Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:54 am

Menu

Published on September 6, 2017 at 3:59 pm

അകാലനര അകറ്റാന്‍ ചില പൊടിക്കൈകള്‍

remedies-to-stop-premature-graying-of-hair

മുന്‍പൊക്കെ തലമുടി നരയ്ക്കുന്നത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഇന്ന് അമിതമായ ടെന്‍ഷനും പരിസര മലിനീകരണവും ഒപ്പം താളം തെറ്റിയ ജീവിത ശൈലികളും ചെറുപ്പക്കാരിലും നര വളര്‍ത്തുകയാണ്.

മുടിയിലെ മെലാനില്‍ എന്ന വസ്തുവിന്റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്കു കറുപ്പു നിറം നല്‍കുന്ന പദാര്‍ത്ഥം. ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ടു വഴികളല്ലാതെ ഈ പ്രശ്നത്തിനു സ്ഥായിയായൊരു പരിഹാരം കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല. ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്.

പാരമ്പര്യമായി ചെറുപ്രായത്തിലേ മുടി നരയ്ക്കാന്‍ ഇടയുള്ളവര്‍ മുന്‍കരുതലെടുക്കണം. രാസവസ്തുക്കള്‍ ഉള്ള ചായക്കൂട്ടുകള്‍ ഒഴിവാക്കുക. നാട്ടില്‍ സുലഭമായ പ്രകൃതിവസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാന്‍ ചില വഴികളുണ്ട്.

ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിക്ക് കറുപ്പു നിറം നല്‍കും. നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം നല്ലതാണ്.

ചെമ്പരത്തി താളിയാക്കി ആഴ്ചയില്‍ രണ്ട് ദിവസം തലകഴുകുന്നത് മുടിക്ക് കറുപ്പും കരുത്തും നല്‍കും.
കറ്റാര്‍വാഴ നീര് ശുദ്ധമായ വെളിച്ചെണ്ണയില്‍ കുറുക്കിയെടുത്ത് തലയില്‍ തേക്കുന്നത് നല്ലതാണ്.ഇത് മുടിക്ക് കൂടുതല്‍ കറുപ്പും തിളക്കവും നല്‍കും.

നരയെ തടയാനുള്ള ഹെയര്‍ പായ്ക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. നെല്ലിക്കാപ്പൊടി, ഹെന്ന എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് തലയോടിലും മുടിയിലും തേച്ചു പിടിപ്പിച്ച് കഴുകിക്കളയണം.

കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്. കട്ടന്‍ ചായ തണുപ്പിച്ച് മുടിയില്‍ തേച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച് മുടി കഴുകാം. ഇതുപയോഗിക്കുമ്പോള്‍ മുടിയില്‍ ഷാംപൂ തേയ്ക്കരുതെന്ന കാര്യം ഓര്‍ക്കുക.

കറിവേപ്പില അരച്ചു തലയില്‍ തേയ്ക്കുന്നതും മുടി നര ഒഴിവാക്കും. ഇവയിട്ടു കാച്ചിയ എണ്ണ തേയ്ക്കുന്നതും ഭക്ഷണരൂപത്തില്‍ ഇവ കഴിയ്ക്കുന്നതുമെല്ലാം നര ഒഴിവാക്കാനുള്ള വഴികളാണ്.

ഹെന്നയും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്. ആരോഗ്യമുള്ള മുടിക്ക് മാസത്തില്‍ രണ്ടുതവണയെങ്കിലും ഹെന്ന ഉപയോഗിക്കുക. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു.

നരച്ചമുടി കണ്ടുതുടങ്ങുമ്പോള്‍ തന്നെ ഹെയര്‍ ഡൈ ഉപയോഗിക്കുന്ന പ്രവണത നമുക്കുണ്ട്. ഇത് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതോടൊപ്പം മുടി ചകിരിപോലെയാക്കുകയും തിളക്കം നശിപ്പിക്കുകയും ചെയ്യുന്നു. ഹെന്നയില്‍ രാസവസ്തുക്കള്‍ ഒന്നും തന്നെ അടങ്ങിയിട്ടില്ല. മുടിയുടെ അറ്റം പിളരുക, മുടി കൊഴിയുക എന്നീ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.

ഇവ കൂടാതെ നര അകറ്റാന്‍ ഇരുമ്പ്, വിറ്റമിന്‍ എ, വിറ്റമിന്‍ ബി, മിനറല്‍സ് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. സിങ്ക്, കോപ്പര്‍ എന്നീ ഘടകങ്ങള്‍ മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണെന്ന് ഓര്‍ക്കുക.

എണ്ണയില്‍ വറത്തെടുക്കുന്നതും എരിവേറിയതുമായ ഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കണം. ചായ, കോഫി, ആല്‍ക്കഹോള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. വിറ്റമിന്‍ ബി 12 , വിറ്റമിന്‍ ബി 5 എന്നിവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുകയും ഒപ്പം വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം.

Loading...

Leave a Reply

Your email address will not be published.

More News