Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എന്തൊക്കെയാണെങ്കിലും വന്യജീവികള്‍ വന്യജീവികള്‍ തന്നെയാണ്. അവയെ അവയുടെ ആവാസ സ്ഥലങ്ങളില്‍ വെച്ച് കാണുമ്പോള്‍ ബഹുമാനത്തോടെയും തെല്ലകലം പാലിച്ചും സമീപിക്കണമെന്ന ബോധമുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഇത്തരത്തിലുള്ള ജാഗ്രതക്കുറവ് മൂലം ഒരു ചെറിയ പെണ്‍കുട്ടി നീര്‍നായയുടെ ആക്രമണത്തിനിരയാവുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സാധാരണയായി മനുഷ്യരെ ആക്രമിക്കാത്ത നീര്‍നായ പെണ്‍കുട്ടിയെ ആക്രമിച്ചത് ഞെട്ടലോടെയാണ് എല്ലാവരും കണ്ടത്. കാനഡയുടെ പടിഞ്ഞാറന്‍തീരത്ത് സ്റ്റീവ്സ്റ്റണിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.
ഉപദ്രവകാരിയല്ലാത്ത നീര്‍നായ പെണ്‍കുട്ടിയുടെ വെളളവസ്ത്രം കണ്ട് ഭക്ഷണമാണെന്നു കരുതിയാവാം വെളളത്തിലേയ്ക്ക് വലിച്ചിട്ടതെന്നാണ് വന്യജീവി സംരക്ഷണപ്രവര്ത്തകരുടെ വാദം.

കാനഡയുടെ പടിഞ്ഞാറന്‍ തീരത്തെ തുറമുഖത്ത് വൈകുന്നേരം കാഴ്ചക്കാരായെത്തിയവര്‍ നീര്‍നായയെ കണ്ട് ഭക്ഷണം എറിഞ്ഞുനല്കിയതോടെയാണ് സംഭവത്തിന്റെ തുടക്കം. വീഡിയോയുടെ ആദ്യ ഭാഗങ്ങളില്‍ നീര്‍നായക്ക് തീറ്റ എറിഞ്ഞ് കൊടുക്കുന്നതും നീര്‍നായ അത് കഴിക്കുന്നതും കാണാം. പിന്നീട് പല തവണയായി ഈ നീര്‍നായ ജലോപരിതലത്തില്‍ തീറ്റ പ്രതീക്ഷിച്ച് ചുറ്റി കളിക്കുന്നുണ്ട്.
ഭക്ഷണം വാങ്ങിക്കഴിച്ചതിനു ശേഷം സമീപത്തെ ബോട്ടിനരികിലേക്കു നീങ്ങിയെത്തിയ നീര്‍നായ ഇടയ്ക്ക് ഉയര്‍ന്ന് പൊങ്ങുകയും പെണ്കുട്ടിയടക്കമുളള കാഴ്ചക്കാരെ രസിപ്പിക്കുകയും ചെയ്തിരുന്നു.

നീര്‍നായയെ വ്യക്തമായി കാണാന്‍ സമീപമുളള ഭീത്തിയില്‍ ഇരുന്ന പെണ്‍കുട്ടിയെ നിമിഷങ്ങള്‍ക്കുള്ളില്‍ പിന്നില്ഉയര്ന്നു പൊങ്ങിയ നീര്‍നായ ആക്രമിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം നീര്‍നായ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചു വെള്ളത്തിലേക്കിട്ടു. പെണ്‍കുട്ടിയുടെ ഉച്ചത്തിലുളള കരച്ചില് കേട്ടു തൊട്ടടുത്തുണ്ടായിരുന്ന ഒരാള്‍ ഉടന്‍ തന്നെ വെള്ളത്തിലേക്കു ചാടി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.
പൊതുവെ ആക്രമണകാരികളല്ലാത്ത ജീവികളാണ് ഇവ. കടല്‍ ജീവിള്ക്ക് തീറ്റ കൊടുക്കരുതെന്ന് ഹാര്‍ബറിലെ പലയിടങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ പെരുമാറിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
കാനഡയിലെ കടല്‍ ജീവി സംരക്ഷണ നിയമ പ്രകാരം മീന്പിടിക്കുമ്പോഴല്ലാതെ കടല്‍ജീവികളുടെ ആവാസവ്യവസ്ഥയില്‍ കൈകടത്താനുള്ള അവകാശമില്ല. അപകട ശേഷം പുതിയ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഹാര്‍ബര്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ലക്ഷം ഡോളര്‍ വരെ നിയമം ലംഘിച്ചാല്‍ പിഴയൊടുക്കേണ്ടി വരും.
നീര്‍നായയുടെ കടിയേറ്റത് മൂലം കടിയേറ്റഭാഗം വ്രണമായി മുറിച്ചു മാറ്റേണ്ട സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് കടല്‍ ജീവികളെ പരിശീലിപ്പിക്കുന്നവര്‍ പറയുന്നുണ്ട്. വിദ്യാര്‍ഥിയായ മിഖായേല്‍ ഫുജിവാറയാണ് ഈ ദൃശ്യം പകര്‍ത്തി യൂട്യൂബില്‍ ഇട്ടത്.
Leave a Reply