Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നമ്മുടെയൊക്കെ നാശത്തിലേക്കാണെന്ന് നമ്മളില്‍ മിക്ക ആളുകള്‍ക്കും അ റിയാവുന്നതാണ്. എന്നാലും അതിന്റെ ഉപയോഗം കുറയ്ക്കാന്‍ പലരും മടിക്കുന്നു. ലോകമെമ്പാടുമുള്ള പരിസ്ഥിതി സംഘടനകള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നു തന്നെ പറയേണ്ടിവരും.
ഈ സാഹചര്യത്തിലാണ് ഫിലിപ്പീന്‍സിലെ പ്രകൃതിസംരക്ഷണ കൂട്ടായ്മയായ ഗ്രീന്‍ പീസ് ഒരു വ്യത്യസ്ത ആശയവുമായി രംഗത്തുവന്നത്. ഫിലിപ്പീന്‍സിലെ നെയ്ക് പട്ടണത്തിനടുത്ത് മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരപ്രദേശത്ത് ഒരു ബീച്ച് റിസോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ അവിടെ പുറത്തിറങ്ങിയവര്‍ ഒന്നമ്പരന്നു. കടല്‍ത്തീരത്ത് അതാ ഒരു കൂറ്റന്‍ തിമിംഗലം ചത്ത് അടിഞ്ഞിരിക്കുന്നു. സാധാരണ ഈ പ്രദേശത്ത് ഇത്തരമൊന്ന് പതിവില്ലാത്തതാണ്.

ദൂരെ നിന്നു കണ്ടാലറിയാം തിമിംഗലം ചീഞ്ഞളിഞ്ഞ് ശരീരാവശിഷ്ടങ്ങളെല്ലാം ചുറ്റിലും ചിതറിക്കിടപ്പുണ്ട്. എന്നാല്‍ പ്രദേശത്തൊന്നും യാതൊരു ദുര്‍ഗന്ധവുമില്ല. മടിച്ച് മടിച്ച് ചിലര്‍ അവിടേക്ക് നടന്നു. അടുത്തെത്തി പരിശോധിച്ചപ്പോഴാണു മനസിലായത്. അത് തിമിംഗലമായിരുന്നില്ല, മറിച്ച് മുളയും പ്ലാസ്റ്റികും ഉപയോഗിച്ചുള്ള ഒരു ഇന്സ്റ്റലേഷനായിരുന്നുവെന്ന്.
പ്രകൃതിസംരക്ഷണ കൂട്ടായ്മയായ ഗ്രീന്‍ പീസായിരുന്നു ഇതിനു പിന്നില്‍. ലക്ഷ്യം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും പുനരുപയോഗപ്പെടുത്തുകയും ചെയ്യുന്നതു സംബന്ധിച്ച് ജനങ്ങളെയും അധികാരികളെയും ബോധ്യപ്പെടുത്തുക എന്നതായിരുന്നു.
നേരിട്ടുള്ള ബോധവല്ക്കരണമൊന്നുമില്ല. മറിച്ച് കടല്‍ത്തീരത്ത് ഈ ഇന്സ്റ്റലേഷന് തിമിംഗലത്തെ കാണാന്‍ വന്നവരോട് അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാന്‍ പറഞ്ഞു. മാലിന്യങ്ങള്‍ കൊണ്ട് പല വസ്തുക്കളും തയാറാക്കിയിട്ടുണ്ടെങ്കിലും ഇത്രയേറെ സാദൃശ്യത്തോടെ ഒരു ഇന്സ്റ്റലേഷന് ആദ്യമായിരിക്കുമെന്ന് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പറയുന്നു.
സമീപത്തെ റിസോര്‍ട്ടില്‍ വച്ച് ഒരു ക്രിയേറ്റീവ് ഏജന്‍സിയുടെ സഹായത്തോടെ തയാറാക്കി രാത്രിയില്‍ കടല്ത്തീരത്തെത്തിക്കുകയായിരുന്നു ഈ കൃത്രിമ തിമിംഗലത്തെ.
അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് എഷ്യന്‍ നേഷന്‍സ്(ആസിയാന്‍) വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ കോസ്റ്റല്‍ ആന്‍ഡ് മറൈന്‍ എന്വയോണ്മെന്റിന്റെ വാര്‍ഷികയോഗം ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ നടക്കാനിരിക്കെയായിരുന്നു ഈ വേറിട്ട പ്രതിഷേധം.

രണ്ട് ദിവസം മുഴുവന്‍ തീരത്ത് ഈ തിമിംഗലമുണ്ടായിരുന്നു. 15 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള ഈ ഹംപ്ബാക്ക് തിമിംഗലത്തിന്റെ ശരീരം മുഴുവന്‍ മുളയുടെ ചട്ടക്കൂടാണ്. അതിനകത്ത് ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും നിറച്ചു. വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ചതായിരുന്നു മാലിന്യം.
ശരീരം പൊട്ടിച്ചിതറിയ രൂപത്തിലായിരുന്നു തിമിംഗലത്തിന്റെ കിടപ്പ്. ചത്ത് തീരത്തടിയുന്ന തിമിംഗലങ്ങളുടെ ശരീരത്തിന്റെ ഉള്‍വശമാണ് ആദ്യം അഴുകുക. അങ്ങനെ ദിവസങ്ങള്‍ കഴിയുന്നതോടെ അകത്ത് വന്‍തോതില്‍ മീഥെയ്ന്‍ ഉല്പാദിപ്പിക്കപ്പെടും. അവസാനം ഇത് ശരീരത്തിനകത്ത് നിറഞ്ഞ് പൊട്ടിത്തെറിക്കുന്നതോടെ ശരീരഭാഗങ്ങള്‍ പരിസരങ്ങളില്‍ ചിതറിത്തെറിക്കും.
തീരത്തടിയുന്ന തിമിംഗലങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന വിദഗ്ധര്‍ അതിനാല്‍ത്തന്നെ ഈ തിമിംഗല ‘പൊട്ടിത്തെറി’ക്കെതിരെ ആദ്യമേ തന്നെ മുന്‍കരുതലെടുക്കുന്നത് പതിവാണ്.
2016ന്റെ ആരംഭത്തില്‍ തന്നെ മുപ്പതിലേറെ സ്പേം തിമിംഗലങ്ങളാണ് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ തീരത്തടിഞ്ഞത്. ഇവയെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനിടെ ചിലതിന്റെ വയറ്റില്‍ നിന്ന് മീന്‍പിടിത്ത വലകള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയത്.
സകല പ്ലാസ്റ്റിക് മാലിന്യവും സമുദ്രത്തിലാണ് അവസാനിക്കുന്നത്. എന്താണെന്നറിയാതെ അവ ഭക്ഷണമാകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവിയായ തിമിംഗലങ്ങള്‍ക്കും. അവയുടെ ആയുസ്സെത്താതെയുള്ള മരണമാണ് ഇതിന്റെ ഫലം. കടലാമയുടെ ശരീരത്തില്‍ നിന്നു വരെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെടുക്കുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നാം സ്ഥിരം കാണുന്നതാണ്.
ഫിലിപ്പീന്സാകട്ടെ സമുദ്രത്തിലേക്ക് പ്ലാസ്റ്റിക് തള്ളുന്ന കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ്.
Leave a Reply