Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം:കോട്ടയം ജില്ലയിലെ പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഉത്തർ പ്രദേശ് സ്വദേശി നരേന്ദ്രകുമാറിനെ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്ന് കേരള പൊലീസ് പിടികൂടി. ഫിറോസാബാദ് നഗരപ്രാന്തത്തിലെ ചേരിയിൽ താമസിക്കുന്ന കൈലാസ് ചന്ദ്രയുടെ മകൻ നരേന്ദ്രകുമാർ (26 ) ആണ് പിടിയിലായത്. കോട്ടയം പാറമ്പുഴ തുരുത്തേൽപ്പടി മൂലേപ്പറമ്പിൽ എം.കെ. ലാലസൺ (72), ഭാര്യ പ്രസന്ന (53), മകൻ പ്രവീൺലാൽ (28) എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ ഉടമസ്ഥതയിൽ വീടിനോട് ചേർന്ന് നടത്തുന്ന ഡ്രൈക്ലീനിംഗ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ജയ്സിംഗ് എന്ന പേരിൽ ആൾമാറാട്ടം നടത്തിയെത്തിയ നരേന്ദ്രകുമാർ.
കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി, വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നെത്തിയ അന്വേഷണ സംഘം ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയുടെ താവളം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ചേരിയിലെ വീട് വളഞ്ഞ പൊലീസിന് പ്രതിയെ കണ്ടെത്താനായില്ല.എന്നാൽ അവിടെ നിന്നും കണ്ടെത്തിയ ബാഗിൽ നിന്ന് കൊല്ലപ്പെട്ട പ്രവീൺലാലിന്റെ മൊബൈൽഫോൺ കണ്ടെടുക്കാനായത് അന്വേഷണത്തിൽ വഴിത്തിരിവായി. ഉച്ചയോടെ മറ്റൊരു ഒളിത്താവളത്തിൽ നിന്ന് പ്രതിയെയും പോലീസ് കണ്ടെത്തി.
ചൊവ്വാഴ്ച വീട്ടിലെത്തിയ നരേന്ദ്രകുമാർ ഒരു ദിവസം അവിടെ താമസിച്ചശേഷം ബാഗ് വീട്ടിൽ വച്ച് മുങ്ങുകയായിരുന്നു. കസ്റ്റഡിയിലായ പ്രതിയെ ഫിറോസാബാദ് കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് വൈകിട്ടോടെ കോട്ടയത്ത് എത്തിക്കും. വിവിധ പേരുകളിൽ നിരവധി തിരിച്ചറിയൽ കാർഡുകൾ കൈവശമുള്ള ഇയാൾ കൊടും കുറ്റവാളിയാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കൊലപാതകത്തിനു ശേഷം നാടുവിട്ട ഇയാളെക്കുറിച്ച് പൊലീസ് തയ്യാറാക്കിയ രേഖാചിത്രമല്ലാതെ മറ്റൊരു തെളിവും അവശേഷിച്ചിരുന്നില്ല. തിരിച്ചറിയൽ കാർഡും കൈയക്ഷരം തിരിച്ചറിയാതിരിക്കാൻ കടയിലെ രജിസ്റ്ററും ഇയാൾ മാറ്റിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണെന്ന് സൂചന കിട്ടിയെങ്കിലും പേര് വ്യാജമാണെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിച്ചത്. രേഖാചിത്രം വച്ച് കണ്ടെത്തിയത്മ
റ്റൊരാളെയായിരുന്നു.
കൊല്ലപ്പെട്ട പ്രസന്നയുടെ മൊബൈൽ ഫോൺ ഇയാൾ എടുത്തിരുന്നു. ഈ ഫോൺ കന്യാകുമാരി-മുംബയ് ജയന്തി ജനത എക്സ്പ്രസിലുള്ളതായി ടവർ ലൊക്കേഷനിൽ സൂചന ലഭിച്ചു. പ്രതി ജയന്തി ജനതയിലുണ്ടെന്ന നിഗമനത്തിൽ പൊലീസ് സംഘം ഇയാളെ തിരിച്ചറിയാൻ കഴിയുന്ന ഒരാളുമായി തിരുവല്ലയിൽ വച്ച് ട്രെയിൻ അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല.
പ്രവീൺലാലിനെ അടുത്തറിയാവുന്ന മൂന്നു യു.പി സ്വദേശികളെയും അവരുമായി ബന്ധമുള്ള മറ്റു രണ്ടുപേരെയും ചോദ്യംചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളും മൊബൈൽ ഫോൺ സിഗ്നലുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണവുമാണ് പ്രതിയുടെ താവളം കണ്ടെത്താൻ സഹായകരമായത്. കൊലപാതകം നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ സാധിച്ചത് കേരള പൊലീസിന് മികവായി.
Leave a Reply