Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആതുരസേവനം എന്ന വാക്ക് പലപ്പോഴും പല ഡോക്ടര്‍മാരും ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രമേ നമുക്ക് മുന്നിലുണ്ടാകൂ. എന്നാലിപ്പോഴിതാ ആ വാക്കിനോട് ചേര്‍ത്ത് ചൂണ്ടിക്കാണിക്കാന്‍ റഷ്യയില്‍ നിന്നും ഒരു ഡോക്ടര്‍ മുത്തശ്ശി.
അല്ല ഇല്ലായിനിഷ്യ ലെവുഷ്‌കിന എന്നാണ് ഈ ഡോക്ടര്‍ മുത്തശ്ശിയുടെ പേര്. 89 വയസാണ് പ്രായം. ചിലരുടെ കാര്യത്തില്‍ പ്രായം വെറും സംഖ്യ മാത്രമാണെന്നതിന് ഉത്തമ ഉദാഹരണമാണ് അല്ല. റഷ്യയിലെ ഏറ്റവും പ്രായം കൂടിയ ശസ്ത്രക്രിയാ വിദഗ്ധ കൂടിയാണിവര്‍, ഒരു പക്ഷെ ലോകത്തിലെയും.

67 വര്‍ഷത്തെ ആതുര സേവനം. ഒരു ശസ്ത്രക്രിയ വിദഗ്ധന് ഏറ്റവും അത്യാവശ്യമായി ഉണ്ടാകേണ്ട പ്രവൃത്തി പരിചയം എന്ന ഗുണം ആവശ്യത്തിലേറെ ഉളള വ്യക്തി. വയസ് കേട്ട് ഇപ്പോള്‍ വിരമിച്ച് വിശ്രമത്തിലായിരിക്കുമെന്ന് കരുതേണ്ട. വിരമിക്കാന്‍ അല്ലയ്ക്ക് പദ്ധതിയൊന്നുമില്ല.

റഷ്യയുടെ തലസ്ഥാന നഗരമായ മോസ്‌കോയിലെ റൈസാന്‍ ആശുപത്രിയിലാണ് അല്ല ജോലി ചെയ്യുന്നത്. 1950 മുതല്‍ വൈദ്യശാസ്ത്രരംഗത്തുള്ള അല്ല ഇതുവരെ പതിനായിരത്തിലേറെ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ഒരെണ്ണത്തില്‍പ്പോലും ഇന്നേവരെ കൈപ്പിഴ സംഭവിച്ചിട്ടില്ല. മാത്രമല്ല ഇപ്പോഴും നാല് ശസ്ത്രക്രിയകളാണ് ദിവസേന നടത്തുന്നത്.

ആഴ്ചയില്‍ കുറഞ്ഞത് നാലു ദിവസം ആശുപത്രിയിലെത്തുകയും ചെയ്യും അല്ല. ഡോക്ടര്‍ എന്നത് കേവലം ഒരു തൊഴില്‍ മേഖല അല്ലെന്നും അതൊരു ജീവിതരീതിയാണെന്നുമാണ് അല്ലയുടെ അഭിപ്രായം. മാത്രമല്ല 30 വര്‍ഷം എയര്‍ മെഡിക്കല്‍ സര്‍വീസില്‍ ജോലി ചെയ്ത പരിചയവും അല്ലയ്ക്കുണ്ട്.
ഈ ആതുരസേവനത്തിനിടയില്‍ അവര്‍ വിവാഹം പോലും മറന്നു. ഭിന്നശേഷിക്കാരനായ അനന്തരവനും എട്ട് പൂച്ചക്കുട്ടികള്‍ക്കും ഒപ്പമാണ് അവിവാഹിതയായ അല്ലയുടെ താമസം.

രാവിലെ എട്ടിന് തന്റെ ക്ലിനിക്കിലെത്തി രോഗികളെ കാണും. പിന്നീട് ശസ്ത്രക്രിയ മുറിയിലേക്ക്. ഈ പ്രായത്തിലുള്ള ശസ്ത്രക്രിയ അപകടകരമല്ലേയെന്നുള്ള സംശയത്തിന് ഉത്തരം അല്ലയുടെ സഹപ്രവര്‍ത്തകര്‍ പറയും. 150ലേറെ ശസ്ത്രക്രിയകള്‍ക്ക് അല്ല ഒപ്പമുണ്ടായിരുന്നു. വളരെ കൃത്യതയാര്‍ന്ന കൈകളാണ് ഡോക്ടറുടേത്.
ഉയരക്കുറവ് കാരണം ഓപ്പറേഷന്‍ ടേബിളിനടുത്ത് ഒരു പ്ലാറ്റ്‌ഫോമില്‍ കയറിനിന്നാണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. ഈ സേവനങ്ങളെല്ലാം കണക്കിലെടുതത് റഷ്യയിലെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള അംഗീകാരവും അല്ലയ്ക്ക് ലഭിച്ചിട്ടുണ്ട്.

എന്താണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന ചോദ്യത്തിന് ‘ഒരുപാടു ചിരിക്കും ഒരുപാട് കരയും പിന്നെ നന്നായി ഭക്ഷണം കഴിക്കും’ എന്നായിരുന്നു അല്ലയുടെ മറുപടി.
ഈ ജോലി തനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. മാത്രമല്ല വിരമിച്ച ശേഷം പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാനും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അല്ല വ്യക്തമാക്കുന്നു.
Leave a Reply