Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു വശം ചുമല്‍ ചെരിച്ച് നടക്കുന്ന ആളുകളോട് താന്‍ മോഹല്‍ലാല്‍ ഫാനാണോ എന്ന് പലരും ചുമ്മാ ചോദിക്കാറുണ്ട്. എന്നാല്‍ ഇറ്റലിയിലെത്തിയാല്‍ ഒരു കെട്ടിടത്തോട് ഈ ചോദ്യം ചോദിക്കേണ്ടതായി വരും.
അതെ മോഹന്‍ലാല്‍ ഒരു ചുമല്‍ ചരിച്ചു നടക്കുന്നതുപോലെ, ഒരുവശത്തേക്ക് ചരിഞ്ഞാണ് ഇറ്റലിയിലെ പിസയിലുള്ള ഒരു ഗോപുരത്തിന്റെ നില്‍പ്പ്. ചക്ക വീണ് മുയല്‍ ചത്തതുപോലെ നിര്‍മ്മാണപ്പിഴവുകൊണ്ട് ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച നിര്‍മ്മിതിയാണ് പിസാഗോപുരം.

പിസായിലെ കത്തീഡ്രലില്‍ നിര്‍മ്മിച്ച മണിമേടയാണ് ‘ചരിഞ്ഞ ഗോപുര’മെന്ന പേരില്‍ ലോകപ്രസിദ്ധമായത്. 1173 നിര്‍മ്മാണമാരംഭിച്ചശേഷം മൂന്നുഘട്ടങ്ങളിലായി 200 ഓളം വര്‍ഷങ്ങളെടുത്താണ് ഈ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാക്കിയത്. പിസ ഗോപുരത്തിന്റെ ഏറ്റവും മുകളിലുള്ള ബെല്‍ ടവറില്‍ ഏഴ് മണികളുണ്ട്. ഇവ സംഗീതത്തിലെ സപ്തസ്വരങ്ങളെ സൂചിപ്പിക്കുന്നു.
1173ല്‍ പിസ കത്തീഡ്രലില്‍ ഒരു മണിമേട നിര്‍മ്മിക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നതോടെയാണ് പിസാഗോപുരത്തിന്റെ കഥയാരംഭിക്കുന്നത്. ആ വര്‍ഷം ഓഗസ്റ്റ് 14നാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. ഇങ്ങനെ നിര്‍മ്മാണം തുടങ്ങി അഞ്ചുവര്‍ഷം കൊണ്ട് മൂന്നുനില വരെ ഉയര്‍ന്നപ്പോഴാണ് അധികൃതര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. കെട്ടിടത്തിന് ഒരു ഭാഗത്തേക്ക് ചെറിയ ചരിവ്.

അധികം ഉറപ്പില്ലാത്ത മണ്ണില്‍ വെറും മൂന്ന് മീറ്റര്‍ ആഴത്തില്‍ കുഴിച്ച് അടിത്തറ കെട്ടിയായിരുന്നു ഇതിന്റെ നിര്‍മ്മാണം. ചരിയാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. അതിനുശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. നിരന്തരമായ യുദ്ധങ്ങള്‍ കാരണം പിന്നീട് പണി പുനരാരംഭിക്കാന്‍ 100 വര്‍ഷങ്ങളെടുത്തു.
നൂറു വര്‍ഷങ്ങള്‍ക്കുശേഷം അങ്ങനെ 1272ല്‍ ജിയോവാനി ഡി സിമോണെ എന്നൊരു വാസ്തുശില്‍പി ആ വെല്ലുവിളി ഏറ്റെടുത്തു. 100 വര്‍ഷങ്ങള്‍ക്കുള്ളില്‍ അടിത്തറയിലെ കളിമണ്ണ് കുറെയൊക്കെ ഉറച്ചിരുന്നു. നിലവിലുള്ള ചെരിവ് മറികടക്കാന്‍ അവര്‍ പിന്നീടുള്ള നിലയുടെ മേല്‍ഭാഗത്തു ഒരുവശത്തിനു മറുവശത്തേക്കാള്‍ ഉയരം നല്‍കി. അങ്ങനെ ചെയ്തത് ആകെ അബദ്ധമായി. ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയപോലെ ചെരിവ് മൊത്തം മറുവശത്തേക്കായി.
ഇടക്കിടെയുണ്ടായ ചെറുയുദ്ധങ്ങള്‍ കാരണം ഗോപുരത്തിന്റെ പണിപൂര്‍ത്തിയാക്കാന്‍ വീണ്ടും 100 വര്‍ഷങ്ങളെടുത്തു. ഒടുവില്‍ 1319 ആയപ്പോഴേക്കും അദ്ദേഹം മണിമേടയുടെ ഏഴുനിലകള്‍ പണിതു. ചരിയുന്നതിന്റെ മറുഭാഗത്ത് ഭാരം കൂടുതല്‍ വരുന്ന രീതിയില്‍ ബാലന്‍സ് ചെയ്തായിരുന്നു നിര്‍മാണം. 1372 ആയപ്പോഴേക്കും എട്ടുനിലകളും പണിത് മണിമേട നിര്‍മ്മാണം പൂര്‍ത്തിയായി.

