Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോൽക്കത്ത : സാധാരണ ഒരു മനുഷ്യന് ലഭിക്കുന്ന പരിഗണനകളൊന്നും ഇന്നും നമ്മുടെ സമൂഹത്തിൽ മൂന്നാംലിംഗക്കാർക്ക് ലഭിക്കാറില്ല. എവിടെയും അപമാനവും വിവേചനവും മാത്രം. എന്നാൽ ഈ അവസ്ഥയ്ക്ക് ചെറിയ തോതിലെങ്കിലും മാറ്റം വന്ന് തുടങ്ങിയിരിക്കുന്നു . ഇന്ത്യയിൽ ആദ്യമായി മൂന്നാംലിംഗത്തിൽ നിന്ന് ഒരു കോളെജ് പ്രിൻസിപ്പൽ വരുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ ആദ്യമായിട്ടാകും മൂന്നാംലിംഗക്കാരിൽ നിന്ന് ഒരാൾ കോളെജ് പ്രിൻസിപ്പലാകുന്നത്. മനാബി ബന്ദോപാധ്യായ് ആണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ വനിത കോളെജിലെ പ്രിൻസിപ്പൽ ആയാണ് മനാബി എത്തുന്നത്. ജൂൺ 9ന് മനാബി ചുമതലയേൽക്കും. നിലവിൽ വിവേകാനന്ദ ശതോബർഷികി മഹാവിദ്യാലയയിൽ അസോസിയേറ്റ് പ്രൊഫസറാണ് മനാബി.
കോളെജ് സർവീസ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസമന്ത്രി പർത ചാറ്റർജി പറഞ്ഞു. ഈ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന ഒരു പ്രിൻസിപ്പലിനെയാണ് കോളെജിന് ആവശ്യമുണ്ടായിരുന്നതെന്നും മനാബിയിലൂടെ അത് സാധ്യമായെന്നും കോളെജ് ഗവേണിങ് ബോഡി ചെയർമാൻ ഉജ്വൽ ബിസ്വാസ് പറഞ്ഞു.
ശക്തമായ തീരുമാനങ്ങളെടുക്കാൻ തക്ക കരുത്തുള്ള വ്യക്തിയാണ് മനാബി. നിരവധി പ്രതിസന്ധികൾ നേരിട്ടാണ് മനാബി ഇന്നു കാണുന്ന നിലയിലെത്തിയത്. സ്വതന്ത്ര ചിന്താഗതിയുള്ള വ്യക്തി കൂടിയാണ് മനാബി. സഹപ്രവർത്തകർക്കിടയിൽ മികച്ച കമാൻഡിങ് പവർ ഉള്ളതാണ് മനാബിയുടെ ഏറ്റവും മികച്ച പ്രത്യേകത.
കോളെജിൽ ആദ്യമായാണ് ഇത്തരത്തിലൊരു വ്യക്തിയെ പ്രിൻസിപ്പലായി ലഭിക്കുന്നതെന്ന് അസിസ്റ്റന്റ് പ്രൊഫസർ പ്രകാശ് മൻഡൽ പറഞ്ഞു.
മനാബി സെലിബ്രിറ്റിയാണെന്നും അവരെ പ്രൊഫസറായി ലഭിച്ചത് അഭിമാനകരമാണെന്നുമാണ് വിദ്യാർഥിനികളുടെ അഭിപ്രായം. മൂന്നാംലിംഗക്കാർക്കിടയിൽ പ്രചോദനമാണ് മനാബി എന്നാണ് സൃഹൃത്ത് ജ്യോതി പറയുന്നത്.
നിരവധി പ്രശ്നങ്ങളാണ് ഇപ്പോൾ ഉള്ളത്. ഈ അവസ്ഥയെ മാനസിക പ്രശ്നമായാണ് പലരും കാണുന്നത്. മൂന്നാംലിംഗക്കാരനായതിനെ തുടർന്ന് മാതാപിതാക്കൾ മാനസിക രോഗ വിദഗ്ധനെ കാണിച്ചതിൽ മനംനൊന്ത് ബർദ്വാനിൽ ഒരാൾ ആത്മഹത്യ ചെയ്തിരുന്നു- മനാബി പറയുന്നു.
എഴുത്തുകാരിയും കവിയും കൂടിയാണ് മനാബി. 2003ലാണ് മനാബി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ബംഗാളിൽ നിന്നുള്ള മൂന്നാംലിംഗക്കാർക്കായി മനാബി ഒരു ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. അവരുടെ മാഗസീനിന്റെ എഡിറ്റർ കൂടിയാണ് മനാബി. ബെസ്റ്റ് സെല്ലർ നോവലായ എൻഡ്ലെസ് ബോണ്ടേജ് മനാബിയുടെ സംഭാവനയാണ്. മൂന്നാംലിംഗക്കാരെ കുറിച്ചുള്ളതാണ് ഈ നോവൽ.
Leave a Reply