Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു നടന്‍ ദിലീപ്. രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടും മലയാളത്തിലെ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ദിലീപിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു.
മുന്‍പൊന്നും ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാതിരുന്ന ദിലീപ് ഇപ്പോള്‍ വിവാദമായ ഇത്തരം കാര്യങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കാവ്യയല്ല തന്റെ ആദ്യവിവാഹം തകരാന്‍ കാരണമെന്ന് ദിലീപ് വ്യക്തമാക്കി. കാവ്യയാണ് ഇതിന് കാരണമെന്ന് ജനങ്ങളുടെ മുന്നില്‍ ധരിപ്പിച്ച് വച്ചിരിക്കുകയാണ് ചിലരെന്നും ദിലീപ് ആരോപിച്ചു. താനും തന്റെ ആദ്യ ഭാര്യയും തമ്മിലുള്ള ബന്ധം വെറുമൊരു ഭാര്യാഭര്‍തൃബന്ധം മാത്രമല്ലായിരുന്നു ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. അതുപോലെയുള്ളൊരു സുഹൃദ്ബന്ധത്തിനിടയിലാണ് സങ്കടകരമായ സംഭവങ്ങളുണ്ടായത്. അതിലേക്ക് കാവ്യയെയും വലിച്ചിഴയ്ക്കുകയായിരുന്നു, ദിലീപ് മനോരമ ഓണ്‍ലൈനിന് അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഏകദേശം അഞ്ചുവര്‍ഷത്തിന് മുന്‍പു വരെ വളരെ സന്തോഷകരമായ ജീവിതമായിരുന്നു തന്റേതെന്നും ദിലീപ് പറഞ്ഞു. 2013 ജൂണ്‍ അഞ്ചാം തിയതി കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി, അതെന്റെ കുടുംബചരിത്രമായിരുന്നു. അത് ഹര്‍ജി മാത്രമല്ല അതില്‍ പ്രതികളുണ്ട് സാക്ഷികളുണ്ട്, നൂറുശതമാനം വിശ്വസയോഗ്യമായ തെളിവുകളുണ്ട്. പ്രമുഖര്‍ ഒരുപാട് പേരുണ്ട്. സമൂഹത്തില്‍ നല്ല പേരുള്ള ഇക്കൂട്ടരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരാതിരിക്കാനാണ് വിവാഹമോചനത്തിന് രഹസ്യവിചാരണ വേണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്നും ദിലീപ് വെളിപ്പെടുത്തി.

മകളുടെ ഭാവി ഓര്‍ത്ത് മാത്രമാണ് ഈ വിഷയത്തില്‍ താന്‍ മൗനം പാലിക്കുന്നത്. ആദ്യ ഭാര്യ നല്ലൊരു ജീവിതം നയിച്ച് അവരുടെ ജോലിയും കാര്യങ്ങളുമായി പോകുന്നുണ്ട്. താന്‍ ആ വഴിക്കേ പോകുന്നില്ല. മറ്റുള്ള ആളുകള്‍ അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് പലവഴിക്ക് താന്‍ അറിഞ്ഞുവെന്നും ദിലീപ് പറഞ്ഞു.
കാവ്യയെ വിവാഹം കഴിക്കുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ബന്ധുക്കളും സുഹൃത്തുക്കളുമാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നത്. ഇത് ഞാന്‍ ആദ്യം ചര്‍ച്ച ചെയ്തത് എന്റെ മകളോടാണ്.
കാവ്യയുടെ വീട്ടില്‍ ഈ വിവാഹത്തിന് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ ദിലീപിനെ വിവാഹം കഴിച്ചാല്‍ ഉണ്ടായ ഗോസിപ്പുകളെല്ലാം സത്യമാണെന്ന് പറയും എന്നൊക്കെയാണ് കാവ്യയുടെ അമ്മ പറഞ്ഞത്. പിന്നീട് ഞാന്‍ സത്യാവസ്ഥകളും മറ്റും പറഞ്ഞ് മനസ്സിലാക്കി അവരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ദിലീപ് കൂട്ടിച്ചേര്‍ത്തു.
കൂടാതെ മലയാളത്തിലെ ഒരു നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ദിലീപ് ആരോപിച്ചു. താനാണ് അക്രമത്തിന് പിന്നിലെന്ന് കേട്ടപ്പോള്‍ ജീവിതം മടുത്തതായി തോന്നിയെന്നും ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുവെന്നും ദിലീപ് പറയുന്നു.

