Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
1992 ഡിസംബര്‍ അഞ്ചിനു പുലര്‍ച്ചെ ആറുമണിയോടെ നടന്ന ഒരു അപകടത്തിലാണ് മലയാളസിനിമയ്ക്ക് നക്ഷത്രക്കണ്ണുള്ള ആ സുന്ദരിയെ നഷ്ടമാകുന്നത്. അതെ 25 ചിത്രങ്ങള്‍ക്കൊണ്ട് മലയാളിയുടെ മനസ്സില്‍ തന്റേതായ ഇടം നേടിയ മോനിഷയെന്ന അഭിനേത്രിയുടെ അവസാന യാത്രയായിരുന്നു അത്.
മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു അത്. ചെപ്പടിവിദ്യ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് ഉണ്ടായ കാര്‍ അപകടത്തിലായിരുന്നു മോനിഷയുടെ മരണം.
ഡ്രൈവര്‍ ഉറങ്ങിപ്പോയതും കാര്‍ ഡിവൈഡറില്‍ കയറിയതുമൊക്കെയാണ് കാരണമെന്നായിരുന്നു ഇത്രയും കാലം ആ അപകടത്തെ പറ്റി എല്ലാവരും കരുതിരുന്നത്. എന്നാലിപ്പോള്‍ ആ അപകടത്തിന്റെ വിശീകരണവുമായി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി രംഗത്തെത്തിയിരിക്കുകയാണ്.

അപകടത്തെ പറ്റി അവര്‍ പറയുന്നത് ഇങ്ങനെ; ചെപ്പടി വിദ്യയുടെ ചിത്രീകരണത്തിനിടെ ഗുരുവായൂരില്‍ ഒരു ഡാന്‍സ് പ്രോഗ്രാം ഉണ്ടായിരുന്നു. ആ പ്രോഗ്രാം ചെയ്യുന്നതിന് വേണ്ടിയുള്ള പരിശീലനത്തിനായി ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. മോനിഷ നല്ല ഉറക്കത്തിലായിരുന്നു. താന്‍ ഉറങ്ങിയിരുന്നില്ല.
ഡ്രൈവര്‍ ഇടയ്ക്കിടെ പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഡ്രൈവര്‍ ഉറങ്ങിയിട്ടില്ല എന്നത് ഉറപ്പാണ്. പെട്ടെന്ന് താന്‍ കെ.എസ്.ആര്.ടി.സി ബസിന്റെ ലൈറ്റ് കണ്ടെന്നും, ശബ്ദം കേള്‍ക്കുമ്പോഴേക്കും ഇരിക്കുന്നവശത്തെ ഡോര്‍ തുറന്ന് ദൂരേയ്ക്ക് തെറിച്ചുപോയിരുന്നുവെന്നും ശ്രീദേവി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീദേവി ഉണ്ണിയുടെ പ്രതികരണം.
ആക്സിഡന്റാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ബസ് കാറിനെ കൊണ്ട് പോയിരുന്നു. കാറിന്റെ ഡിക്കി മാത്രമാണ് താന്‍ കാണുന്നത്. ചോരയില്‍ മുങ്ങി കിടക്കുകയായിരുന്നു താന്‍, അവര്‍ പറഞ്ഞു. കാലുകളൊക്കെ തകര്‍ന്നിരുന്നു. ഈ സമയം ഒരു ഓട്ടോഡ്രൈവറാണ് രക്ഷയ്ക്കായി എത്തിയതെന്നും ശ്രീദേവി ഉണ്ണി പറഞ്ഞു.
മോനിഷ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു എന്നു പറയാം. തലച്ചോറിനായിരുന്നു മോനിഷയ്ക്കു പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയി എങ്കിലും പ്രതീക്ഷ ഉണ്ടായില്ല. അപകടം നടക്കുമ്പോഴും ഉറങ്ങുകയായിരുന്നു മോനിഷ. ആ ഉറക്കം പിന്നീട് ഉണര്‍ന്നില്ല, ശ്രീദേവി ഉണ്ണി പറഞ്ഞു.
മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായാണു മോനിഷയുടെ അകാലത്തിലുള്ള മരണത്തെ സിനിമാലോകം കണ്ടത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ അവര്‍ ആറു വര്‍ഷം കൊണ്ടുതന്നെ മലയാളത്തിലെ ഏറ്റവും മികച്ച നടിയെന്ന നിലയിലേയ്ക്ക് ഉയര്‍ന്നു. എന്നാല്‍ സിനിമയില്‍ കത്തിനിന്ന സമയത്തായിരുന്നു മോനിഷയുടെ വിയോഗം.