Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 12:25 am

Menu

Published on November 16, 2016 at 4:22 pm

ലോകത്തിലെ ഏറ്റവും ദുഖിതനായ കരടിക്ക് മോചനം…!!

new-chinese-home-for-worlds-saddest-polar-bear

ലോകത്തിലെ ഏറ്റവും ദുഖിതനായ ധ്രുവക്കരടി? അങ്ങനെയൊരു കരടിയോ എന്ന് സംശയിക്കാന്‍ വരട്ടെ. ചൈനയിലെ ഗ്വാങ്‌സൂ ഗ്വാന്‍ഡ് വ്യൂ ഷോപ്പിങ് മാളിലെ ഈ കരടി അങ്ങനെയാണ് അറിയപ്പെടുന്നത്. പിസ്സ എന്നാണ് യഥാര്‍ഥ പേര്. എപ്പോഴും വിഷമിച്ച മുഖഭാവവുമായി ഇരിക്കുന്നതിനാല്‍ മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് പിസ്സക്ക് ഈ പേരുനല്‍കിയത്. മാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സെല്‍ഫിയെടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി പിസ്സ ഈ മാളിലുണ്ട്. പക്ഷേ ഒരൊറ്റ സെല്‍ഫിയിലും പിസ്സയുടെ തെളിഞ്ഞ മുഖമില്ല, വിഷാദഭാവം മാത്രം.
സ്വാഭാവിക ആവാസവ്യവസ്ഥയുമായി പൊരുത്തമില്ലാത്തിടത്താണ് കരടിയെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് മൃഗസ്‌നേഹികളുടെ ആരോപണം. കനത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് പിസ്സയെ മാളില്‍ നിന്ന് മാറ്റാന്‍ അധികൃതര്‍ തയ്യാറായത്. തെക്കന്‍ ചൈനയിലെ സമുദ്രപാര്‍ക്കിലേക്കാണ് കരടിയെ മാറ്റിയിരിക്കുന്നത്.
പിസ്സ ജനിച്ചുവളര്‍ന്നത് ഈ സമുദ്രപാര്‍ക്കിലാണ്. സമുദ്രപാര്‍ക്കില്‍ പിസ്സയുടെ അച്ഛനും അമ്മയും ഉണ്ടെങ്കിലും ഇരുവരും പിസ്സയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് സമയമെടുക്കുമെന്നാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്.
ഇപ്പോള്‍ മൂന്ന് വയസ്സുണ്ട് പിസ്സക്ക്. ഒരു വയസ്സുള്ളപ്പോഴാണ് കരടിയെ മാള്‍ അധികൃതര്‍ ഇവിടേക്കെത്തിച്ചത്. അക്വേറിയത്തിന്റെ ഭാഗമായാണ് പിസ്സയെയും പ്രദര്‍ശിപ്പിച്ചിരുന്നത്.

പിസ്സയുടെ മാളിലെ ജീവിതം തുറന്നുകാട്ടുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് കരടിയുടെ മോചനത്തിനായി പ്രതിഷേധമുയര്‍ന്നത്. പിസ്സയുടെ മോചനം താത്ക്കാലികമാണെന്നാണ് വിവരം. മാളില്‍ കരടിക്കനുയോജ്യമായ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഇതിനുശേഷം പിസ്സയെ വീണ്ടും മാളിലേക്കെത്തിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ മാറ്റം സ്ഥിരമാക്കണമെന്ന ആവശ്യം മൃഗസ്‌നേഹികള്‍ക്കിടയില്‍ ശക്തമാണ്. കരടിയെ പീഡിപ്പിച്ചതിന് മാള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News