Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 11:36 am

Menu

Published on April 3, 2015 at 3:41 pm

ഭക്ഷ്യവസ്‌തുക്കളിലെ മായം തിരിച്ചറിയാം…!

identifying-common-food-adulterants

നമ്മൾ അറിയാതെ തന്നെ ഓരോ ദിവസവും എത്രയധികം വിഷാംശമാണ്‌  നമ്മുടെ ശരീരത്തിലെത്തുന്നത്‌.പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന മായത്തെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌. വര്‍ഷങ്ങളായി നാം വിശ്വസിച്ച് വാങ്ങുന്ന ബ്രാന്‍ഡുകള്‍ പോലും ഉത്പന്നങ്ങളില്‍ മായവും മാരക രാസവസ്തുക്കളും അടങ്ങിയിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.  ചായം തേച്ചും മെഴുക് പുരട്ടി മിനുക്കിയും രാസവസ്തുക്കള്‍ ചേര്‍ത്ത് രുചി വര്‍ധിപ്പിച്ചും കൃത്രിമമായി പഴുപ്പിച്ചുമൊക്കെയാണ് പല ഭക്ഷ്യവസ്തുക്കളും നമ്മുടെ കണ്‍മുന്നിലെത്തുന്നത്.ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം പല മാരക രോഗങ്ങളും ഉണ്ടാകുന്നു.  ഭക്ഷണ പദാർത്ഥങ്ങളിലെ  മായം കണ്ടെത്താനുള്ള ചില  വിദ്യകളെ കുറിച്ചാണിവിടെ പറയുന്നത്.അവ എന്തൊക്കെയാണെന്ന് നോക്കാം…

അരി

വെളുത്ത അരി റെഡ്ഓക്‌സൈഡ് ചേര്‍ത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണത വ്യാപകമാണ്. മട്ടയ്ക്കും ചമ്പാവരിയ്ക്കുമൊക്കെ നിറം കൂട്ടാനും കളറുകള്‍ ചേര്‍ക്കാറുണ്ട്. ഭാരം വര്‍ധിപ്പിക്കാനായി ചേര്‍ക്കുന്ന പല വര്‍ണ്ണക്കല്ലുകളും മാര്‍ബിള്‍ കഷണങ്ങളുമൊക്കെയാണ് മറ്റൊരുകാര്യം . അരിയില്‍ ചേര്‍ക്കാന്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിര്‍മിച്ച് നല്‍കുന്ന സംഘങ്ങള്‍ പോലുമുണ്ട്. പഴകിയതും കേടുവന്നതുമായ അരി ചേര്‍ക്കുന്നതും വ്യാപകമാണ്. അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍ രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കാറുണ്ട്. തവിടും തവിടെണ്ണയും മിക്‌സ് ചെയ്ത് കളര്‍ നല്‍കാനായി അരിയില്‍ ചേര്‍ക്കുന്നതായും കാണുന്നു.അരി കഴുകുമ്പോള്‍ നിറം ഇളകുന്നുണ്ടെങ്കില്‍ മായം ചേര്‍ത്തതായി സംശയിക്കണം. വഴുവഴുപ്പ് തവിടെണ്ണ ചേര്‍ത്തതിന്റെ സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കുക.

rice

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ പഴകിയ എള്ളെണ്ണ, ലിക്വിഡ് പാരഫിന്‍, നിറം മാറ്റിയ കരി ഓയില്‍, പാം ഓയില്‍, പാം കെര്‍ണല്‍ ഓയില്‍, സോള്‍ വന്റ് ഓയില്‍ തുടങ്ങിയവയാണ് ചേർക്കാറുള്ളത് .നല്ലെണ്ണയിലെ പ്രധാന മായം തവിടെണ്ണയാണ്. വിപണിയില്‍ ലഭ്യമായ ഒട്ടുമിക്ക നല്ലെണ്ണയിലും വലിയ അളവില്‍ പഴകിയ നല്ലെണ്ണയും തവിടെണ്ണയും ചേരുന്നുണ്ട്. എണ്ണയ്ക്ക് മികച്ച നിറം ലഭിക്കാനും ശുദ്ധീകരിക്കാനും വേഗം കാറാതിരിക്കാനും രാസവസ്തുക്കളും ചേര്‍ക്കാറുണ്ട്.

