Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാല്‍: വിവാഹത്തിന് വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയാണ് മിക്കവരും മണവാട്ടിമാര്‍ക്ക് സമ്മാനമായി നല്‍കാറ്. എന്നാല്‍ മധ്യപ്രദേശ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ 700 മണവാട്ടിമാര്‍ക്ക് സമ്മാനമായി നല്‍കിയത് ബാറ്റായിരുന്നു.
ഭര്‍ത്താവിനൊപ്പം ക്രിക്കറ്റ് കളിക്കാനൊന്നുമല്ല ഇവ നല്‍കിയത് കിട്ടുന്ന വരുമാനമെല്ലാം മദ്യപിച്ചു നശിപ്പിക്കുന്ന, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്ന പുരുഷന്‍മാരെ നേരിടാനുള്ള ആയുധമായിട്ടായിരുന്നു. മോഗ്രി എന്ന പേരുള്ള ഈ ബാറ്റ് വസ്ത്രങ്ങള്‍ അലക്കാനായി ഇവിടത്തുകാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നതാണ്.

കഴിഞ്ഞദിവസം മധ്യപ്രദേശില്‍ നടന്ന ഒരു സമൂഹവിവാഹച്ചടങ്ങിലാണ് മന്ത്രി ബാറ്റുകള്‍ കൈമാറിയത്. സമൂഹ വിവാഹ വേദിയില്‍ ഏതാണ്ടു പതിനായിരത്തോളം ബാറ്റുകള്‍ അദ്ദേഹം നവവധുക്കള്‍ക്കും കുടുംബിനികള്‍ക്കുമായി നല്‍കി.
മന്ത്രി സമ്മാനിച്ച ബാറ്റുകളുടെ ഇരുവശത്തും സന്ദേശങ്ങളുമുണ്ട്. മദ്യപാനികളെ നന്നാക്കാനാണ് ഈ ആയുധം. ഇതുപയോഗിച്ചാല്‍ പൊലീസും എതിര്‍ക്കില്ല. മാത്രമല്ല ഇത്തരം കേസുകളില്‍ പൊലീസിന്റെ ഭാഗത്തുനിന്നു നടപടിളൊന്നും ഉണ്ടാകില്ലെന്ന ഉറപ്പും മന്ത്രി നല്‍കി.
ഗ്രാമത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ മിക്ക സ്ത്രീകളും പറഞ്ഞ പ്രധാന പരാതി മദ്യപാനത്തെക്കുറിച്ചായിരുന്നു. ഇതാണ് ഇങ്ങനെയൊരു ആശയത്തിലേക്കു മന്ത്രിയെ എത്തിച്ചത്.

മദ്യപാനം നിയന്ത്രിക്കാന്‍ സുപ്രീം കോടതിയും സംസ്ഥാനസര്‍ക്കാരുകളും നിയമങ്ങള്‍ കര്‍ശനമാക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ പല ഗ്രാമങ്ങളിലെയും വീടുകളില്‍ മദ്യപാനികള്‍ക്കു വില്ലന്റെ റോളുണ്ട്. ഓരോദിവസവും അധ്വാനിച്ചുകിട്ടുന്ന വരുമാനത്തില്‍ വലിയൊരു ഭാഗം മദ്യശാലകളില്‍ ചെലവഴിച്ചു ലക്കില്ലാതെ വീട്ടിലെത്തുന്ന പുരുഷന്‍മാര്‍ സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്ന കേസുകളും ഏറെയുണ്ടെന്നും മന്ത്രി ഗോപാല്‍ ഭാര്‍ഗവ ചൂണ്ടിക്കാട്ടി.
100 രൂപ കിട്ടുന്ന ഒരാള്‍ 50 രൂപയും മദ്യത്തിനുവേണ്ടി ചെലവാക്കുന്നു. വീട്ടില്‍ വന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണവും. മദ്യം നിരോധിച്ചിട്ടില്ലാത്ത സംസ്ഥാനമാണു മധ്യപ്രദേശ്. ഇന്ത്യയില്‍ നാലോളം സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഏതെങ്കിലും രീതിയിലുള്ള മദ്യനിരോധനമുണ്ട്. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍നിന്നു മദ്യശാലകള്‍ നീക്കിക്കൊണ്ട് പരമോന്നത നീതിപീഠം വിധി പ്രസ്താവിച്ചതും ഈയടുത്തുതന്നെ. എങ്കിലും ഗ്രാമ പ്രദേശങ്ങളില്‍ മദ്യാപാനം വലിയൊരു വിപത്തായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply