Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരിടവേളയ്ക്ക് ശേഷം ജെല്ലിക്കെട്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ തന്നെ കാണിച്ചുതരും ഈ വിനോദം അവരുടെ രക്തത്തില്‍ എത്രത്തോളം അലിഞ്ഞു ചേര്‍ന്നിരിക്കുന്നെന്ന്.

ശക്തമായ ചരിത്രം അവകാശപ്പെടാനുള്ള ഒന്നാണ് ജെല്ലിക്കെട്ട്. പ്രാചീന തമിഴ് രചനകളില്‍ യോദ്ധാക്കളുടെ കായിക വിനോദമായാണ് ജെല്ലിക്കെട്ടിനെ വിവരിക്കുന്നത്. തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗതമായി തമിഴ്‌നാട്ടിലെ ജനങ്ങള്‍ നടത്തുന്ന കായിക വിനോദമാണിത്. നാല് ദിവസം നീളുന്ന പൊങ്കല്‍ ഉത്സവത്തില്‍ മാട്ടുപൊങ്കല്‍ നാളിലാണ് ജെല്ലിക്കെട്ടിന്റെ തുടക്കം.
മധുരയ്ക്കടുത്തുള്ള അലങ്കാനല്ലൂരാണ് ജെല്ലിക്കെട്ടിന് ഏറ്റവും പ്രസിദ്ധിനേടിയ ഇടം. ആവണിയാപുരം, പാലമേട്, മരവപട്ടി പുതുക്കോട്ട, തിരുച്ചിറപ്പള്ളി, അവരങ്ങാട് തുടങ്ങിയ ഇടങ്ങളിലും ജെല്ലിക്കെട്ട് അരങ്ങേറാറുണ്ട്.

ജെല്ലിക്കെട്ടിന് ഏതാണ്ട് 3500 വര്‍ഷത്തിനുമേല്‍ പഴക്കമുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 400-100 ബി.സിക്ക് ഇടയിലാണ് ജെല്ലിക്കെട്ടിന്റെ ഉത്ഭവമെന്ന് കണക്കാക്കപ്പെടുന്നു. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടെത്തിയ പ്രാചീന ഗുഹാചിത്രങ്ങളില്‍ ജെല്ലിക്കെട്ടിന് സമാനമായ ചിത്രങ്ങളുണ്ട്. പണം എന്ന് അര്‍ത്ഥം വരുന്ന ‘സല്ലി’, പൊതി എന്ന് അര്‍ത്ഥം വരുന്ന ‘കെട്ട് ‘ എന്നീ പദങ്ങള്‍ കൂടിച്ചേര്‍ന്നാണ് ജെല്ലിക്കെട്ടിന് ആ പേര് വന്നത്.
ജെല്ലിക്കെട്ടിന് മൂന്ന് വകഭേദങ്ങളുണ്ട്. വടിമഞ്ചു വിരട്ട്, വായേലി വിരട്ട്, വടം മഞ്ചു വിരട്ട് എന്നിവയാണിവ. ജെല്ലിക്കെട്ടിനായി പ്രത്യേക പരിചരണം നല്‍കി പരിശീലിപ്പിച്ച കാളകളേയാണ് ഇറക്കുക. മത്സരത്തിനായുള്ള മൈതാനത്തേക്ക് ഇറക്കും മുന്‍പ് കാളകളുടെ കൊമ്പ് നനയ്ക്കുകയും ശരീരത്തില്‍ എണ്ണ പുരട്ടുകയും ചെയ്യും.

ഇത്തരത്തിലുള്ള കാളകളുടെ ഉയര്‍ന്ന മുതുകില്‍ പിടിച്ച് കൂടുതല്‍ നേരം തൂങ്ങിക്കിടക്കുക എന്നതാണ് ജെല്ലിക്കെട്ടിന്റെ ഒരു വകഭേദം. മറ്റൊന്ന് കാളയുമായുള്ള മല്‍പ്പിടുത്തത്തിനിടെ ഒരാള്‍ക്ക് കാളയുടെ കൊമ്പ് നിലത്ത് മുട്ടിക്കാനോ കാളയുടെ കൊമ്പില്‍ തൂക്കിയ കൊടി അഴിക്കാനായാലോ അയാള്‍ വിജയിയാകും. ഇത്തരം കാളകളുടെ കൊമ്പില്‍ നാണയക്കിഴി തൂക്കിയിട്ടുണ്ടാകും. ജെല്ലിക്കെട്ടിനിടെ കാളയെ കീഴ്‌പ്പെടുത്തുന്നയാള്‍ക്ക് ഈ കിഴി സ്വന്തമാക്കാം.
പിന്നീടുള്ളത് കളത്തിലേക്ക് ഇറക്കിവിട്ട കരുത്തനായ കാളയെ ഒരു ടീം നിശ്ചിത സമയത്തിനുള്ളില്‍ കീഴ്‌പ്പെടുത്തണമെന്ന ഒന്നാണ്. ഇങ്ങനെ ജെല്ലിക്കെട്ടില്‍ വിജയിക്കുന്ന കാളകളെ പ്രചനനത്തിനായി മാത്രമേ പിന്നീട് ഉപയോഗിക്കൂ. ഇത്തരത്തില്‍ തന്നെ കരുത്തരായ കന്നുകളെ സൃഷ്ടിക്കുന്നതിനായാണിത്. മത്സരത്തില്‍ തോല്‍ക്കുന്നവയെ വയലിലെ പണിക്കും മറ്റുമാണ് ഉപയോഗിക്കാറ്.

