Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിശാലമായ പുല്‍മൈതാനം. അതിനു നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ കല്ലുകള്‍. പ്രത്യേക രീതിയില്‍ അടുക്കിവച്ചിരിക്കുന്ന ഇവയില്‍ പലതും കൊണ്ടുവന്നിരിക്കുന്നത് 250 മൈലുകസള്‍ അകലെനിന്ന്. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചരിത്രാതീത സ്മാരകങ്ങളില്‍ ഒന്നായ സ്റ്റോണ്‍ ഹെന്‍ജിനെ കുറിച്ചാണ്.
ഇംഗ്ലണ്ടിലെ പ്രസിദ്ധ ശിലായുഗ സ്മാരകമായ സ്റ്റോണ്‍ ഹെന്‍ജിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് പല കഥകളും നിലവിലുണ്ട്. യുനെസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായ സ്റ്റോണ്‍ ഹെന്‍ജ്, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സാലിസ്ബറി താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്.
5000 വര്‍ഷത്തെ നിഗൂഢതകളുമായി ഈ കല്‍സ്മാരകം തലയുയര്‍ത്തി നില്‍ക്കുന്നു. ദീര്‍ഘ ചതുരാകൃതിയിലുള്ള വമ്പന്‍ പാറക്കല്ലുകള്‍ വൃത്താകൃതിയില്‍ കുത്തിനിര്‍ത്തി അതിനുമുകളില്‍ വലിയ കല്ലുകള്‍ വച്ചാണ് സ്റ്റോണ്‍ ഹെന്‍ജ് നിര്‍മ്മിച്ചിരിക്കുന്നത്.

സാര്‍സെന്‍സ്, ബ്ലൂസ്റ്റോണ്‍സ് എന്നിങ്ങനെ രണ്ടുതരം കല്ലുകള്‍കൊണ്ടാണ് സ്റ്റോണ്‍ഹെന്‍ജിന്റെ നിര്‍മ്മാണം. 33 മീറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയിലാണ് സ്റ്റോണ്‍ഹെന്‍ജിലെ പുറംകല്ലുകള്‍ അടുക്കിയിരിക്കുന്നത്.
സാര്‍സെന്‍ കല്ലുകള്‍ക്ക് 25 ടണ്‍ ഭാരവും 18 അടി ഉയരവുമാണുള്ളത്. ബ്ലൂസ്റ്റോണ്‍സിന് 4 ടണും. സ്‌റ്റോണ്‍ഹെന്‍ജിന് ഏറ്റവുമടുത്ത് ഇത്തരം കല്ലുകളുള്ള പ്രദേശം ഇവിടെ നിന്ന് 250 മൈല്‍ ദൂരത്തിലാണുള്ളത്. ഇത്രയും വലിപ്പവും ഭാരമുള്ളതുമായ കല്ലുകള്‍ അന്നത്തെക്കാലത്ത് എങ്ങിനെ ഇവിടെ എത്തിച്ചു എന്നത് ഇന്നും ആര്‍ക്കുമറിയില്ല.
ലോക പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച ഈ സ്മാരകത്തിന്റെ നിര്‍മ്മാണവിശേഷങ്ങള്‍ രസകരം തന്നെ. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് വര്‍ഷങ്ങളെടുത്തു സ്റ്റോണ്‍ ഹെന്‍ജിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍. ബി.സി 3100 ലാണ് ഇതിന്റെ ആദ്യഘട്ടം നിര്‍മിച്ചതെന്ന് കരുതുന്നു. അക്കാലത്ത് ഇതൊരു ശ്മശാനമായിരുന്നു. പിന്നീട് ബി.സി 2600-നോടടുത്ത കാലഘട്ടത്തില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയായി.

ഇംഗ്ലണ്ടിലെങ്ങും ഇത്തരം ആയിരത്തിലധികം കല്‍സ്മാരകങ്ങളുണ്ട്. അവയില്‍ ഏറ്റവും വലുതാണ് സ്റ്റോണ്‍ ഹെന്‍ജ്. മൂന്നാള്‍ ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുറത്തെ കല്ലുകള്‍ക്ക് 25 ടണ്ണിലേറെ ഭാരമുണ്ട്. നടുവിലെ സ്തൂപങ്ങള്‍ ഏഴര മീറ്ററോളം ഉയരമുള്ള കല്ലുകള്‍കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. ഓരോന്നിനും 50 ടണ്ണോളം ഭാരം വരും.
ഒട്ടേറെ കെട്ടുകഥകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കുമൊക്കെ കാരണമായിട്ടുള്ള സ്റ്റോണ്‍ ഹെന്‍ജ് നിയോലിത്തിക്ക് സംസ്‌കാരകാലത്തെ ജനങ്ങളുടെ നിര്‍മ്മാണരീതിയുടെയും ശാസ്ത്രീയമായ അറിവിന്റെയും പ്രതീകമാണ്. സൂര്യന്റെയും ചന്ദ്രന്റെയും ഉദയാസ്തമയങ്ങള്‍ കണക്കാക്കാന്‍ ഇത് ഉപയോഗിച്ചിരുന്നത്രേ. വര്‍ഷംതോറും ലക്ഷക്കണക്കിന് പേരാണ് ഈ പ്രാചീന സ്മാരകം സന്ദര്‍ശിക്കാനെത്തുന്നത്.
Leave a Reply