെപിഎച്ചിലേക്ക് കുറച്ചു. ഉപരിതലത്തിന് തൊട്ടടുത്തെത്താറായപ്പോഴായിരുന്നു അത്.

നാസയുടെ ആഗോള ഡീപ് സ്പേസ് നെറ്റ്‌വർക്കിന്റെ ഭാഗമായ കാൻബറ ഡീപ് സ്പേസ് കമ്യൂണിക്കേഷൻ കോംപ്ലക്സ് ആയിരുന്നു ഏഴുമാസമായി എക്സോമാർസിനെ നിരീക്ഷിച്ചിരുന്നത്. മാഡ്രിഡിലെയും കലിഫോർണിയയിലെയും നെറ്റ്‌വർക് സ്റ്റേഷനുകളും സഹായത്തിനുണ്ടായിരുന്നു. പദ്ധതിയുടെ അവസാന 50 മിനിറ്റ് പക്ഷേ സ്പെയിനിലെ സ്റ്റേഷനുകൾക്ക് കൈമാറുകയായിരുന്നു. ലാൻഡ് ചെയ്യാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ സിഗ്നൽ വിച്ഛേദിക്കപ്പെട്ടു. ചെറുറോക്കറ്റുകൾ ജ്വലിപ്പിച്ചുള്ള ലാൻഡിങ്ങിന്റെ നിർണായകനിമിഷമായിരുന്നു ബന്ധം വിച്ഛേദിക്കപ്പെട്ടത്. ചൊവ്വ വരെയെത്തുമെങ്കിലും അവിടെ പേടകം ലാൻഡ് ചെയ്യിക്കുന്ന കാര്യത്തിൽ പലതവണയായി റഷ്യയും നാസയും പരാജയപ്പെടുന്നു. അതിനൊരു പരിഹാരം കാണുക കൂടിയായിരുന്നു ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. പക്ഷേ അതും തകർന്നിരിക്കുന്നു. സാങ്കേതിക തകരാറോ ചൊവ്വയിലെ ‘ദുരൂഹമായ’ കാലാവസ്ഥാ പ്രശ്നമോ ആകാം ഇതിനു കാരണമായത്. പാരച്യൂട്ടായിരിക്കാം പ്രശ്നമുണ്ടാക്കിയതെന്നും നിഗമനമുണ്ട്. വിചാരിച്ചതിലും നേരത്തേ ലാൻഡറിൽ നിന്ന് പാരച്യൂട്ട് ‘കൈവിട്ടു’ പോയെന്നാണു സൂചന. അതോടെ റോക്കറ്റുകളുടെ ജ്വലനസമയവും കുറഞ്ഞു. ഇറങ്ങും മുൻപേ റോക്കറ്റ് കത്തിത്തീർന്ന് ഷിയാപറേലി ഇടിച്ചിറങ്ങിയാതാകാമെന്നും ഇഎസ്എ പറയുന്നു. ലാൻഡ് ചെയ്താൽ പ്രവർത്തിക്കേണ്ട ആന്റിന പാരച്യൂട്ടിൽ തട്ടി ദിശമാറിയതാകാനാണു സാധ്യതയെന്നും ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ സ്റ്റേഷനിലേക്കും ചൊവ്വയുടെ തന്നെ ഭ്രമണപഥത്തിലുള്ള മാർസ് എക്സ്പ്രസ് എന്ന പേടകത്തിലേക്കും അയക്കേണ്ട സിഗ്നൽ അതോടെ ഗതിമാറിപ്പോയിട്ടുണ്ടാകണം. ഏതെങ്കിലും നിമിഷത്തില്‍ ആന്റിന ഇവയ്ക്കു നേരെ തിരിഞ്ഞാൽ അത് 140 കോടി ഡോളറിന്റെ ലോട്ടറിയടിച്ചതിനു തുല്യമായിരിക്കുമെന്നും ഗവേഷകർ പറയുന്നു.

ഷിയാപറേലിയുടെ അവസാനത്തെ റേഡിയോ സിഗ്നലുകൾ ലഭിച്ചത് പുണെയിലെ ജയന്റ് മീറ്റർവേവ് റേഡിയോ ടെലസ്കോപ്പിലും ചൊവ്വയെ 2003 മുതൽ ചുറ്റുന്ന മാർസ് എക്സ്പ്രസിലുമാണ്. ഇന്ത്യയിലേക്കു ലഭിച്ച റേഡിയോ സിഗ്നലുകൾ ഇഎസ്എ വിദഗ്ധർ വിശകലനം ചെയ്ത ശേഷമായിരിക്കും എന്താണ് സംഭവിച്ചിരിക്കുകയെന്നതിന്റെ കൃത്യമായി ചിത്രം ലഭിക്കുക. ലാൻഡർ താഴേക്കു പതിച്ച വേഗം, അന്തരീക്ഷമർദം, അന്തരീക്ഷത്തിലെ പ്രക്ഷുബ്ധത, ഷിയാപറേലിക്ക് നേരിടേണ്ടി വന്ന ചൂട് ഇതെല്ലാം ആ സിഗ്നലുകളിൽ നിന്നു വ്യക്തമാകും. ലാൻഡറിന്റെ ഹീറ്റ് ഷീൽഡിനാണോ തകരാറുണ്ടായിരുന്നതെന്നും അതുവഴി തിരിച്ചറിയാം. സുരക്ഷിതമായിട്ടാണ് ലാൻഡ് ചെയ്തിരിക്കുന്നതെങ്കിൽ മൂന്നു മുതൽ 10 ദിവസം വരെ പ്രവർത്തിക്കാനുള്ള ബാറ്ററിയും ബാക്കിയുണ്ട്. ആ സമയത്ത് കാറ്റിന്റെ വേഗം, ഗതി, അന്തരീക്ഷമർദം, അന്തരീക്ഷത്തിലെ ഇലക്ട്രിഫിക്കേഷൻ തോത് തുടങ്ങിയവയെല്ലാമായിരുന്നു പരിശോധിക്കേണ്ടിയിരുന്നത്. എന്നാൽ ആ പ്രതീക്ഷ നിലവില്‍ മങ്ങി. ഷിയാപറേലി ലാൻഡ് ചെയ്യുന്നയിടത്തിന്റെ ചിത്രം പകർത്താനും ഒരു ക്യാമറ ഉണ്ടായിരുന്നു. അതിൽ നിന്ന് സിഗ്നൽ നഷ്ടമാകുന്നതിന്റെ തൊട്ടു മുൻപു വരെ കിട്ടിയ ചിത്രങ്ങളും ഗവേഷകർ പരിശോധിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News