Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:09 am

Menu

Published on September 3, 2015 at 5:25 pm

മുടിയും പല്ലുമില്ല, വൈകല്യം ഈ മോഡലിന് അനുഗ്രഹമായി…!

model-with-genetic-disorder

പതിവ് സൗന്ദര്യ സങ്കൽപ്പങ്ങളെ കാറ്റിൽ പറത്തി ഇതാ മറ്റൊരു മോഡൽ കൂടി…ആരുടേയും ജീവിതം തകര്‍ത്തുകളയാന്‍ ശേഷിയുള്ള രോഗത്തെ അനുഗ്രഹമാക്കി മാറ്റിയാണ് 26 കാരിയായ മെലാനി ഗേഡോസ് ഫാഷന്‍ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. പല്ലുകളുടേയും എല്ലുകളുടേയും രോമങ്ങളുടേയും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന എക്ടോഡെര്‍മല്‍ ഡൈസ്പ്ലാഷ്യ എന്ന അപൂര്‍വ്വ ജനിതകരോഗത്തിന്റെ പിടിയിലാണ് മെലാനി. തികച്ചും വ്യത്യസ്ഥമായ രൂപത്തോടെ മെലാനി ഫാഷന്‍ ലോകത്ത് തരംഗമായിരിക്കുകയാണ്.

കുട്ടിക്കാലത്ത് പറിഞ്ഞ് പോയതിന് ശേഷം മെലാനിക്ക് പല്ലുകള്‍ മുളച്ചിട്ടില്ല. അണപ്പല്ലുകള്‍ മാത്രമാണ് ഇവരുടെ വായില്‍ അവശേഷിക്കുന്നത്. ഈ രോഗം ശരീരത്തിലെ രോമവളര്‍ച്ചയെ തടയുന്നതിനാല്‍ കഷണ്ടിത്തലയാണ് ചെറുപ്പം മുതല്‍. കണ്‍ പീലികൾ പോലുമില്ല. ഇവര്‍ക്ക് പല്ല് വെച്ചുകൊടുക്കാന്‍ ഡോക്ടര്‍മാരുടെ സംഘം തയ്യാറായെങ്കിലും മെലാനി സമ്മതിച്ചില്ല. ഒരു മെഡിക്കല്‍ ടോക് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വാഗ്ദാനം. ‘എനിക്ക് പല്ലുള്ളതാണ് മറ്റുള്ളവര്‍ക്ക് കൂടുതല്‍ ആശ്വാസമെന്നറിയാം, എന്നാല്‍ എനിക്കങ്ങനെയല്ല’ എന്നായിരുന്നു മെലാനിയുടെ പ്രതികരണം. സുപ്രസിദ്ധ പോപ് താരം മിലി സൈറസ് മെലാനിയുടെ അരാധകരില്‍ ഒരാളാണ്.

Feature-Image

ന്യൂയോര്‍ക്കിലെ പ്രാറ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഫൈന്‍ ആര്‍ട്‌സ് പഠിച്ചിറങ്ങിയ മെലാനി സുഹൃത്തിന്റെ പ്രേരണയാലാണ് മോഡലിംഗ് രംഗത്തെത്തുന്നത്. വ്യത്യസ്ഥമായ രൂപം മോഡലിംഗില്‍ മെലാനിയെ സഹായിക്കുമെന്നായിരുന്നു സുഹൃത്തിന്റെ അഭിപ്രായം. അങ്ങനെയാണ് പ്രമുഖ പരസ്യ നിര്‍മ്മാതാക്കളായ ക്രാഗ്‌സ്‌ലിസ്റ്റിന്റെ പരസ്യത്തിനോട് പ്രതികരിക്കുന്നത്. അവര്‍ അനുകൂലമായി മറുപടി നല്‍കിയതോടെ മെലാനിയുടെ മോഡലിംഗ് ജീവിതം ആരംഭിച്ചു.

Feature-Image

പ്രസിദ്ധ സ്പാനിഷ് ഫോട്ടോഗ്രാഫര്‍ യൂജിനോ റെകുന്‍കോയുടെ ആരാധ‌കയായ മെലാനി അദ്ദേഹത്തിന് ഒരു കത്തെഴുതിയതും നിര്‍ണ്ണായകമായി. കത്തിലെ ഫോട്ടോകളിലൂടെ മെലാനിയുടെ വ്യത്യസ്ഥമായ രൂപം കണ്ട യൂജിനോ അദ്ദേഹം സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ശാരീരികമായ ന്യൂനതകള്‍ ഇപ്പോള്‍ പ്രശ്‌നമല്ലാതായെന്നാണ് മെലാനിയുടെ അഭിപ്രായം. മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ മാത്രമായിരുന്നു കുറവുകളെക്കുറിച്ച് തനിക്ക് കുറച്ചെങ്കിലും ആശങ്കയുണ്ടായതെന്നാണ് മെലാനി പറയുന്നത്. പല്ലില്ലാതെ എങ്ങനെ ഭക്ഷണം കഴിക്കും? എന്ന ചോദ്യമാണ് തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വന്നതെന്ന് അവര്‍ പറയുന്നു. ആ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്’കാലുകള്‍ പോലുമില്ലാത്തവര്‍ മാരത്തോണ്‍ ഓടുന്നു. ഇതെല്ലാം നിങ്ങളുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്‌നമാണ്’

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News