Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ : അനാഥകളായ മൂന്ന് പെണ്‍കുട്ടികളെ തെന്നിന്ത്യന്‍ സിനിമാ താരം അമലാപോള്‍ ദത്തെടുക്കുന്നു. ആലുവ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന അഞ്ജന, കീര്‍ത്തന, അര്‍ച്ചന എന്നീ കുട്ടികളെയാണ് നടി സംരക്ഷിക്കാനൊരുങ്ങുന്നത്. കുട്ടികളുടെ അമ്മ ഒരു വര്‍ഷം മുമ്പ് അകന്ന ബന്ധത്തില്‍പ്പെട്ട മറ്റൊരാളുമായി ഒളിച്ചോടിപ്പോയി. എന്നിട്ടും മനസ് തളരാതെ ചങ്കുറപ്പോടെ മക്കളെ സംരക്ഷിച്ച പിതാവ് ആലുവ ഊമന്‍കുഴിത്തടം മുണ്ടപ്പിള്ളി വീട്ടില്‍ ഗിരീഷിനെ മരണവും തട്ടിയെടുത്തു. കഴിഞ്ഞ വര്‍ഷം തിരുവോണ നാളിലായിരുന്നു ഗിരീഷ് മരണത്തിന് കീഴടങ്ങിയത്. ട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഗിരീഷ് വാര്‍ക്ക മുകളില്‍ നിന്നും തലയടിച്ച് വീണാണ് അപകടത്തില്‍പ്പെട്ടത്. പിന്നീട് പ്രായമായ മുത്തശ്ശി ഓമന കൂലിവേലയെടുത്താണ് ഈ മൂന്ന് പേരെയും വളർത്തിയിരുന്നത്. കുട്ടികളുടെ ഈ അവസ്ഥ അമല പോളിനെ അറിയിച്ചത് ആലുവയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തക എ.ടി. സിനിമോള്‍ ആണ്. ഏഷ്യാനെറ്റില്‍ ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടിയില്‍ പങ്കെടുത്ത അമലാപോളിന് ലഭിച്ച സമ്മാനത്തുക ബുധനാഴ്ച ആലുവ ജില്ലാ ആസ്പത്രിയിലെ ഹീമോഫീലിയ രോഗികള്‍ക്കും, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും കൈമാറും. ഈ ചടങ്ങില്‍ വെച്ച് കുട്ടികളെ ദത്തെടുക്കുന്ന വിവരം പ്രഖ്യാപിക്കും. 2.25 ലക്ഷം രൂപയുടെ സഹായമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്. ഇതിന് മുമ്പും അമലാപോള്‍ ആലുവ മേഖലയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഗുഡ് വിൽ അംബസഡർ കൂടിയാണ് അമലപോൾ.