Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാമ്പാട്ടിയുടെ മകുടി ഊതലിനനുസരിച്ച് താളത്തില്‍ തലയാട്ടി നില്‍ക്കുന്ന പാമ്പുകള്‍ ഒരു കാലത്ത് തെരുവോര സര്‍ക്കസുകാരുടെ പ്രധാന വിദ്യയായിരുന്നു. കാഴ്ചക്കാരായെത്തുന്നവര്‍ക്കും പാമ്പിന്‍റെ നൃത്തം പ്രിയപ്പെട്ട വിനോദമായിരുന്നു. എന്നാൽ പാക്കിസ്ഥാനില്‍ പാമ്പിനെ മൂക്കില്‍ കൂടി കയറ്റി വായില്‍ കൂടി പുറത്തെടുക്കുന്ന ഒരു പാമ്പാട്ടിയുണ്ട്.
ഇക്ബാല്‍ ജോഗിയെന്ന മുപ്പതുകാരനായ പാമ്പാട്ടിയാണ് ജീവനുള്ള പാമ്പുകളെ ഉപയോഗിച്ച് കാണികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. സ്കൂള്‍ കുട്ടികള്‍ക്കിടയിലും വിവാഹവേളകളിലുമാണ് ജോഗി പാമ്പ് പ്രകടനവുമായി എത്തുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ജോഗി പാമ്പുകളെ ഉപയോഗിച്ചുള്ള മരണക്കളി തുടങ്ങിയിട്ട്. എട്ട് മക്കളുടെ അച്ഛനായ ജോഗി പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയാണ്. പരമ്പരാഗത രീതിയിലുള്ള തിളങ്ങുന്ന വസ്ത്രങ്ങളൊക്കെ ധരിച്ചാണ് ജോഗി തന്‍റെ പാമ്പുകുട്ടയുമായി യാത്ര ചെയ്യുന്നത്. രണ്ടടിയിലേറെ നീളമുളള പാമ്പാണ് ഈ കുട്ടയിലുളളത്.
ഇതിനെ മൂക്കിലൂടെ കടത്തിവിടുന്ന ജോഗി അതേ വേഗത്തില്‍ തന്നെ ഇതിനെ വായിലൂടെ പുറത്തെത്തിക്കും. മറ്റു ജീവിത മാര്‍ഗങ്ങളൊന്നുമില്ലാത്ത ജോഗി അഞ്ച് പൗണ്ടാണ് ഒരു പ്രകടത്തിന് ഈടാക്കുന്നത്.
ഞാനൊരു പാമ്പാട്ടി കുടുംബത്തില്‍ നിന്നുള്ളയാളാണ്. എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്നൊരു കാര്യമല്ലിത്. എനിക്ക് കിട്ടിയ അനുഗ്രഹമാണിത്. എന്‍റെ കഴിവിലെനിക്ക് അഭിമാനവുമുണ്ട്. ഇത് വളരെ അപകടകരമായ ഒരു ജോലിയാണെന്ന് എനിക്കറിയാം.
എന്നാല്‍ കാഴ്ചക്കാര്‍ പ്രതീക്ഷയുടെ കണ്ണുമായി ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നതു തന്നെ വളരെ സന്തോഷിപ്പിക്കുന്നതായും ജോഗി പറയുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പാമ്പ് കടിച്ച അനുഭവവും ഇയാള്‍ പങ്കുവയ്ക്കുന്നു. അന്നൊരു കടല്‍പ്പാമ്പിനെയാണ് ജോഗി മൂക്കിലൂടെ കടത്തി വിട്ടത്. വായിലൂടെ തിരികെയിറക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് ജോഗിയുടെ വായില്‍ കടിച്ചു. പക്ഷേ മൂന്നു ദിവസം അബോധാവസ്ഥയില്‍ കിടന്ന ജോഗി അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഇതൊക്കെയാണെങ്കിലും ജീവിതകാലം മുഴുവന്‍ ഇതൊരു ജീവിതമാര്‍ഗമായി കൊണ്ടുനടക്കാനാണ് ജോഗിക്ക് താത്പര്യം.
–
Leave a Reply