Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച റെക്കോര്‍ഡ് ഇനി യു.എസ് സ്വദേശി കസാന്‍ഡ്ര ഡി പെകോളിന് സ്വന്തം. വെറും ഒന്നര വര്‍ഷവും 26 ദിവസവും കൊണ്ടാണ് ഈ 27 കാരി 196 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചത്.

ഏറ്റവും വേഗത്തില്‍ പരമാധികാര രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ച വ്യക്തിയെന്ന റെക്കോര്‍ഡാണ് കസാന്‍ഡ്രയുടെ പേരിലാവുക. ഇതുവരെയുള്ള യാത്രകള്‍ക്കായി വേണ്ടി വന്നത് 4 പാസ്പോര്‍ട്ടാണ്. ഈ പാസ്പോര്‍ട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു.

2015 ജൂലൈയിലാണ് കസാന്‍ഡ്രയുടെ യാത്ര ആരംഭിച്ചത്. വെറുതെ ഒരു യാത്രമാത്രമല്ലായിരുന്നു കസാന്‍ഡ്രയുടെ ലക്ഷ്യം. ലോക സമാധാനത്തിന് വേണ്ടിയുള്ള സന്ദേശം പകര്‍ന്നാണ് ലോകത്തെ എല്ലാ രാജ്യങ്ങളും ഏവര് സന്ദര്‍ശിച്ചത്. ടൂറിസത്തിലൂടെ സമാധനം എന്നതായിരുന്നു യാത്രയുടെ മുദ്രാവാക്യം.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീസ് ത്രൂ ടൂറിസം എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു യാത്രകള്‍. നിലവില്‍ ഈ സംഘടനയുടെ ബ്രാന്‍ഡ് അംബാസിഡറാണ് കസാന്‍ഡ്ര. 1986ല്‍ സ്ഥാപിച്ച അന്താരാഷ്ട്ര സമാധാന പ്രസ്ഥാനം ഈ വര്‍ഷത്തെ സമാധാനവര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.

യാത്രാനുഭങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്ന പതിവ് കസാന്ഡ്രയ്ക്കുണ്ട്. അങ്ങനെയാണ് കസാന്‍ഡ്രയുടെ യാത്രാ ഭ്രാന്ത് ലോകമറിഞ്ഞതും. അവളുടെ യാത്രയ്ക്കുവേണ്ട സാമ്പത്തിക സഹായം നല്കാന് സ്പോണ്‍സര്‍മാര്‍ മുന്നോട്ടു വന്നതും. 1,98,000 ഡോളറാണ് ഈ ലോകസഞ്ചാരത്തിന് ചെലവ് വന്നിരിക്കുന്നത്. ഏകദേശം 1.3 കോടിയോളം രൂപ.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 23-ാം വയസ്സ് മുതല്‍ യാത്രക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് കസാന്‍ഡ്ര. അതിനായി പണം കണ്ടെത്തുന്നതിനാണ് ഇത്രയധികം സമയമെടുത്തത്.

ഇന്ത്യയിലും നിരവധി സ്ഥലങ്ങള്‍ ഇവര്‍ കണ്ടുതീര്‍ത്തിരുന്നു. ബംഗളൂരുവില്‍ നിന്നും ശ്രീലങ്കയിലേക്ക് യാത്ര ചെയ്തതും ഇവര്‍ ഓര്‍ക്കുന്നു. അന്നത്തെ ലക്ഷ്യം വെറും രണ്ട് മരങ്ങള്‍ നടുക എന്നത് മാത്രമായിരുന്നു. അങ്ങിനെ 50 രാജ്യങ്ങളിലായി അവര്‍ നട്ടത് 500ല്‍ അധികം മരതൈകളും.

പര്യടനത്തിനിടെ നിരവധി പ്രശ്നങ്ങളും കസാന്ഡ്രയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അതില്‍ മിക്കതും രാഷ്ട്രീയ കലാപങ്ങളും ഭീകരപ്രശ്നങ്ങളും തന്നെയാണ്. ആഭ്യന്തര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സിറിയ, തുര്‍ക്ക്മെനിസ്ഥാന്‍ അടക്കമുള്ള അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് വിസ അനുവദിച്ച് കിട്ടാനും ഏറെ ബുദ്ധിമുട്ടിയതായി അവര്‍ പറഞ്ഞു. ഇതിന് പുറമെ വിസയുടെ പണത്തിനും ചിലയിടങ്ങളില്‍ ബുദ്ധിമുട്ടി.

ഇനി തന്റെ പ്രയാണത്തിന്റെ കഥകള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍ കസാന്‍ഡ്ര. ഇതിന് പുറമെ അന്റാര്‍ട്ടിക്കയില്‍ പോകണമെന്നാണ് ആറു ഭൂകണ്ഡങ്ങളിലായി 196 രാജ്യങ്ങള്‍ സഞ്ചരിച്ച ശേഷമുള്ള കസാന്‍ഡ്രയുടെ ആഗ്രഹം.
Leave a Reply