Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:56 pm

Menu

Published on January 9, 2017 at 12:56 pm

വീട്ടിലൊരു അക്വേറിയമായാലോ…….

tropical-fish-tank-ideas-for-designing-light-place

ചില്ലുകൂട്ടില്‍ നീന്തുത്തുടിക്കുന്ന അലങ്കാര മത്സ്യങ്ങള്‍ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ച തന്നെയാണ്. ഇവ വീടിന്‍റേയും ഓഫീസിന്‍റേയും ഉള്‍വശങ്ങള്‍ക്ക് മോടി പകരുന്ന ഒന്നുകൂടിയാണ്. ഇതിനായാണ് മിക്കവരും അക്വേറിയം വാങ്ങി സ്ഥാപിക്കുന്നത്.

എന്നാല്‍ അക്വേറിയത്തിന്‍റെ നിര്‍മ്മാണത്തിലും തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. നമുക്കും വീട്ടിലൊരു അക്വേറിയമാകാം. ഒാര്‍ക്കുക പെട്ടെന്നൊരു ദിവസം വാങ്ങി സ്ഥാപിക്കേണ്ട ഒന്നല്ല അക്വേറിയം.

അക്വേറിയങ്ങളുടെ മോഡലുകളെക്കുറിച്ചും പരിപാലനത്തെക്കുറിച്ചുമൊക്കെ നന്നായി പഠിച്ച് അറിഞ്ഞതിനു ശേഷം മാത്രമേ അക്വേറിയങ്ങള്‍ വാങ്ങാവൂ. ആദ്യമായി അക്വേറിയം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനമാണ് നിര്‍ണയിക്കേണ്ടത്.

വീടിന്‍റേയോ ഒാഫീസിന്‍റേയോ ജനലിന് അരികിലായി ദിവസവും ഒരു മണിക്കൂര്‍ വെയില്‍ ലഭിക്കുന്ന സ്ഥലമാണ് അക്വേറിയം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായിട്ടുള്ളത്. എന്നാല്‍ ശക്തിയായ വെയില്‍ അടിക്കുന്ന സ്ഥലം തിരഞ്ഞെടുക്കാനും പാടില്ല.

ഇതിനൊപ്പം ലൈറ്റ് ഘടിപ്പിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരു റൂഫ് കവര്‍ അക്വേറിയത്തിന് നല്ലതായിരിക്കും. ഇത്തരത്തില്‍ ലൈറ്റ് കൊടുക്കുന്നത് അക്വേറിയത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കാനും അതിലെ ചെടികളുടെ പ്രകാശ സംശ്ലേഷണത്തിനും സഹായിക്കും.

അടുത്തതായി എത്ര മത്സ്യങ്ങളെയാണ് അക്വേറിയത്തില്‍ നിക്ഷേപിക്കുന്നത് എന്ന് തീരുമാനിക്കണം. ഇതിന് ആനുപാതികമായി വേണം അക്വേറിത്തിന്‍റെ വലിപ്പം നിര്‍ണ്ണയിക്കാന്‍. അക്വേറിയം തിരഞ്ഞെടുക്കുമ്പോള്‍ ഉയരം കുറഞ്ഞതും വീതി കൂടിയതുമായ ടാങ്കുകള്‍ വാങ്ങുന്നതാണ് നല്ലത്. സാധാരണയായി 60 സെ.മീ നീളവും 30 സെ.മീ വീതിയും 30 സെ.മീ ഉയരവുമുള്ള അക്വേറിയമാണ് നിര്‍മ്മിക്കാറുള്ളത്.

പുതിയതായി വാങ്ങുന്ന ടാങ്കുകള്‍ ഒരു ശതമാനം വീര്യമുള്ള പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായിനിയില്‍ കഴുകുന്നത് നല്ലതാണ്. അതുപോലെതന്നെ, നല്ലതു പോലെ കഴുകി വൃത്തിയാക്കിയ വെള്ള മണലാണ് അക്വേറിയത്തിനുള്ളില്‍ വിരിക്കാന്‍ കൂടുതല്‍ അനുയോജ്യം. മണല്‍ വിരിക്കുമ്പോള്‍ മുന്‍ വശത്തേക്ക് ചെരിവ് നല്‍കുക. അക്വേറിയത്തിനുള്ളില്‍ വിരിക്കാന്‍ ചില കല്ലുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഇവ അക്വേറിയത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുക മാത്രമല്ല അക്വേറിയത്തിനുള്ളിലെ അഴുക്ക് നീക്കാനും മറ്റും സഹായിക്കും. അഴുക്കില്ലാത്ത വെള്ളമാണ് അക്വേറിയത്തിനുള്ളില്‍ ഒഴിക്കാന്‍ ഏറ്റവും യോജിച്ചത്. സാധാരണ നാം ഉപയോഗിക്കുന്ന പൈപ്പ് വെള്ളത്തില്‍ ക്ലോറിന്‍ കലര്‍ന്നിരിക്കും. ഇത് ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്. കിണര്‍ വെളളമാകും അഭികാമ്യം.

അതുമാത്രമല്ല, അക്വേറിയത്തില്‍ വെള്ളം ഒഴിക്കുമ്പോള്‍ മണല്‍ ഇളകാതിരിക്കാന്‍ ഒരു പാത്രം മണലിനു മുകളില്‍ വെച്ചതിന് ശേഷം മാത്രം വെള്ളം അതില്‍ ഒഴിക്കുക.

സാധാരണയായി ഓക്സിജന്‍ നിറച്ച പോളിത്തീന്‍ കവറുകളിലാണ് മത്സ്യങ്ങളെ വിതരണം ചെയ്യുന്നത്. ഇങ്ങനെ വാങ്ങിക്കൊണ്ട് വരുന്ന കവര്‍ അരമണിക്കൂര്‍ അക്വേറിയത്തിലെ വെള്ളത്തില്‍ ഇറക്കിവെച്ചതിന് ശേഷം മാത്രമേ മത്സ്യങ്ങളെ വെള്ളത്തിലേക്ക് വിടാവൂ. അല്ലെങ്കില്‍ താപനിലയില്‍ വരുന്ന പെട്ടെന്നുള്ള വ്യത്യാസം കൊണ്ട് മത്സ്യങ്ങള്‍ ചത്തുപോകാന്‍ സാധ്യതയുണ്ട്.

മാത്രമല്ല, ചെടികള്‍ വെയ്ക്കാനും അലങ്കാര വസ്തുക്കള്‍ വെയ്ക്കാനും വെള്ളത്തില്‍ കൈ ഇടുന്നതിന് മുമ്പ് കൈ നല്ലതു പോലെ കഴുകി വൃത്തിയാക്കിയിരിക്കണം. മത്സ്യങ്ങള്‍ക്ക് ദിവസത്തില്‍ ഒരു തവണ മാത്രമേ ഭക്ഷണം കൊടുക്കാവൂ എന്ന കാര്യം ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.

അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്ക് രാവിലെ മാത്രം ഭക്ഷണം കൊടുക്കുന്നതാണ് നല്ലത്. അവയുടെ ശരീരഭാഗത്തിന്‍റെ 13 ശതമാനം വരെ തീറ്റ കൊടുത്താല്‍ മതിയാകും. കൂടുതല്‍ ഭക്ഷണം അക്വേറിയത്തിലിട്ടാല്‍ മിച്ചം വരുന്ന തീറ്റ വെള്ളം മലിനമാക്കുവാന്‍ ഇടയാക്കും. ഇത് മത്സ്യങ്ങള്‍ ചാകാന്‍ ഇടവരുത്തുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News