ഇനി ജെല്ലിക്കെട്ടിനായി കരുത്തരായ കാളകളെ എങ്ങിനെയാണ് പരിശീലിപ്പിക്കാറെന്ന് അറിയാം. ജെല്ലിക്കെട്ടുകാളകളെ ദൈവത്തെപ്പോലെയാണ് ഇവര്‍ കാണുന്നത്. വീട്ടിലെ മൂത്തസ്ത്രീക്കാണ് ജെല്ലിക്കെട്ട് കാളയെ വളര്‍ത്താനുള്ള ഉത്തരവാദിത്തം. കാലിത്തീറ്റ, പരുത്തി, തവിട്, പച്ചരി, തേങ്ങ, പാല്‍, വാഴപ്പഴം, കത്തിരിക്ക, നാട്ടുമരുന്നുകള്‍ എന്നിവയുള്‍പ്പെടുന്ന ഭീമന്‍ മെനുവാണ് കാളകള്‍ക്ക്. ഇതിനായി 15,000 മുതല്‍ 20,000 രൂപവരെയാണ് ഒരു മാസം ചിലവ് വരുന്നതെന്നറിയണം.
മാത്രമല്ല, ദിവസവും രാവിലെയും വൈകിട്ടും കാളയെ എണ്ണതേച്ചു കുളിപ്പിക്കുകയും ചെയ്യും. അതോ ഒരാനയെ കുളിപ്പിക്കുന്നതുപോലെ അത്രയ്ക്ക് രാജകീയമായിട്ടാണ് ഇവയെ കുളിപ്പിക്കുക. ഇങ്ങനെ മൂന്നുവര്‍ഷത്തെ പരിചരണത്തിലൊടുവിലാണ് കാളകള്‍ ജെല്ലിക്കെട്ട് പോരിന് തയ്യാറാകുന്നത്.
പിന്നീടുള്ളത് പരിശീലനമാണ്. പൊങ്കലിന് മാസങ്ങള്‍ക്കു മുന്‍പുതന്നെ കഠിന പരിശീലനം തുടങ്ങും. ഓട്ടം, ചാട്ടം, നീന്തല്‍ എന്നിവയുമുണ്ടാകും. വര്‍ഷങ്ങളോളം ജെല്ലിക്കെട്ട് നടത്തി പരിചയമുള്ള വ്യക്തിയാണ് കാളകള്‍ക്ക് പരിശീലകനായി എത്തുക.
ആര് മുതുകില്‍ പിടിച്ചാലും ഉടന്‍ കുതറിത്തെറിപ്പിക്കാനും കാളയെ പഠിപ്പിക്കും. മരുന്നെണ്ണ ഉപയോഗിച്ചു കാളയുടെ മുതുക് ഉഴിയും. ഏറ്റവും ഉയര്‍ന്ന മുതുകുള്ള കാളയ്ക്ക് ജെല്ലിക്കെട്ടില്‍ വിജയസാധ്യത കൂടുതലാണെന്നതാണ് ഇതിന് കാരണം.
ഇതിനിടയിലും കാളകള്‍ക്ക് ഉത്തേജക മരുന്നുകള്‍ നല്‍കി കളത്തിലിറക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. അപായങ്ങളുമുണ്ടാക്കാറുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും കാളക്കുത്തേറ്റ് പരിക്കേല്‍ക്കാറുള്ളത് ജെല്ലിക്കെട്ടിനിടെ പതിവാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏകദേശം ഇരുന്നൂറിലേറെ പേര്‍ ജെല്ലിക്കെട്ടിനിടയില്‍ മരിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്.
കാളകളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു എന്ന വാദമുഖവുമായി ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ജെല്ലിക്കെട്ട് കാടന്‍ രീതിയാണെന്നും ഇത്തരം ധൈര്യ പ്രകടനത്തിന് പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് മൃഗസംരക്ഷണ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചത്.
Leave a Reply