vegitable oil

മുളക് പൊടി

മുളക് പൊടിയില്‍ ഓറഞ്ച് 2, സുഡാന്‍ റെഡ് എന്നീ കൃത്രിമ നിറങ്ങളും ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത് തുടങ്ങിയവയൊക്കെയുമാണ് വ്യാപകമായി ചേര്‍ക്കുന്നത്. നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചേര്‍ക്കുന്ന സുഡാന്‍ 1, 2, 3, 4, എന്നിവ എണ്ണയില്‍ അലിയുന്നതാണ്. ഇത് എളുപ്പം കണ്ടെത്താനാവില്ല. ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാന്‍ അനുവാദമില്ലാത്ത ഇത് കരള്‍- വൃക്കത്തകരാറുകളടക്കമുള്ള മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.അല്‍പം മുളക് പൊടി വെള്ളത്തിലിട്ട് നോക്കിയാല്‍ ഇഷ്ടികപ്പൊടിയുണ്ടെങ്കില്‍ താഴെ അടിയും.

chilli powder

ചായപ്പൊടി

നല്ല നിറവും സ്വാദും കടുപ്പമുള്ള ചായപ്പൊടിക്ക് സണ്‍സെറ്റ് യെല്ലോ, ടാര്‍ട്രാസിന്‍, കാര്‍മോയ്‌സിന്‍ തുടങ്ങിയ നിറങ്ങളാണ് ചേര്‍ക്കുന്നത്. ഇവ കരള്‍- വൃക്ക തകരാറുകള്‍ക്കിടയാക്കും. ഉപയോഗിച്ച തേയിലച്ചണ്ടി ഉണക്കിയും മോശമായ തേയില ഫാക്ടറികളില്‍ നിന്ന് ശേഖരിച്ചും എസ്സെന്‍സും രാസവസ്തുക്കളും ചേർക്കാറുണ്ട്. അതേസമയം കാപ്പിപ്പൊടിയില്‍ ചിക്കറി എന്ന സസ്യത്തിന്റെ വേര്, പുളിങ്കുരു, ഈത്തപ്പഴക്കുരു എന്നിവ പൊടിച്ചതാണ് ചേര്‍ക്കുന്നത്. ഇവ വയറിളക്കം, ആമാശയ പ്രശ്‌നങ്ങള്‍, സന്ധിവേദന തുടങ്ങിവയ്ക്കിടയാക്കും.അല്‍പം ചായപ്പൊടി നനഞ്ഞ പേപ്പറില്‍ ഇട്ടുനോക്കുക. കളര്‍ പരന്നാല്‍ മായം തീര്‍ച്ചപ്പെടുത്താം. അല്‍പം വെള്ളത്തില്‍ ഇട്ടുനോക്കിയാലും കൃത്രിമ നിറങ്ങള്‍ കണ്ടെത്താനാവും. കുറഞ്ഞ വിലയ്ക്ക് വീട്ടില്‍ ചായപ്പൊടിയുമായെത്തുന്നവരില്‍ നിന്ന് തേയില വാങ്ങാതിരിക്കുക. ഇത്തരം തേയിലയില്‍ അധികവും മായം കലര്‍ന്നിരിക്കും. കാപ്പിപ്പൊടി വെള്ളത്തിലിട്ട് നോക്കിയാല്‍ ചിക്കറിയുണ്ടെങ്കില്‍ അത് ഉടന്‍ താഴെ അടിയും.

tea  powder

നെയ്യ്

എരുമപ്പാലില്‍ നിന്ന് ലഭിക്കുന്ന വെണ്ണയും മൃഗക്കൊഴുപ്പുമാണ് ബട്ടര്‍ യെല്ലോ എന്ന നിറം ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ ചേര്‍ക്കുന്നത്.വിലക്കുറവുള്ളതിനാല്‍ വനസ്പതിയും ധാരാളം ചേര്‍ക്കാറുണ്ട്.

