Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 4:19 am

Menu

Published on December 10, 2018 at 2:43 pm

മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ പിറവികൊണ്ട ആ കുഞ്ഞു മാലാഖ

baby-born-after-the-first-ever-womb-transplant-from-a-dead-donor

മരിച്ച സ്ത്രീയില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആദ്യമായി കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ചരിത്രമായാണ് ലോകത്തില്‍ അടയാളപ്പെട്ടത്. കുഞ്ഞിന്റെ വിവരങ്ങള്‍ പുറത്തുവിട്ടെങ്കിലും ആ ചരിത്ര ദമ്പതികളുടെ വിവരങ്ങള്‍ ഇതുവരെ ലോകമറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഡെയ്‌ലി മെയിലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ അനുഭവകഥകള്‍ പങ്കുവെയ്ക്കുകയാണ് ആ ഭാഗ്യ ദമ്പതികളായ ഫാബിയാന അമോറിമും ഭര്‍ത്താവ് ക്ലോഡിയോ സാന്റോസും. അത്ഭുതമെന്നല്ലാതെ ഇവര്‍ക്ക് മറ്റൊരു വിശേഷണവുമില്ല ഒരു വയസ്സ് പ്രായമുള്ള തങ്ങളുടെ പെണ്‍ മാലാഖയ്ക്ക് നല്‍കാന്‍.

വിവാഹത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജന്മനാ ഗര്‍ഭപാത്രമില്ലാത്ത എം.ആര്‍.സി.എച്ച് എന്ന പ്രത്യേക ശാരീരികാവസ്ഥയാണ് തനിക്കുള്ളതെന്ന് ഫാബിയ തിരിച്ചറിഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആര്‍ത്തവമില്ലാതിരുന്നിട്ടും ഡോക്ടറെ സമീപിക്കാന്‍ തോന്നാതിരുന്ന നിമിഷത്തെ അന്ന് അവള്‍ ശപിച്ചു. ഇക്കാര്യം അറിയിച്ച് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ ക്ലോറിഡിനോട് ആവശ്യപ്പെട്ടെങ്കിലും തന്നോടൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്നായിരുന്നു ക്ലോറിഡിന്റെ മറുപടി. തുടര്‍ന്ന് 2012ല്‍ ഇരുവരും വിവാഹിതരായി.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുഞ്ഞില്ലാത്ത ദു:ഖം ഫാബിയയെ അലട്ടിക്കൊണ്ടിരുന്നു. പലതരം ചികിത്സകള്‍ ആലോചിച്ചുവെങ്കിലും ഒന്നും നടന്നില്ല. അങ്ങനെയിരിക്കെയാണ് ജീവിച്ചിരിക്കുന്ന സ്ത്രീയില്‍ നിന്നും മറ്റൊരു സ്ത്രീയിലേക്ക് ഗര്‍ഭപാത്രം മാറ്റിവെച്ച സംഭവം വാര്‍ത്തകളിലൂടെ അറിഞ്ഞത്. ഗര്‍ഭപാത്രം വെച്ചു പിടിപ്പിച്ചാല്‍ ഗര്‍ഭം ധരിക്കാമെന്ന സാധ്യതയിലായിരുന്നു പിന്നീടുള്ള പ്രതീക്ഷ. അങ്ങനെ നിരവധി അന്വേഷണങ്ങള്‍ക്കിടയിലാണ് സാവോ പോളോയിലെ ഒരു ആശുപത്രി ക്ലിനിക്കല്‍ പരീക്ഷണത്തിനായി ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീയെ തേടുന്നുവെന്ന വാര്‍ത്ത കണ്ടത്. 2016ലായിരുന്നു അത്.

‘ഞങ്ങളടക്കം പത്ത് ദമ്പതികളാണ് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ച് ആശുപത്രിയിലെത്തിയത്. നിരവധി പരിശോധനകള്‍ക്കൊടുവില്‍ മൂന്ന് ദമ്പതികളെ തിരഞ്ഞെടുത്തു. അതിലൊന്ന് ഞങ്ങളായിരുന്നു. ഗര്‍ഭപാത്രം മാറ്റി വെച്ചുപിടിപ്പിക്കുന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധിരൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഗര്‍ഭം ധരിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ എന്ത് പരീക്ഷണത്തിനും ഞാന്‍ തയ്യാറായിരുന്നു, ഫാബിയാന പറയുന്നു.