57 മീറ്റര്‍ ഉയരത്തില്‍ 15 .5 മീറ്റര്‍ വ്യാസത്തില്‍ സിലിണ്ടര്‍ ആകൃതിയിലാണ് ഇത് നിര്‍മ്മിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായി കുറേനാള്‍ കഴിഞ്ഞപ്പോഴേക്കും കെട്ടിടം വീണ്ടും ചരിഞ്ഞുതുടങ്ങി. കെട്ടിടത്തിന്റെ മുകള്‍ഭാഗം അതിന്റെ കേന്ദ്രത്തില്‍നിന്ന് ഏതാണ്ട് 3.9 മീറ്ററാണ് അകന്നു മാറിയത്.
കാലപ്പഴക്കം കൊണ്ടും അതിന്റെ ജന്മനായുള്ള ചെരിവുകാരണവും പിസാഗോപുരം നിരവധി തവണ അറ്റകുറ്റപ്പണികള്‍ക്ക് വിധേയമായിട്ടുണ്ട്. ഗോപുരത്തിന്റെ ചെരിവുകൂടി വരികയാണെന്ന് വിദഗ്ദര്‍ മനസ്സിലാക്കിയപ്പോള്‍ 1960 കളിലാണ് ആദ്യമായി ചെരിവ് നിവര്‍ത്താനുള്ള പദ്ധതികള്‍ ആരംഭിക്കുന്നത്. ചെരിവുള്ളതിന്റെ എതിര്‍ഭാഗത്തു കൂറ്റന്‍ ലെഡ് കട്ടകള്‍ വച്ച് ഭാരം തുല്യമാക്കുന്നതുള്‍പ്പെടെ പല കാര്യങ്ങളും ചെയ്തു.
പിന്നീട് രണ്ടുദശാബ്ദങ്ങളോളം നീണ്ട പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 1990 ല്‍ കെട്ടിടത്തിന്റെ ദൃഢത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ പദ്ധതികള്‍ ആരംഭിച്ചു. ആ സമയത്തു് പൊതുജനങ്ങള്‍ക്ക് ഗോപുരത്തിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി മുകളിലത്തെ നിലയിലെ മണികള്‍ താല്‍കാലികമായി നീക്കം ചെയ്തു.
ചെരിവില്ലാത്ത ഭാഗത്തിന്റെ അടിത്തറയില്‍നിന്നും 38 ക്യൂബിക് മീറ്ററോളം മണ്ണ് നീക്കം ചെയ്തു കുറച്ചു ചെരിവ് നിവര്‍ത്തനായിരുന്നു പദ്ധതി. നിരവധി വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കുശേഷം 2001 ല്‍ ആ പദ്ധതി പൂര്‍ത്തിയാക്കി.
അതോടെ മണിഗോപുരത്തിന്റെ മുകള്‍ഭാഗം 45 സെന്റിമീറ്ററോളം നിവര്‍ത്തനായി. അതായതു 1838 ഇല്‍ ഉണ്ടായിരുന്ന അതേ ചെരിവാണ് ഇപ്പോള്‍ കെട്ടിടത്തിനുള്ളത്. അങ്ങനെ 2001 ഡിസംബര്‍ 15 ന് പിസയിലെ ചെരിഞ്ഞ ഗോപുരം വീണ്ടും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. അടുത്ത 300 വര്‍ഷങ്ങളോളം കെട്ടിടം ദൃഢമായിരിക്കുമെന്ന പ്രഖ്യാപനവുമുണ്ടായി.

പിസാഗോപുരത്തിന്റെ ചരിത്രം ആ ചെരിവുകൊണ്ടുമാത്രം അവസാനിക്കുന്നില്ല, വിശ്വപ്രസിദ്ധ ശാസ്ത്രഞ്ജന്‍ ഗലീലിയോ ഗലീലിയുടെ പരീക്ഷണങ്ങള്‍ക്കുകൂടി ഈ കെട്ടിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
രണ്ടു വ്യത്യസ്ത പിണ്ഡമുള്ള വസ്തുക്കള്‍ ഗുരുത്വാകര്‍ഷണം മൂലം താഴേക്ക് പതിക്കുമ്പോളുള്ള വേഗത തുല്യമാണെന്ന് തെളിയിക്കാന്‍ അദ്ദേഹം ഈ ചെരിഞ്ഞ ഗോപുരം ഉപയോഗിച്ചിരുന്നതായി രേഖകള്‍ പറയുന്നു. ഇതിനായി വ്യത്യസ്ത പിണ്ഡമുള്ള രണ്ടു പീരങ്കിയുണ്ടകള്‍ ഒരേസമയം മണിഗോപുരത്തിന്റെ മുകളില്‍ നിന്ന് താഴേക്കിടുകയും,അതുരണ്ടും ഒരേസമയം നിലംതൊടുമെന്ന് തെളിയിച്ചതായും പറയപ്പെടുന്നു.
ഇന്നും ഇറ്റലിയിലെത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് പിസാഗോപുരം.
Leave a Reply