Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്നൗ:കൂട്ടമാനഭംഗത്തെക്കുറിച്ച് മുലായം സിംഗ് യാദവിന്റെ പരാമര്‍ശം വിവാദമാവുന്നു.4 പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്നത് പ്രായോഗികമല്ലെന്നായിരുന്നു മുലായം സിംഗിന്റെ പരാമര്‍ശം.
ഒരാൾ മാത്രം പ്രതിയാവുന്ന ബലാൽസംഗ കേസുകളുണ്ട്. എന്നാൽ, നാലു പേർ ചേർന്ന് ബലാൽസംഗം ചെയ്യുക എന്നതു പ്രായോഗികമല്ല.നിരപരാധികളെ കേസിൽ പെടുത്തി പീഡിപ്പിക്കുന്നതും ശരിയല്ല. ഇത് തങ്ങളുടെ പാര്‍ട്ടിക്കെതിരായ അപവാദ പ്രചരണത്തിന്റെ ഭാഗമാണെന്നും മുലായം സിങ് കുറ്റപ്പെടുത്തി. ഉത്തർപ്രദേശിനെ തെറ്റായ രീതിയിൽ കാണിക്കാനാണ് ശ്രമം. ബദായൂം കേസിൽ സംഭവിച്ചത് പീഡനമല്ലെന്ന് സിബിഐയും കണ്ടെത്തി, മുലായം കൂട്ടിച്ചേർത്തു.
അതേസമയം, മുലായത്തിന്റെ പ്രസ്താവനയ്ക്കെതിരെ സാമൂഹിക പ്രവർത്തകർ രംഗത്തെത്തി. ഇത്തരം കാര്യങ്ങളിൽ എങ്ങനെ മറുപടി പറയണമെന്നു മുലായത്തിന് അറിയില്ലെന്ന് സാമൂഹിക പ്രവർത്തക പ്രമീള നെസാർഗി പറഞ്ഞു. പുരുഷ മേധാവിത്വമുള്ള പാർട്ടിയുടെ നേതാവാണ് മുലായമെന്നും അതേസമീപനം വച്ചുപുലർത്തുന്ന സമൂഹത്തിലും സംസ്കാരത്തിലുമാണ് അയാളെന്നും ഇങ്ങനെയുള്ളവർ സ്ത്രീകൾ കള്ളമേ പറയൂ എന്നു ചിന്തിക്കുമെന്നും മറ്റൊരു സാമൂഹിക പ്രവർത്തക കവിത ശ്രീവാസ്തവ പറഞ്ഞു. വനിതകളുടെ അവസ്ഥ അറിയണമെങ്കിൽ സ്വന്തം കുടുംബത്തിലെ സ്ത്രീകളോടു ആത്മാർഥമായി സംസാരിക്കാൻ മുലായത്തെ ഉപദേശിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തർപ്രദേശിൽ മാനഭംഗങ്ങൾ കുറവാണ്. 21 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ പീഡനങ്ങൾ 2% മാത്രമാണ്. ആറ് കോടി ജനസംഖ്യയുള്ള മധ്യപ്രദേശിൽ ഇത് 9.8% ആണ്. രാജസ്ഥാനിൽ ഇത് 7% ആണ്, മുലായം വ്യക്തമാക്കി. നേരത്തെയും ഇതുപോലെ വിവാദമായ പ്രസ്താവന മുലായം നടത്തിയിട്ടുണ്ട്. ആൺകുട്ടികളാവുമ്പോൾ തെറ്റുകൾ ചെയ്യും എന്നായിരുന്നു ബലാത്സംഗ കേസിൽ വധശിക്ഷയെ എതിർത്ത് കഴിഞ്ഞ വർഷം മുലായം നടത്തിയ പ്രസ്താവന.
Leave a Reply