തന്റെ തിളക്കം എന്ന സിനിമയില്‍ ആ നടി അഥിതി വേഷത്തിലെത്തിയിരുന്നു. അതിന് താനാണ് സഹായിച്ചത്. അടുത്ത ചിത്രത്തില്‍ ഈ നടിയെ താന്‍ നായികയാക്കി. ഇവരെ എന്തിന് നായികയാക്കുന്നു എന്ന് അന്ന് പലരും തന്നോട് ചോദിച്ചതായും ദിലീപ് പറഞ്ഞു.
അവര്‍ ഭാവിയിലെ ഹീറോയിന്‍ ആണെന്നായിരിന്നു തന്റെ മറുപടി. അതിനുശേഷം ആറോ ഏഴോ സിനിമയില്‍ ഒന്നിച്ചഭിനയിച്ചു. ഈ എല്ലാസിനിമയിലും നിര്‍മാതാവോ സംവിധായകനോ ഇവരെ നായികയാക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല. താനാണ് ഇവരെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ദിലീപ് പറഞ്ഞു.
തെറ്റില്ലാതെ അഭിനയിക്കുന്ന ആര്‍ക്കും ചെയ്യാവുന്ന വേഷങ്ങളാണ് അതെല്ലാം. അവരുടെ അച്ഛനുമായി തനിക്ക് അടുപ്പമുണ്ട്, ബഹുമാനമുണ്ട്. ഒരു പാവം മനുഷ്യനാണെന്നും ദിലീപ് പറയുന്നു. അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളും അറിയുന്നതിനാല്‍ താന്‍ പരമാവധി അവരെ സഹായിച്ചു. പിന്നീട് ചില സാഹചര്യങ്ങളില്‍ അവരുടെ പെരുമാറ്റങ്ങളും രീതികളും ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് താന്‍ മാറിയെന്നും ദിലീപ് പറഞ്ഞു.
കുറച്ചുകാലം മുന്‍പ് ഒരു മാസികയില്‍, ഒരു സൂപ്പര്‍ താരം തന്റെ ചിത്രങ്ങള്‍ മുടക്കുന്നു എന്ന് ആ നടി ആരോപിച്ചിരുന്നു. തന്റെ പേര് പറയാത്തതിനാല്‍ താന്‍ പ്രതികരിക്കാന്‍ പോയില്ല. അതിന് ശേഷമാണ് ഈ പീഡനപ്രശ്നം. അത് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ദിലീപ് പറഞ്ഞു.
പിന്നീടാണ് ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തനിക്ക് നോരെ വരുന്നത്. സിനിമ ബ്ലോക്ക് ചെയ്തിരുന്ന പ്രമുഖ നടനാണ് പിന്നിലെന്നായിരുന്നു പ്രധാന ആരോപണം. ആകെ രണ്ടോ മൂന്നോ സിനിമ മാത്രം ചെയ്യുന്ന ആളാണ് താന്‍. ഒരു നായകനെയും വിളിച്ച് അവരെ അഭിനയിപ്പിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ സിനിമയില്‍ വേണ്ടെന്നേ താന്‍ പറഞ്ഞിട്ടുള്ളൂവെന്നും ദിലീപ് വ്യക്തമാക്കി.
തമിഴിലും കന്നടയിലും തെലുങ്കിലുമൊന്നും തനിക്ക് വലിയ പിടിയില്ല. വെറുതെ കാര്യമില്ലാത്ത കാര്യങ്ങളാണ് പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. കഴിവും സൗന്ദര്യവും മാത്രമല്ല, ദൈവാനുഗ്രഹവും അവസരത്തിലെ പ്രധാനഘടകമാണ്. അതൊന്നും മനസിലാക്കാതെയായിരുന്നു തനിക്കെതിരെയുള്ള ആരോപണങ്ങള്‍. അവര്‍ക്ക് അങ്ങനെയൊരു കാര്യം നേരിട്ടതില്‍ സങ്കടമുണ്ട്. മഞ്ഞപത്രങ്ങളിലൂടെ തനിക്കെതിരെ വിഷയത്തില്‍ പല വാര്‍ത്തയും വന്നു. അതില്‍ പ്രമുഖമായിരുന്നു റിയല്‍ എസ്റ്റേറ്റ് ബിസിനസെന്നും ദിലീപ് പറയുന്നു. അത്തരത്തില്‍ ഒരു ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന പത്രക്കാര്‍ക്ക് ആ ഭൂമി വിട്ടുതരുമെന്ന് ദിലീപ് വെല്ലുവിളിച്ചു.
Leave a Reply