‘ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മരിച്ച ഒരാളുടെ ഗര്‍ഭപാത്രമാണ് എന്നിലുള്ളതെന്ന കാര്യം കേട്ടപ്പോള്‍ ആദ്യം അമ്പരപ്പാണ് തോന്നിയത്. അതേസമയം ഒരു ഗര്‍ഭപാത്രം എന്റെ ശരീരത്തിനുള്ളില്‍ ഉണ്ടെന്നതും അതിലൂടെ ഇനി കുഞ്ഞ് പിറക്കുമെന്ന സത്യവും മറ്റൊരു വൈകാരിക അനുഭവമാണ് സമ്മാനിച്ചത്.’

‘ശസ്ത്രക്രിയ കഴിഞ്ഞു, ഐവിഎഫിലൂടെ ഗര്‍ഭധാരണം നടന്നുവെങ്കിലും ഡോക്ടര്‍മാര്‍ ഏറെ ആശങ്കയോടെയാണ് എന്റെ ഓരോ ശാരീരിക മാറ്റവും നിരീക്ഷിച്ചത്. എന്നാല്‍ എനിക്ക് ആശങ്കയൊട്ടും ഉണ്ടായിരുന്നില്ല, പരീക്ഷണ കാലഘട്ടം കഴിഞ്ഞ് ഒരു കുഞ്ഞ് എന്റെ ഉദരത്തില്‍ ജന്മം കൊള്ളുമെന്നും പൂര്‍ണ ആരോഗ്യത്തോടെ ഞാന്‍ അതിനെ പ്രസവിക്കുമെന്നും എനിക്കുറപ്പായിരുന്നു- ഫാബിയാന പറയുന്നു.

‘ഫാബിയാനയുടെ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം എന്തിനും തയ്യാറാണെങ്കില്‍ മാത്രം മുന്നോട്ട് പോവാമെന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുന്‍പ് ദാസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ സംഘം പറഞ്ഞത്. കുഞ്ഞിനെ സ്വന്തം ഉദരത്തില്‍ ഗര്‍ഭം ധരിക്കണമെന്ന ഫാബിയയുടെ ആഗ്രഹം തീവ്രമായതുകൊണ്ട് മുന്നോട്ട് പോവാന്‍ തന്നെ തീരുമാനിച്ചു, എല്ലാ നല്ലത് പോലെ നടന്നു’ചരിത്രമാണെങ്കിലും അല്ലെങ്കിലും കുഞ്ഞെന്ന സ്വപ്‌നം സഫലമായതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ക്ലോഡിയസ് പറയുന്നു.

അങ്ങനെ പരീക്ഷണകാലഘട്ടം കടന്നു, ഐവിഎഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഫാബിയ ഗര്‍ഭിണിയാവുകയും എട്ടാം മാസം സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 2017 ഡിസംബര്‍ മാസത്തില്‍ ജനിച്ച കുഞ്ഞു ലൂസിയയ്ക്ക് ഒരു വയസ്സ് പൂര്‍ത്തിയാവാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ, താനൊരു ചരിത്ര ശിശുവാണെന്നറിയാതെ അമ്മയുടെ മടിയിലിരുന്ന് കുഞ്ഞു ലൂയിസ ലോകത്തെ നോക്കി ചിരിക്കുമ്പോള്‍ ഫാബിയാനയും ചിരിക്കുന്നുണ്ട് ചിരിക്കുന്നുണ്ട്. ഒരിക്കലും അമ്മയാന്‍ ഭാഗ്യം ലഭിക്കില്ലെന്ന സങ്കടം അതിന്റെ ആയിരമിരട്ടി സന്തോഷമായി മാറിയതിന്റെ ചിരി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News