ghee

കടുക്/കുരുമുളക്

കടുകില്‍ ആര്‍ജിമോണ്‍ വിത്തുകളാണ് ചേര്‍ക്കുന്നത്. ഇതൊരു പടുവിളയുടെ വിത്താണ്. കടുകിനോട് രൂപ സാദൃശ്യമുള്ളതാണിത്. എപ്പിഡെമിക് ഡ്രോപ്‌സി, ഗ്ലൂക്കോമ എന്നീ അസുഖങ്ങള്‍ക്ക് ഇത് കാരണമാകും. കുരുമുളകില്‍ പപ്പായക്കുരു ഉണക്കിയാണ് ചേര്‍ക്കുന്നത്. പപ്പായക്കുരു കരള്‍, ദഹനപ്രശ്‌നങ്ങള്‍ക്കിടയാക്കും.ആര്‍ജിമോണ്‍ വിത്തുകള്‍ പൊടിച്ചോ ചതച്ചോ നോക്കിയാല്‍ ഉള്ളില്‍ വെളുത്തിരിക്കും. പുറം പരുക്കനുമായിരിക്കും. എന്നാല്‍ കടുകിന്റെ ഉള്‍ഭാഗത്തിന് മഞ്ഞനിറവും പുറം മിനുത്തതും ആയിരിക്കും.

IDENTIFYING-COMMON-FOOD-ADULTERANTS

മത്സ്യം

മത്സ്യം കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മലിനും അമോണിയയുമാണ് . പഴകിയ മല്‍സ്യം അപ്പോള്‍ ഫ്രഷ് ആയി തോന്നിക്കും. മോര്‍ച്ചറിയിലും ലാബിലുമൊക്കെ ജൈവ ശരീരഭാഗങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഇത്തരം മല്‍സ്യം കഴിച്ചാല്‍ വയറിളക്കം, ചര്‍ദ്ദി തുടങ്ങിയവ ഉണ്ടാകും.നിറവ്യത്യാസവും രൂക്ഷഗന്ധവുമുള്ള മല്‍സ്യം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. മത്തിയൊഴികെ വയറ് പൊട്ടിയ മല്‍സ്യം വാങ്ങരുത്. മല്‍സ്യത്തിന്റെ പുറത്ത് വിരലുകൊണ്ട് അമര്‍ത്തി നോക്കുക. ഉടനെ പൂര്‍വ സ്ഥിതിയിലായാല്‍ ഫ്രഷ് ആണെന്ന് ഉറപ്പിക്കാം. ചെകിളപ്പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറമുള്ള മല്‍സ്യം നോക്കി വാങ്ങുക.

fish

ധാന്യപ്പൊടി

ഇഡ്ഡലിപ്പൊടി, അരിപ്പൊടി, ഗോതമ്പ് പൊടി തുടങ്ങിയവയില്‍ കേടാകാതിരിക്കാനുള്ള പ്രിസര്‍വേറ്റീവുകള്‍, സോഡാപ്പൊടി, ആലം, കപ്പപ്പൊടി, ചോക്ക് പൊടി തുടങ്ങിയവയൊക്കെ ചേര്‍ക്കുന്നു. മീഥൈല്‍ പാരബെന്‍, ബെന്‍സോയിക് ആസിഡ്, സോഡിയം ബെന്‍സോയേറ്റ് തുടങ്ങിയ വിവിധ നൈട്രേറ്റുകളാണ് അണുക്കളില്‍ നിന്ന് സംരക്ഷണം നല്‍കാനായി ചേര്‍ക്കുന്നത്. സള്‍ഫേറ്റ് ഓഫ് കോപ്പറാണ് ബ്രഡ്ഡില്‍ സാധാരണ ചേര്‍ക്കുന്നത്. എലിക്കാഷ്ഠവും ചെളിയും പൂപ്പലുമൊക്കെ അടങ്ങിയ അരി, മില്ലുകളില്‍ നിന്ന് പിടിച്ചെടുത്ത വാര്‍ത്തകളും നാം ദിവസേന വായിക്കാറുണ്ട്. ശരിയായി വൃത്തിയാക്കാതെയാണ് പലയിടത്തും ധാന്യങ്ങള്‍ പൊടിക്കുന്നതും സൂക്ഷിക്കുന്നതും.

