Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 5:17 pm

Menu

Published on January 16, 2018 at 4:53 pm

പൊലീസിന്റെ ചെയ്തികള്‍ ക്യാമറയില്‍ പകര്‍ത്താന്‍ പൊതുജനത്തിന് അവകാശമുണ്ടോ?

police-and-public-may-keep-audio-or-video-or-electronic-records

ഈ അടുത്തകാലത്തായി പൊലീസുകാരുടെ വിവിധ പ്രവൃത്തികള്‍ ചൂണ്ടിക്കാണിച്ച് പലരും ഫേസ്ബുക്ക് വീഡിയോകളും ലൈവ് വീഡിയോയും പോസ്റ്റ് ചെയ്യാറുണ്ട്.

സോഷ്യല്‍ മീഡിയ കരുത്താര്‍ജ്ജിച്ചതോടെ പൊലീസുകാരുടെ കൊള്ളരുതായ്മകള്‍ പലതും പൊതുജനങ്ങളും ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി. പലപ്പോഴും ഹെല്‍മറ്റ് വേട്ടയെന്നും പറഞ്ഞ് പൊലീസ് കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണ് പലരും പകര്‍ത്തി ഫേസ്ബുക്കിലും മറ്റും പങ്കുവെയ്ക്കുന്നത്.

സാധാരണ രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ, പ്രതിഷേധ പ്രകടനങ്ങളോ മാര്‍ച്ചോ ധര്‍ണയോ ഒക്കെ നടത്തുമ്പോള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസുകാര്‍ പകര്‍ത്തുന്നത് പലരും കണ്ടിട്ടില്ലേ. കൂടുതല്‍ നടപടികള്‍ക്ക് വേണ്ടിയാണിത്.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പൊലീസുകാരുടെ കൊള്ളരുതായ്മകളും പൊതുജനം ക്യാമറയില്‍ പകര്‍ത്തുന്നത്. ഫേസ്ബുക്ക് ലൈവാണ് പൊലീസിന്റെ അനീതിക്കെതിരെ മിക്കവാറും ഇതിനായി ഉപയോഗിക്കാറുള്ളത്.

പൊലീസിന്റെ സദാചാര നിയന്ത്രണങ്ങളും ചോദ്യം ചെയ്യലും വാഹന പരിശോധനയുമൊക്കെ ഇത്തരത്തില്‍ ഫേസ്ബുക്ക് ലൈവ് ആകാറുണ്ട്. എന്നാല്‍ മിക്കപ്പോഴും ഇത്തരത്തില്‍ വീഡിയോയോ ഓഡിയോയോ ജനങ്ങള്‍ പകര്‍ത്തുമ്പോള്‍ പൊലീസ് എതിര്‍ക്കാറുണ്ട്. പലപ്പോഴും ഫോണ്‍ പിടിച്ചെടുക്കാറുമുണ്ട്.

ഇതിനാല്‍ തന്നെ പൊലീസിന്റെ ഇത്തരം പ്രവൃത്തികള്‍ നിയമപ്രകാരം ക്യാമറയില്‍ പകര്‍ത്താനുള്ള അവകാശമുണ്ടോ എന്ന് പലര്‍ക്കും സംശയമുണ്ടാകും.

പൊലീസ് ആക്ട് 33 പ്രകാരം പൊലീസിനും പൊതുജനങ്ങള്‍ക്കും ഓഡിയോ, വീഡിയോ, അല്ലെങ്കില്‍ ഇലക്ട്രോണിക് റെക്കോര്‍ഡുകള്‍ സൂക്ഷിച്ചു വയ്ക്കാവുന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

പൊലീസിന് അവരുടെ കൃത്യനിര്‍വഹണത്തിനിടെ ഏതൊരു പ്രവൃത്തിയുടെയും ഓഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റെക്കോര്‍ഡുകള്‍ തയ്യാറാക്കി സൂക്ഷിക്കാവുന്നതും അങ്ങനെയുള്ളവ പൊലീസ് നടപടിയുടെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെടുന്ന ഏതൊരു നടപടിക്രമങ്ങളിലും ഉപയോഗപ്പെടുത്താവുന്നതുമാണെന്ന് പറയുന്നുണ്ട്.

അതേസമയം, ഇതിന്റെ ഉപവകുപ്പില്‍ പൊതുജനങ്ങളുടെ അവകാശത്തേക്കുറിച്ചും പറയുന്നുണ്ട്. ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ നടക്കുന്ന പൊലീസ് നടപടിയുടേയോ പ്രവര്‍ത്തനത്തിന്റെയോ ഓഡിയോ, വീഡിയോ, ഇലക്ട്രോണിക് റെക്കോര്‍ഡുകള്‍ പൊതുജനങ്ങളില്‍ ആരെങ്കിലും നിയമവിധേയമായി എടുക്കുന്നതിനെ ഒരു പൊലീസ് ഉദ്യോഗസ്ഥനും തടയാന്‍ പാടില്ലെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News