Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 11:19 am

Menu

Published on May 8, 2017 at 3:13 pm

ബുള്ളറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

for-those-who-use-royal-enfield-bikes

എക്കാലത്തും ഇരുചക്രവാഹന പ്രേമികളുടെ സ്വപ്‌ന വാഹനമായിരുന്നു േേറായല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കുകള്‍. ഒരു കാലത്തു വളരെ അപൂര്‍വ്വമായി മാത്രം നിരത്തില്‍ കണ്ടിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍, ഇന്ന് നിരത്തുകളിലെ നിത്യസാന്നിധ്യമായി മാറിക്കഴിഞ്ഞു.

2005നു മുന്‍പ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ആരെങ്കിലും ഓടിച്ചുകൊണ്ട് പോകുന്നത് കണ്ടാല്‍ മിക്ക ആളുകളും അതിശയത്തോടെയും ആരാധനയോടെയും നോക്കി നില്‍ക്കുമായിരുന്നു. ആരെയും കൊതിപ്പിക്കുന്ന ഗാംഭീര്യമുള്ള ശബ്ദമായിരുന്നു ആ രാജകീയ വാഹനത്തിന്റെ പ്രൗഡി.

എന്നാല്‍ 2009തോടു കൂടി കമ്പനി വിപണിയിലെ തങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ച പുതിയ മാര്‍ഗങ്ങളുടെ ഭാഗമായി സാധാരണ ബൈക്കുകള്‍ പോലെ തന്നെ ബുള്ളറ്റും വിപണിയില്‍ അവതരിപ്പിച്ചു. കാരണം അതിനോടകം അത്രയേറെ ജനപ്രിയ മോഡലായി മാറിയിരുന്നു ബുള്ളറ്റുകള്‍.

ധാരാളം എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവയുടെ പരിപാലനവും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിരവധിയാണ്.

പുതിയ ബുളളറ്റ് ബൈക്കുകളില്‍ തുരുമ്പ് കയറുന്നുവെന്ന പരാതി പൊതുവായുണ്ട്. തണ്ടര്‍ബേഡ് 350, ക്ലാസിക് 350 മോഡലുകളിലാണ് ഈ സാധ്യത കൂടുതലായി കാണാറുള്ളത്. അതിനാല്‍ മഴക്കാലത്തിനു മുന്‍പ് വാഹനത്തിനു വീല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വാക്‌സ് കോട്ടിങ് നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ടെഫ്‌ളോണ്‍ കോട്ടിങ് നല്‍കിയാലും മതി.

പുതിയ ബുള്ളറ്റ് എടുക്കുന്നവര്‍ പരീക്ഷണത്തിന് വിധേയമാക്കുന്ന ഒന്നാണ് സൈലന്‍സര്‍. വലിയ ശബ്ദം ഉണ്ടാക്കുന്നതിനായി മറ്റു സൈലന്‍സര്‍ ഉപയോഗിക്കുന്നവരുണ്ട്. ഇതിന്റെ ഉയര്‍ന്ന മര്‍ദ്ദം മൂലം കാര്‍ബറേറ്റര്‍ ഹോസ് എന്‍ജിനില്‍നിന്ന് ഊരിപ്പോരാന്‍ സാധ്യതയുണ്ട്. മാത്രമല്ല വാറന്റിയും കിട്ടില്ല. എന്‍ജിന്‍ ലൈഫ് കുറയുകയും ചെയ്യും.

ഫോര്‍ സ്‌ട്രോക് സൈലന്‍സറാണ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ഓയിലിന്റെ അംശം പൊതുവേ വളരെ കുറവായിരിക്കും. എന്നാല്‍ ഫ്യൂവല്‍ കംപസ്റ്റ്യനു ശേഷം ഉണ്ടാകുന്ന ജലാംശം സൈലന്‍സറില്‍ തുരുമ്പ് ഉണ്ടാക്കും. ഇത് കാലക്രമേണ സൈലന്‍സറില്‍ തുള വീഴാനും കാരണമാകും.

കമ്പനി പുറത്തിറക്കാത്ത തീവ്രപ്രകാശമുള്ള ലൈറ്റ്, ഉയര്‍ന്ന ശബ്ദം ഉണ്ടാക്കുന്ന ഹോണ്‍ എന്നിവ ഉപയോഗിക്കുന്നത് ബാറ്ററിയുടെ ലൈഫ് കുറയ്ക്കും. ബാറ്ററിയുടെ കപ്പാസിറ്റിയില്‍ കൂടുതല്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ ഓവര്‍ ലോഡ് ആയി ഫ്യൂസ് കേടാവാനും സാധ്യതയുണ്ടെന്ന് ഓര്‍ക്കുക.

ക്ലാസിക് 350, ഇലക്ട്ര 350, തണ്ടര്‍ബേഡ് 350 എന്നിവയില്‍ 2016 സെപ്റ്റംബര്‍ മുതല്‍ മെയ്ന്റനന്‍സ് ഫ്രീ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ബാക്കി മോഡലുകളില്‍ മെയ്ന്റനന്‍സ് ബാറ്ററിയാണ്. അതിനാല്‍ സര്‍വ്വീസ് ചെയ്യുമ്പോള്‍ ആസിഡ് റീഫില്‍ ചെയ്യണം. ഒരു വര്‍ഷമാണ് ബാറ്ററിയുടെ വാറന്റി.

നിരന്തരം ട്രാഫിക്ക് ബ്ലോക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ഫീല്‍ഡ് മോഡലുകളുടെ ക്ലച്ച് എപ്പോഴും പ്രശ്‌നബാധിതമായിരിക്കും. ട്രാഫിക്ക് ബ്ലോക്കുകളില്‍ പതുക്കെ നീങ്ങേണ്ടി വരുമ്പോള്‍ അടിക്കടി ഗിയര്‍ ഡൗണ്‍ ചെയ്യാനുള്ള മടികൊണ്ട്, സൗകര്യത്തിനായി ഹാഫ് ക്ലച്ച് ഉപയോഗിക്കുന്നവരാണ് കൂടുതല്‍ പേരും. നിരന്തരം ഹാഫ് ക്ലച്ചില്‍ വാഹനം ഓടുമ്പോള്‍ ചൂട് കൂടി ക്ലച്ച് ഫെയ്‌സിങ്ങും ഡിസ്‌കും കത്തിപ്പോകുകയും പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യും.

സാധാരണ ബൈക്കുകളിലേതു പോലെ റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങളില്‍ ഓയിലിന്റെ അളവ് അറിയാന്‍ ഓയില്‍ സ്റ്റിക് ഇല്ല. പകരം ഓയില്‍ വിന്‍ഡോ ആണ് നല്‍കിയിട്ടുള്ളത്. വാഹനം സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ ഓയിലിന്റെ അളവ് നോക്കിയാല്‍ കൃത്യമായ അളവ് അറിയാന്‍ കഴിയില്ല. വാഹനം സ്റ്റാര്‍ട്ട് ചെയ്ത് അഞ്ചു മിനിറ്റിനു ശേഷം ഓഫ് ചെയ്യുക. അപ്പോള്‍ ശരിയായ ഓയില്‍ ലെവല്‍ അറിയാം.

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News