grains

മഞ്ഞള്‍പ്പൊടി/മല്ലിപ്പൊടി

മഞ്ഞളില്‍ നിറവും തൂക്കവും കൂട്ടാനായി ലെഡ്‌ക്രോമേറ്റും ചോളപ്പൊടിയുമൊക്കെ ചേര്‍ക്കാറുണ്ട്. മല്ലിപ്പൊടിയില്‍ അറക്കപ്പൊടിയും ചാണകപ്പൊടിയും എസന്‍സ് നീക്കിയ മല്ലി പൊടിച്ചുമാണ് ചേര്‍ക്കുന്നത്. സാമ്പാര്‍പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ തവിട് പൊടിച്ചതും നിറം ചേര്‍ത്ത സ്റ്റാര്‍ച്ചും ചേര്‍ക്കുന്നതായും കാണുന്നു.മഞ്ഞളിലെയും മല്ലിപ്പൊടിയിലെയും മായം വീട്ടില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മല്ലിയും മഞ്ഞളുമൊക്കെ വീട്ടില്‍ വാങ്ങി പൊടിച്ച് ഉപയോഗിക്കുകയാവും നല്ലത്. മല്ലിപ്പൊടി അല്‍പം വെള്ളത്തിലിട്ട് നോക്കുക. ചാണകപ്പൊടി ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ദുര്‍ഗന്ധവുമുണ്ടാകും.

IDENTIFYING-COMMON-FOOD-ADULTERANTS

ഉപ്പ്

ഉപ്പ് കട്ടപിടിക്കാതിരിക്കാനായി ചേര്‍ക്കുന്ന ആന്റി കേയ്ക്കിങ് ഏജന്റ്‌സാണ് പായക്കറ്റ് പൊടിയുപ്പിലെ പ്രധാന ഭീഷണി. ഇതിനായി സോഡിയം സിലിക്കേറ്റ് അടങ്ങിയ ചില്ല് പൊടിയോ പൂഴിപ്പൊടിയോ ആണ് ചേര്‍ക്കുന്നത്. ഇത്തരം ഉപ്പ് പതിവായി കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. പായക്കറ്റ് ഉപ്പുപൊടിയില്‍ ക്രിസ്റ്റല്‍ മോഡിഫയറുകളും ചേര്‍ക്കാറുണ്ട്.

salt

ബേക്കറി പലഹാരങ്ങള്‍

ബേക്കറി പലഹാരങ്ങളില്‍ നിറവും മധുരവും രുചിയുമൊക്കെ വര്‍ധിപ്പിക്കാനായി അനാരോഗ്യകരമായ രാസവസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അനുവാദമുള്ള നിറങ്ങള്‍ പരിധിയില്‍ കവിഞ്ഞും ഉപയോഗിക്കുന്നുണ്ട്. മഞ്ഞനിറത്തിന് ടെട്രസീന്‍, ബട്ടര്‍ യെല്ലോ, മെറ്റനില്‍ യെല്ലോ തുടങ്ങിയ നിറങ്ങളാണ് ചേര്‍ക്കുന്നത്. ലഡുവിലും ജിലേബിയിലുമൊക്കെ ലെഡ് ക്രോമേറ്റ്, സുഡാന്‍ തുടങ്ങിയ മാരകരാസവസ്തുക്കളും ചേര്‍ക്കാറുണ്ട്. മധുരത്തിന് സാക്കറിന്‍, അസ്പാര്‍ട്ടം തുടങ്ങിയ കൃത്രിമ മധുരവും ചേര്‍ക്കുന്നു. മിഠായിയിലും കേക്കിലുമൊക്കെ കയറിലും വസ്ത്രങ്ങളിലും ഒക്കെ അടിക്കുന്ന റോഡമിന്‍ ബി എന്ന ഭക്ഷ്യയോഗ്യമല്ലാത്ത ചായമാണ് ചേര്‍ക്കുന്നത്. കഴിച്ചാല്‍ നാവ് ചുവക്കുന്ന മിഠായികള്‍ ഇത്തരത്തിലുള്ളതാണ്.

