Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:32 pm

Menu

Published on May 6, 2017 at 3:24 pm

നിര്‍ഭയക്കേസിലെ ആ കുട്ടിക്കുറ്റവാളി ഇപ്പോള്‍ എവിടെയാണെന്നറിയാമോ?

juvenile-in-nirbhaya-case-unaware-of-verdict-works-as-cook-in-south-india

രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ മുഴുവന്‍ പ്രതികളുടേയും വധശിക്ഷ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ശരിവെച്ചത്.

ഈ സമയത്ത് ചര്‍ച്ചയാകുന്നത് നിര്‍ഭയയുടെ മരണമൊഴി പ്രകാരം ഓടുന്ന ബസ്സിലിട്ട് അവളോട് ഏറ്റവും പൈശാചികമായി പെരുമാറിയ കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിയാണ്. ആ കുട്ടിക്കുറ്റവാളി.

ഇക്കാര്യം വിചാരണയില്‍ കോടതിക്ക് ബോധ്യപ്പെട്ടുവെങ്കിലും കൊലപാതകം നടക്കുമ്പോള്‍ 17 വര്‍ഷവും ആറ് മാസവുമായിരുന്നു പ്രതിയുടെ പ്രായം എന്ന കാര്യം പരിഗണിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഈ കുട്ടിക്കുറ്റാവാളിയെ വിചാരണ ചെയ്തത്.

വിചാരണയ്ക്കൊടുവില്‍ ജുവൈനല്‍ നിയമപ്രകാരം നല്‍കാവുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയായ മൂന്ന് വര്‍ഷം തടവ് മാത്രമാണ് ഇവന് ലഭിച്ചത്. അതും വിചാരണകാലയളവില്‍ ജയിലില്‍ കഴിഞ്ഞ എട്ട് മാസം കഴിഞ്ഞ് ശിഷ്ടകാലം മാത്രമേ പ്രതിക്ക് ജയിലില്‍ കിടക്കേണ്ടി വന്നുള്ളൂ.

കേസിലെ അവശേഷിക്കുന്ന അഞ്ച് പ്രതികള്‍ക്കും വിചാരണ നടത്തിയ ഡല്‍ഹി സാകേത് കോടതി വധശിക്ഷ നല്‍കി. പിന്നീട് ഡല്‍ഹി ഹൈക്കോടതിയും, സുപ്രീംകോടതിയും ആ വിധി ശരിവച്ചു. എന്നാല്‍ ഇതിനിടയില്‍ തന്നെ കുട്ടിക്കുറ്റവാളിയുടെ ശിക്ഷാ കാലാവധി തീര്‍ന്നിരുന്നു.

2015 ഡിസംബറില്‍ ശിക്ഷാകാലാവധി തീരുന്നതിനും ദിവസങ്ങള്‍ മുന്‍പ് തന്നെ അവന്‍ ജയില്‍ മോചിതനായി പുറത്തിറങ്ങിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നതിനാല്‍ പൊലീസ് രഹസ്യമായി ഇയാളെ ജയിലില്‍ നിന്ന് പുറത്തെത്തിച്ച് ഒരു സന്നദ്ധസംഘടനയ്ക്ക് കൈമാറുകയായിരുന്നു.

പിന്നീട് കുറച്ചു കാലം ഈ സന്നദ്ധസംഘടനയാണ് ഇവനെ സംരക്ഷിച്ചത്. മാധ്യമങ്ങളും പൊതുജനവും ഇയാളെ തേടിയെത്തും എന്നുറപ്പുള്ളതിനാല്‍ ഒരു വര്‍ഷം കഴിഞ്ഞ് സന്നദ്ധപ്രവര്‍ത്തകര്‍ ഇയാളെ ദക്ഷിണേന്ത്യയിലേക്കയച്ചു.

ഇപ്പോള്‍ അവന്‍ ദക്ഷിണേന്ത്യയിലെ ഏതോ ഒരു റെസ്റ്റോറന്റില്‍ പാചകക്കാരനായി ജോലി നോക്കുകയാണെന്ന് കുട്ടിക്കുറ്റവാളിയുടെ പുനരധിവാസവുമായി സഹകരിച്ച ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പറയുന്നു.

തന്നെ ജനങ്ങള്‍ കൊല്ലുമെന്ന ഭയത്തോടെയായിരുന്നു ഇയാള്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വന്നത്. ഇപ്പോള്‍ 23 വയസ്സുള്ള അന്നത്തെ കുട്ടിക്കുറ്റവാളിക്ക് ഡല്‍ഹിയില്‍ തന്നെ തുടരാനുള്ള ധൈര്യമില്ലായിരുന്നു.

ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയ്ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഇയാളുടെ ഭൂതകാലത്തെക്കുറിച്ച് അറിവൊന്നുമില്ലെന്ന് ഇയാളുമായി ബന്ധം പുലര്‍ത്തുന്ന സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു.

ജയില്‍ ജീവിതത്തില്‍ പൂര്‍ണഅച്ചടക്കവും മാന്യതയും ഇയാള്‍ പുലര്‍ത്തിയെന്ന് ജയില്‍ ജീവനക്കാരും ഇയാളെ പരിശോധിച്ച കൗണ്‍സിലര്‍മാരും പറയുന്നു.

പഠിക്കാന്‍ വലിയ താത്പാര്യം കാണിക്കാതിരുന്ന ഇവന് പാചകത്തിലായിരുന്നു കൂടുതല്‍ താല്‍പ്പര്യം. ഒടുവില്‍ പാചകം തന്നെ അവന്‍ ജീവിതമാര്‍ഗ്ഗമാക്കി മാറ്റുകയും ചെയ്തു.

എന്തായാലും മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ തെക്കേയിന്ത്യയില്‍ സ്വസ്ഥമായി ജീവിക്കുന്നുവെങ്കിലും ഇയാള്‍ ഇപ്പോഴും ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News