Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:11 pm

Menu

Published on March 8, 2019 at 4:51 pm

ആദ്യമായി ഫാത്തിമ സ്വന്തം കാലില്‍ എഴുന്നേറ്റുനിന്നു

asla-fathima-rare-disease

ഇന്ന് ഏറ്റവും സന്തോഷം നല്‍കിയ ഒരു ചിത്രമാണ് ഇതില്‍ വലതുഭാഗത്ത്. ഇടത് ഭാഗത്ത് വീല്‍ചെയറില്‍ ഇരിക്കുന്ന പെണ്‍കുട്ടി തന്നെയാണ് ആ ചിരിച്ചു കൊണ്ട് നില്‍ക്കുന്നത്. ജീവിതത്തില്‍ ആദ്യമായി സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദമാണ്‌ ഫാത്തിമ അസ്ല(Fathima Asla) യുടെ മുഖത്ത്.

കോട്ടയം ഹോമിയോ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ ഫാത്തിമയ്ക്ക് എല്ലുകള്‍ പൊടിഞ്ഞു പോകുന്ന രോഗമായിരുന്നു. ഒപ്പം നട്ടെല്ലിന്റെ വളവും. എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ കഴിയാത്ത ഈ പെണ്‍കുട്ടി വര്‍ഷങ്ങളായി വീല്‍ചെയറില്‍ ആണ് സഞ്ചരിക്കുന്നത്. രണ്ടു മാസം മുമ്പ് കോയമ്പത്തൂരില്‍ വെച്ചു നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഫാത്തിമയ്ക്ക് നില്‍ക്കാനും കുറേശ്ശയായി നടക്കാനും സാധ്യമായത്.

ഒരു ചെറിയ വീഴ്ചയില്‍ പോലും എല്ല് പൊട്ടുന്ന അവളുടെ ഇടതുകാലിന് മാത്രം അറുപതു തവണയില്‍ അധികം പൊട്ടലുണ്ടായിട്ടുണ്ട്. കഠിനമായ വേദനയും ദീര്‍ഘനാളത്തെ ചികിത്സകളും തളര്‍ത്തിയപ്പോഴും തളരാത്ത മനസ്സിന്റെ കരുത്താണ് പഠനത്തില്‍ മിടുക്കിയായ ഈ പെണ്‍കുട്ടിയെ മുന്നേറാന്‍ സഹായിച്ചത്.

മകളുടെ ചികിത്സയടക്കം സാമ്പത്തികമായി തളര്‍ന്നു പോയെങ്കിലും മക്കളെ അവരുടെ താല്പര്യം പോലെ പഠിപ്പിച്ച് ഉയരങ്ങളില്‍ എത്തിക്കണം എന്ന ഉപ്പയുടെയും ഉമ്മയുടെയും നിശ്ചയദാര്‍ഢ്യം, നിരുത്സാഹപ്പെടുത്താന്‍ ഏറെപ്പേരുണ്ടായിട്ടും ഫാത്തിമയെ പോലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി. ഫാം. പഠിക്കുന്ന അനുജനും തുണയായി.

കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തുള്ളൊരു വാടകവീട്ടില്‍ വെച്ച് നാലു വര്‍ഷം മുമ്പാണ്, ഉപ്പയും ഉമ്മയും അനുജനും അടങ്ങുന്ന കുടുംബത്തോടൊപ്പം ഫാത്തിമ അസ്ലയെ ആദ്യമായി കാണുന്നത്. ഏതു വേദനയിലും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന പ്രത്യാശ കൈവിടാത്ത ഈ പെണ്‍കുട്ടി ഒരത്ഭുതമാണ്. പഠനത്തിലുള്ള മികവ് മാത്രമല്ല നന്നായി എഴുതുകയും ചെയ്യുന്ന പാത്തുവിന്റെ വ്‌ലോഗ് Dream beyond infinity ക്ക് യൂട്യൂബില്‍ ധാരാളം പ്രേക്ഷകരുണ്ട്.

തളര്‍ത്താനും പിറകോട്ട് വലിക്കാനും ഒരുപാട് കാരണങ്ങള്‍ ഉണ്ടായിട്ടും ആത്മവിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നേറിയതിന്റെ നിറവാണ് ഫാത്തിമയുടെ മുഖത്തു കാണുന്ന ഈ ചിരി. അവളോടൊപ്പം നിന്ന വീട്ടുകാരും നന്മ നിറഞ്ഞ കുറെ മനുഷ്യരുമാണ് ഈ ചിരിയെ ഇത്രക്ക് പ്രകാശം നിറഞ്ഞതാക്കി തീര്‍ത്തത്.

ഈ മനോഹരമായ ചിരിയോടെ,തളരാത്ത മനസ്സിന്റെ കരുത്തോടെ ഇനിയും മുന്നേറുവാന്‍ പാത്തുവിന് സാധിക്കട്ടെ. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പരാതികളും പരിഭവങ്ങളുമായി ജീവിതത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്തിക്കളയുന്നവര്‍ തിരിച്ചറിയണം ഈ ചിരിയുടെ തിളക്കം.

Loading...

Leave a Reply

Your email address will not be published.

More News