Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബൂംദീ (രാജസ്ഥാന്‍): രാജസ്ഥാനിലെ രാംനഗര്‍ എന്ന ഗ്രാമത്തിലെത്തിയാല്‍ ആടു മേയ്ക്കുന്ന രാഷ്ട്രപതിയേയും കവലയിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പോയ പ്രധാനമന്ത്രിയേയും കാണാം. കൂടാതെ ആന്‍ഡ്രോയ്ഡേ… എന്ന് നീട്ടിവിളിച്ചാല്‍ വിളി കേള്‍ക്കാനും ഇവിടെ ആളുണ്ടാകും.
സംഗതി എന്താണെന്നല്ലേ? രാഷ്ട്രപതി, പ്രധാനമന്ത്രി, ആന്‍ഡ്രോയ്ഡ് തുടങ്ങിയവയെല്ലാം രാംനഗര്‍ ഗ്രാമത്തിലെ ആളുകളുടെ പേരുകളാണ്. ഇത് മാത്രമല്ല സിം കാര്‍ഡ്, ചിപ്പ്, ജിയോണി, ഹൈക്കോര്‍ട്ട് തുടങ്ങി മിസ് കോള്‍, സാംസങ് എന്നുവരെ പേരുള്ളവര്‍ ഇവിടെയുണ്ട്.
വയറിളക്കം ബാധിച്ച സാസങ്ങിന് മരുന്ന് നല്‍കുന്ന ഡോക്ടര്‍മാരെയും ഇവിടെ കാണാം.
അഞ്ഞൂറോളംമാത്രം ജനസംഖ്യ വരുന്ന രാംനഗര്‍ നിവാസികള്‍ ഇങ്ങനെ വിചിത്രമായ പേരുകളിടുന്നതിന് രസകരമായ ഒരു കാരണവുമുണ്ട്. മിക്കവര്‍ക്കും അക്ഷരാഭ്യാസമില്ല. തൊഴിലാകട്ടെ, മോഷണം മുതലായ കുറ്റകൃത്യങ്ങളും. ഇങ്ങനെ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ പൊലീസ്, കോടതി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്നു. ഇതോടെ തങ്ങളുടെ മക്കള്‍ക്ക് മജിസ്‌ട്രേറ്റ്, ഹവില്‍ദാര്‍ തുടങ്ങിയ പേരുകള്‍ ഇവര്‍ നല്‍കുന്നു.
സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളില്‍ നില്‍ക്കുന്ന ആളുകളോടുള്ള ഇവരുടെ ആരാധനയാണ് പേരുകളിലേക്കെത്തിക്കുന്നത്.
തങ്ങളുടെ ഗ്രാമത്തിലെത്തിയ കളക്ടറുടെ വ്യക്തിത്വംകണ്ട് അന്തം വിട്ട ഒരു വീട്ടമ്മ പേരക്കുഞ്ഞിന് ‘കളക്ടര്‍’ എന്ന് പേരിട്ടത് ഒരുദാഹരണം. ഈ ‘കളക്ടര്‍’ സ്‌കൂളില്‍ പോയിട്ടില്ലെന്ന വ്യത്യാസംമാത്രം.
ഇന്ദിരാഗാന്ധിയോട് കടുത്ത ആരാധനയുള്ള ‘കോണ്‍ഗ്രസ്’ ആകട്ടെ, തന്റെ കുടുംബാംഗങ്ങള്‍ക്കിട്ട പേരുകള്‍ സോണിയ, രാഹുല്‍, പ്രിയങ്ക എന്നിങ്ങനെ. മുത്തച്ഛന് ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച സമയത്ത് ജനിച്ചതിനാല്‍ ‘ഹൈക്കോര്‍ട്ട്’ എന്ന് പേരു ലഭിച്ച ശാരീരികമായി വെല്ലുവിളി നേരിടുന്നയാളെയും ഇവിടെ കാണാം.
നയന്‍വാ പ്രദേശത്തെ ഗ്രാമങ്ങളിലെ മൊഗ്ഗിയ, ബഞ്ചാരാ സമുദായങ്ങളില്‍ പെട്ടവര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മൊബൈലിന്റെ പേരുകളാണ് ഇടാറ്. അര്‍നിയ ഗ്രാമത്തിലെ സ്ത്രീകളാകട്ടെ ജിലേബി, മിഠായി, നംകീന്‍ എന്നൊക്കെയാണ് പേരുകള്‍ നല്‍കുന്നത്.
ആന്‍ഡ്രോയ്ഡും സ്മാര്‍ട്ട്ഫോണുമെല്ലാം പേരുകളിലെ പുതിയ കൂട്ടിച്ചേര്‍ക്കലാണെന്ന് നയന്‍വാ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരനായ രമേഷ് ചന്ദ് റാത്തോഡ് പറഞ്ഞു. ആദ്യം ഇത്തരം പേരുകള്‍ കേള്‍ക്കുമ്പോള്‍ അമ്പരന്നിരുന്നെങ്കിലും പിന്നീടിത് ശീലമാവുകയായിരുന്നെന്നും ഇയാള്‍ പറയുന്നു.
Leave a Reply