bakery food

പരിപ്പ്

തുവരപ്പരിപ്പിലും മസൂര്‍ പരിപ്പിലും ചെറുപയര്‍ പരിപ്പിലും ടാട്രസിന്‍, ഓറഞ്ച് 2, മെറ്റാനില്‍ യെല്ലോ എന്നീ അനുവദനീയമല്ലാത്ത നിറങ്ങളാണ് ചേര്‍ക്കുന്നത്. ഇവ കരള്‍-വൃക്ക പ്രശ്‌നങ്ങള്‍ക്കിടയാക്കാം. ഉഴുന്ന് പരിപ്പില്‍ പഴക്കം മറയ്ക്കാനായി മഗ്നീഷ്യം കലര്‍ന്ന ടാല്‍ക്കാണ് ചേര്‍ക്കുന്നത്. മുഖത്തിടുന്ന പൗഡറിന്റെ ഘടകമാണ് ടാല്‍ക്ക്. കല്ല്, മാര്‍ബിള്‍ ചിപ്പുകള്‍ തുടങ്ങിയവയും പരിപ്പില്‍ ചേര്‍ക്കാറുണ്ട്. മുമ്പ് പരിപ്പില്‍ പരിപ്പ് പോലെ തന്നെ തോന്നിക്കുന്ന കേസരിപ്പരിപ്പ് ചേര്‍ത്തിരുന്നു. ഇത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. വിഷകരമായ കേസരിപ്പരിപ്പ് പെരുമുട്ട് വാതത്തിന് ഇടയാക്കും. മെറ്റാനില്‍ യെല്ലോ അര്‍ബുദകാരിയാണ്.

FOOD ADULTERANTS1

പാല്‍

കൊഴുപ്പ് കൂട്ടാനായി പാല്‍പ്പൊടി, ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച്, സോപ്പ് പൊടി, വനസ്പതി, പാല്‍ കേടാകാതിരിക്കാന്‍ യൂറിയ, അളവ് കൂട്ടാന്‍ വെള്ളം തുടങ്ങിയ പല വസ്തുക്കളാണ് ചേര്‍ക്കുന്നത്. പാലിലെ അമ്ലത കുറയ്ക്കാനായി സോഡിയം ബൈകാര്‍ബണേറ്റ്, സോഡിയം കാര്‍ബണേറ്റ് തുടങ്ങിയ ന്യൂട്രിലൈസറുകളും ചേര്‍ക്കുന്നു. കൃത്യമായി പാസ്ച്വറൈസ് ചെയ്യാത്തതിനാലും മലിനമായ വെള്ളം ചേര്‍ക്കുന്നതിനാലും സ്വകാര്യ ഡയറികളുടെ പാലില്‍ ധാരാളം രോഗകാരികളായ അണുക്കളും ഉണ്ടാകും. പാല്‍പ്പൊടിയില്‍ ഡെക്‌സ്ട്രിന്‍ പൗഡറോ സെലുബിള്‍ സ്റ്റാര്‍ച്ചോ ആണ് ചേര്‍ക്കുന്നത്.

FOOD ADULTERANTS

പാനീയങ്ങള്‍

പഴച്ചാറുകളിലും ശീതള പാനീയങ്ങളിലും കാഡ്മിയമാണ് ചേര്‍ന്നുകാണുന്നത്. കാഡ്മിയം പ്‌ളേറ്റ് ചെയ്ത പായ്ക്കറ്റുകളില്‍ നിന്നും കാഡ്മിയം കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതുകൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. ഇത്തായ് ഇത്തായ് രോഗം, അമിതമായ ഉമിനീര്‍, ഗ്യാസ്‌ട്രൈറ്റിസ്, കരള്‍-വൃക്കത്തകരാറുകള്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങിയവയ്‌ക്കൊക്കെ കാഡ്മിയം കാരണമാകും. കീടനാശിനികളും പാനീയങ്ങളില്‍ ചേര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.പായ്ക്ക് ചെയ്ത് വരുന്ന ശീതളപാനീയങ്ങളും പഴച്ചാറുകളും പരമാവധി ഒഴിവാക്കുക. അവയില്‍ ധാരാളം പ്രിസര്‍വേറ്റീവുകളും ഫ്ലേവറുകളും അടങ്ങിയിരിക്കും.

drinks

പഞ്ചസാര

പഞ്ചസാരയിൽ യുറിയ, ചോക്ക് പൌഡർ തുടങ്ങിയവ കലർത്തുകയാണ് ചെയ്യുന്നത്.ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളത്തിൽ കലർത്തി നോക്കിയാൽ ചോക്ക് പൌഡർ അടിയിൽ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാകുന്നതായും.

suger

Loading...

Comments are closed.

More News