Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:41 am

Menu

Published on May 2, 2013 at 6:41 am

ഇന്ത്യയിലേക്ക് ഒന്നര ലക്ഷം സീറ്റുകള്‍ വേണമെന്ന് ഗള്‍ഫ് വിമാന കമ്പനികള്‍

1-50-lakh-seats-sholuld-be-available-for-india-by-gulf-aircraft-companies

ദുബൈ: ഇന്ത്യയിലേക്ക് കൂടുതല്‍ പ്രതിവാര സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനികള്‍ രംഗത്ത്. യു.എ.ഇയിലെ എമിറേറ്റ്സ്, എയര്‍ അറേബ്യ എന്നിവക്ക് പുറമെ ഖത്തര്‍ എയര്‍വെയ്സും അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നു. സൗദി എയര്‍ലൈന്‍സും അധിക സീറ്റ് ആവശ്യപ്പെട്ടേക്കും. അതേസമയം, ടര്‍ക്കിഷ് എയര്‍ലൈന്‍സ് ദല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും കൂടുതല്‍ സര്‍വീസിന് അനുമതി തേടുന്നുണ്ട്.
ഗള്‍ഫിലെ വിമാന കമ്പനികളുടെ ഏതാണ്ട് 500 സര്‍വീസുകളാണ് ഓരോ ആഴ്ചയും ഇന്ത്യയിലേക്കുള്ളത്. എമിറേറ്റ്സ്-185, എയര്‍ അറേബ്യ-111, ഖത്തര്‍ എയര്‍വെയ്സ്-95, ഇത്തിഹാദ്-63 എന്നിങ്ങനെ സര്‍വീസുകളുണ്ട്.
യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സിന്‍െറ 24 ശതമാനം ഓഹരികള്‍ വാങ്ങിയതിന് പുറമെ അബൂദബിയില്‍നിന്ന് ഇന്ത്യയിലേക്ക് പ്രതിവാര സീറ്റുകള്‍ 50,000 ആക്കി വര്‍ധിപ്പിക്കാന്‍ ഇന്ത്യയും യു.എ.ഇയും ധാരണയിലെത്തുകയും ചെയ്തു. ഈ രണ്ട് നടപടികളിലൂടെയും ഇത്തിഹാദ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയ സാഹചര്യത്തിലാണ് അധിക സീറ്റുകള്‍ ആവശ്യപ്പെട്ട് ഇതര വിമാന കമ്പനികളും രംഗത്തുവന്നത്. ഇതോടെ ഇന്ത്യന്‍ സെക്ടറില്‍ മത്സരം മുറുകി.
അബൂദബിയില്‍നിന്ന് ഇന്ത്യയിലേക്ക് അനുവദിച്ച 50,000 സീറ്റുകളും ഇത്തിഹാദിനാണ് ലഭിക്കുക. ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മറ്റു വിമാന കമ്പനികള്‍ക്കുണ്ട്. മാത്രമല്ല, സീറ്റുവര്‍ധന വേണമെന്ന് ഇവര്‍ നേരത്തേ ആവശ്യപ്പെടുന്നുണ്ട്. എമിറേറ്റ്സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ് എന്നീ കമ്പനികള്‍ ഇന്ത്യയിലേക്ക് അധിക സീറ്റിന് ശക്തമായ സമ്മര്‍ദം ചെലുത്തുന്നതായി ആഗോള വ്യോമയാന കണ്‍സള്‍ട്ടിങ് ഏജന്‍സിയായ സെന്‍റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ (സി.എ.പി.എ) റിപോര്‍ട്ടിലും പറയുന്നു. പ്രത്യേകിച്ച് ഇന്ത്യയിലെ ‘ടയര്‍-2’ സിറ്റികളിലേക്കുള്ള സര്‍വീസിന്‍െറ കാര്യത്തില്‍ കടുത്ത മത്സരമുണ്ടാകും.
ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ യൂറോപിലെയും മറ്റും പല വിമാന കമ്പനികളും തകര്‍ന്നപ്പോള്‍, ബഹ്റൈന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ നില കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തത്. പ്രത്യേകിച്ച് ഇത്തിഹാദ്, എമിറേറ്റ്സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ്, സൗദി എയര്‍ലൈന്‍സ് എന്നിവ മികച്ച നേട്ടമുണ്ടാക്കി. അതിനാല്‍ ഇവര്‍ വന്‍ തോതില്‍ പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. വിവിധ കമ്പനികളുടെ ഓര്‍ഡര്‍ പ്രകാരം ഏതാണ്ട് 400 വിമാനങ്ങള്‍ വാങ്ങുന്നുണ്ട്. ഇതില്‍ 90 എണ്ണം വലിയ വിമാനങ്ങളാണ്. ഇവരുടെ പ്രധാന ലക്ഷ്യം ഇന്ത്യയാണ്. ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം എ-380 ഇന്ത്യന്‍ സര്‍വീസിന് ഉപയോഗിക്കാനും ഗള്‍ഫിലെ കമ്പനികള്‍ അനുമതി തേടുന്നു. നിലവില്‍ വിദേശ കമ്പനികളുടെ എ-380ന് ഇന്ത്യ അനുമതി നല്‍കുന്നില്ല.
ഈയിടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ രാജ്യാന്തര യാത്രക്കാരില്‍ 22 ശതമാനം പേരെയും കൊണ്ടുപോകുന്നത് എമിറേറ്റ്സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ് എന്നിവയാണ്. ഇതില്‍ 13.04 ശതമാനം എമിറേറ്റ്സിനാണ്. 2011-12ല്‍ കിങ്ഫിഷര്‍ ഒഴികെയുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ വിഹിതം 21 ശതമാനമാണ്.
ഇന്ത്യയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതില്‍ ഇന്ത്യന്‍ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് എമിറേറ്റ്സ്. 2011-12ല്‍ 4.532 ദശലക്ഷം പേരാണ് എമിറേറ്റ്സ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് പറന്നത്. ഇന്ത്യയിലെ 10 കേന്ദ്രങ്ങളിലേക്ക് ആഴ്ചയില്‍ 185 സര്‍വീസുകള്‍ ഇവര്‍ നടത്തുന്നു. 2011-12 വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യന്‍ വ്യോമയാന മേഖലയുടെ 13.04 ശതമാനമാണ് എമിറേറ്റ്സ് കൈയടക്കിയത്. 2011-12ല്‍ ഇന്ത്യന്‍ സര്‍വീസുകളിലൂടെ എമിറേറ്റ്സ് 7,083 ദശലക്ഷം ദിര്‍ഹം നേടി.

Loading...

Leave a Reply

Your email address will not be published.

More News