Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയാണ് മ്യാന്‍മറിലെ രോഹിന്‍ഗ്യന്‍ മുസ്ലീങ്ങളുടെ അവസ്ഥ.
നിലനില്‍പ്പിനും നിയമപരമായ അവകാശങ്ങള്‍ക്കുമായി രോഹിന്‍ഗ്യകള്‍ പോരാട്ടത്തിന്റെ പാതയിലാണ്. അടുത്തിടെയാണ് മ്യാന്‍മാര്‍ സൈന്യം രോഹിന്‍ഗ്യകള്‍ക്കെതിരെ സൈനിക നടപടി തുടങ്ങിയത്. ആരക്കന്‍ രോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി(ആര്‍സ)ക്കെതിരായ നടപടികളുടെ ഭാഗമായാണു മ്യാന്‍മര്‍ സൈന്യം സൈനിക നടപടി തുടങ്ങിയതെങ്കിലും വീടുകള്‍ കൂട്ടമായി കത്തിച്ചും ഗ്രാമീണരെ ഉപദ്രവിച്ചും സൈന്യം മുന്നേറിയതോടെ രോഹിന്‍ഗ്യകളുടെ ജീവിതം ദുരിതപൂര്‍ണമാകുകയായിരുന്നു.

സ്ത്രീകളെന്നോ കുട്ടികളെന്നോ നോക്കാതെ മ്യാന്‍മര്‍ സൈന്യം ഇവരെ കൂട്ടമായി കൊന്നൊടുക്കുകയാണ്. ഇതിനാല്‍ തന്നെ ജനിച്ച നാടും വീടും ഉപേക്ഷിച്ച് അയല്‍രാജ്യത്തിലേക്കു പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് അഭയാര്‍ഥികള്‍.
ഇപ്പോള്‍ ലോകത്തിനുമുന്നിലെ ദുരിതക്കാഴ്ചയാണ് രോഹിന്‍ഗ്യകള്‍. പ്രമുഖ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയുമൊക്കെ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. പക്ഷേ ദുരിതത്തിന്റെ നാളുകള്‍ നീളുന്നു. കഷ്ടപ്പാടിന്റെ ദിനരാത്രങ്ങള്‍ക്ക് അവസാനമില്ല.
മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തെ രോഹിന്‍ഗ്യകളുടെ ദുരിതങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അവര്‍ക്കു സ്വന്തമായി ഒരു സംസ്ഥാനമോ രാജ്യമോ ഇല്ല. മ്യാന്‍മറില്‍ മാത്രം 13 ലക്ഷത്തോളം രോഹിന്‍ഗ്യകള്‍ ഉണ്ടെന്നു കണക്കുകള്‍ പറയുന്നു.
ഏഷ്യയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നവരെക്കൂടി കൂട്ടുകയാണെങ്കില്‍ 15 ലക്ഷത്തോളം വരും അവരുടെ ജനസംഖ്യ. ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട ജനവിഭാഗമാണ് രോഹിന്‍ഗ്യകള്‍ എന്നു പറഞ്ഞത് ഐക്യരാഷ്ട്ര സംഘടനയാണ്.

കഴിഞ്ഞ മൂന്നു മാസമായി ദിവസേനയെന്നോണം നേരിടുന്ന ക്രൂരതകളെക്കുറിച്ച് മ്യാന്‍മറില്‍നിന്നു രക്ഷപ്പെട്ട് ഇപ്പോള്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ഹാമിദ ഖതൂം എന്ന യുവതി പറയുന്നതിങ്ങനെയാണ്.
രാത്രി സൈനികര്‍ വന്ന് കതുകളില്‍ മുട്ടും. സുന്ദരികളായ പെണ്‍കുട്ടികളെയാണ് അവര്‍ നോക്കുന്നത്. കിട്ടിയാല്‍ പുറത്തു കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗം ചെയ്യും. ഭാഗ്യമുണ്ടെങ്കില്‍ പിറ്റേന്ന് വഴിയോരത്ത് മൃതപ്രായരായി അവരെ കിട്ടും. മിക്കപേരും പൈശാചികമായി കഴുത്തറുത്ത് കൊല്ലപ്പെടുന്നു. ഇപ്പോഴും തങ്ങള്‍ക്കു വിശപ്പടക്കാനോ ദാഹം മാറ്റാനോ ആവശ്യത്തിനു ഭക്ഷണം കിട്ടുന്നില്ല. പക്ഷേ ജീവനില്‍ പേടിയില്ലാതെ ജീവിക്കാമല്ലോ. ബംഗ്ലാദേശിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ഹാമിദ പറയുന്നു.
Leave a Reply