Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: അമ്മയുടെ ഹൃദയമിടിപ്പിന്റെ താളമാണ് ആദിത്യന്റെ നൃത്തച്ചുവടുകള്‍ക്ക്. വേദിയില്‍ മകന്‍ ആദിത്യന്‍ നിറഞ്ഞാടുമ്പോള്‍ അമ്മ നിര്‍മ്മല വേദിക്ക് പിന്നില്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടെ കാത്തുനില്‍പ്പുണ്ടായിരുന്നു.
മകനെ ലോകമറിയുന്ന നര്‍ത്തകനാക്കുകയെന്ന ഈ അമ്മയുടെ സ്വപ്‌നത്തിന് വിധി പലതവണ വിലങ്ങുതടിയായിട്ടുണ്ട്. ആദിത്യന് രണ്ടു വയസുള്ളപ്പോഴാണ് അച്ഛന്‍ പ്രസാദ് മരിക്കുന്നത്. പിന്നീട് നിര്‍മ്മലയ്ക്ക് ആദിത്യനും ആദിത്യനു നിര്‍മ്മലയും മാത്രമായി കൂട്ട്.
എല്‍.കെ.ജിയിലെത്തിയപ്പോഴേ മകന്റെ താല്‍പ്പര്യം തിരിച്ചറിഞ്ഞ നിര്‍മ്മല അവനെ നൃത്തം പഠിക്കാനയച്ചു. തൊഴിലുറപ്പ് ജോലികള്‍ക്കു പോയാണ് അവര്‍ ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. പത്തനംതിട്ട ജില്ലയിലെ വലിയകുന്നം സെന്റ് മേരീസ് ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിത്യപ്രസാദ്.

ഇവരുടെ കഷ്ടതകള്‍ മനസിലാക്കിയ നൃത്താധ്യാപകന്‍ കുമാര്‍ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍നിന്ന് ഇവരുടെ വീട്ടിലെത്തിയാണ് നൃത്തം പഠിപ്പിക്കുന്നത്. ഗുരുവിനുള്ള ഫീസ് പോലും ഇതുവരെ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് നിര്‍മ്മല പറയുന്നു. ആശ്രയ പദ്ധതിയില്‍ ലഭിച്ച പണി പൂര്‍ത്തിയാകാത്ത വീട്ടിലാണ് ആദിത്യനും അമ്മയും താമസിക്കുന്നത്.
മൂന്നു സെന്റിലെ പണിതീരാത്ത വീട്ടില്‍ പരിശീലനത്തിന് സൗകര്യമില്ലെന്നറിഞ്ഞ അയല്‍ക്കാര്‍ അവരുടെ വീട്ടില്‍ ഇടം നല്‍കുകയായിരുന്നു. ജില്ലാ കലോത്സവത്തില്‍ കേരള നടനത്തിലും, ഭരതനാട്യത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ആദിത്യന്‍ കണ്ണൂരിലെത്തുന്നത്.
എന്നാല്‍ തൊഴിലുറപ്പ് ജോലി പോലും ഇല്ലാതെ കുഴങ്ങിയ അമ്മയ്ക്കു കുടുംബശ്രീക്കാരും ആദിത്യന്റെ സഹപാഠികളുടെ രക്ഷിതാക്കളുമൊക്കെയാണ് സഹായത്തിനെത്തിയത്. നൃത്തവേദിയില്‍ അണിയാനുള്ള വസ്ത്രങ്ങള്‍ കുമാര്‍ കടം വാങ്ങി നല്‍കി. കേരള നടനത്തിലും ആദിത്യന്‍ മത്സരിക്കുന്നുണ്ട്.
Leave a Reply