Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 7:12 pm

Menu

Published on June 9, 2017 at 4:40 pm

ഇടപാടുകാരോട് മാത്രമല്ല ഉദ്യോഗാര്‍ത്ഥികളോടും ദയയില്ലാതെ എസ്.ബി.ഐ; ഗര്‍ഭിണിയാണെന്ന പരിഗണനപോലും തന്നില്ലെന്ന് യുവതി

pregnant-woman-fb-post-against-sbi

സര്‍വ്വീസ് ചാര്‍ജ് വര്‍ദ്ധനവിലും സേവന കാര്യത്തിലും ഇടപാടുകാരുടെ പ്രതിഷേധമേറ്റുവാങ്ങിയ എസ്.ബി.ഐക്കെതിരെ പരാതിയുമായി ഉദ്യോഗാര്‍ത്ഥിയായ യുവതി.

എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയ്ക്കിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ഗര്‍ഭിണി കൂടിയായ അനുരാധ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. എസ്.ബി.ഐ.യുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്നും ഭാവിയില്‍ എസ്.ബി.ഐ.യുടെ തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയില്ലെന്നും അവര്‍ വ്യക്തമാക്കി.

എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയ്ക്കിടയില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇനിമുതല്‍ എസ്.ബി.ഐയുമായി ഒരു ബന്ധവും വേണ്ടെന്ന് അനുരാധ തീരുമാനിച്ചത്. ആറുമാസം ഗര്‍ഭിണിയായ അരുന്ധതിക്ക് യാതൊരു പരിഗണനയും തന്നില്ലെന്നും താലി വരെ ഊരിവെക്കാന്‍ നിര്‍ദേശിച്ചുവെന്നും അനുരാധ പറയുന്നു.

ഐ.ഒ.എന്‍ ഡിജിറ്റല്‍ സോണ്‍ ക്യാംപസിലെ രാജധാനി എഞ്ചിനീയറിംഗ് കോളേജിലാണ് ഇത്തവണ താന്‍ പി.ഒ പരീക്ഷ എഴുതാന്‍ പോയത്. പത്ത് മണിയ്ക്ക് തുടങ്ങുന്ന പരീക്ഷ എഴുതാന്‍ 9 മണിക്കേ എത്തി ഒരു മണിക്കൂര്‍ കാത്തിരിക്കണമെന്നത് എല്ലാവര്‍ക്കും അറിയാം. ഡിസ്‌ക്രിപ്റ്റീവ് മാതൃകയില്‍ ഉത്തരമെഴുതേണ്ട മൂന്നര മണിക്കൂര്‍ നീളുന്നതാണ് പരീക്ഷ.

എസ്.ബി.ഐ നിയമപ്രകാരം നിരോധിച്ചിട്ടുള്ള വസ്തുക്കള്‍ പരീക്ഷാര്‍ത്ഥികള്‍ ഹാളില്‍ കയറ്റാന്‍ പാടില്ല. അതെല്ലാം അംഗീകരിക്കപ്പെട്ടതുമാണ്. കഴിഞ്ഞതവണ പരീക്ഷ എഴുതാന്‍ പോയപ്പോള്‍ വാച്ച്, ഹെയര്‍പിന്‍ മുതലായവ സ്വമേധയാ ബാഗില്‍ അഴിച്ചുവെച്ചാണ് താന്‍ പരീക്ഷാഹാളില്‍ കയറിയത്. അന്ന് അവര്‍ എന്നെ താലി ധരിച്ച് ഹാളില്‍ കയറാനും അനുവദിച്ചിരുന്നുവെന്ന് അനുരാധ പറയുന്നു.

എന്നാല്‍ ഇത്തവണ അതുണ്ടായില്ല. താലി ധരിച്ച് പരീക്ഷാ ഹാളില്‍ കയറുന്നത് അവര്‍ വിലക്കി. അവരുടെ തന്നെ നിയമത്തിനെതിരാണിത്. എല്ലാത്തരം മെറ്റാലിക്ക് വസ്തുവും വിശദമായി പരിശോധിക്കാം എന്നാല്‍ നീക്കം ചെയ്യേണ്ടതില്ലെന്ന് നിയമാവലിയില്‍ കൃത്യമായി പറയുന്നുണ്ട്. എന്നിട്ടും അങ്ങനെ ചെയ്തപ്പോള്‍ എന്റെ സത്യസന്ധതയേയും ആചാരങ്ങളേയും അപമാനിക്കുന്നതായിട്ടാണ് തനിക്ക് തോന്നിയതെന്നും അവര്‍ പറയുന്നു.

താനൊരു പൂര്‍ണ ഹിന്ദുത്വവാദിയാണെന്നോ അന്ധ മതവിശ്വാസിയാണെന്നോ കരുതരുത്. അമ്പലത്തില്‍ പോകുകയും അതോടൊപ്പം അന്ധമായ അനാചാരങ്ങളെ പിന്തള്ളുകളും ചെയ്യുന്ന ആധുനിക ഹിന്ദുമത വിശ്വാസിയാണ് താന്‍. താലി ഊരിമാറ്റാന്‍ അവര്‍ നിര്‍ദേശിച്ചപ്പോള്‍ തന്നെ അപമാനിച്ചതുപോലെയാണ് തോന്നിയതെന്നും അനുരാധ പറയുന്നു.

എന്റെ വിശ്വാസങ്ങളുടെ മുഖത്തേറ്റ അടിമാത്രമല്ല എന്റെ സത്യസന്ധതക്ക് മേലേറ്റ പ്രഹരം. ഒപ്പം ജോലിയ്ക്കായി എസ്.ബി.ഐയുടെ ദയ പ്രതീക്ഷിച്ചു നില്‍ക്കുന്ന നിരാശാജനകരായ തൊഴില്‍രഹിതരുടെ മുഖത്തേറ്റ അടികൂടിയാണിത്.

ഇന്ത്യയിലെ ശക്തരായ വനിതകളില്‍ ഒരാളായ അരുന്ധതി ഭട്ടാചാര്യ എസ്.ബി.ഐയെ നയിക്കുമ്പോള്‍ തന്നെ, ഒരു പെണ്‍കുട്ടിയ്ക്ക്, ഒരു സ്ത്രീയ്ക്ക് തൊഴില്‍ ലഭിക്കാനായി ഇങ്ങനെയൊരു അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. താലി ഊരിവെക്കാന്‍ ആവശ്യപ്പെട്ടത് എന്തിനാണെന്നുള്ള തന്റെ ചോദ്യത്തിന് ഇത് പ്രധാനപരീക്ഷയാണെന്നും അതുകൊണ്ട് തന്നെ എല്ലാവരോടും ഇത്തരത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവരെ നോക്കൂ എന്നുമാണ് തനിക്ക് ഉത്തരം ലഭിച്ചത്.

എല്ലാവരുടെ അറിവിലേക്കായി ഒരുകാര്യം കൂടി പറയാം. ഞാന്‍ ആറുമാസം ഗര്‍ഭിണിയാണ്. ഓരോ രണ്ടുമണിക്കൂറും ഇടവിട്ട് എന്റെ കുഞ്ഞിന് വേണ്ടി എനിക്ക് ഭക്ഷണം കഴിക്കേണ്ടതുണ്ട്. എനിക്ക് ഇടയ്ക്ക് മൂത്രമൊഴിക്കേണ്ടതായും ഉണ്ട്. ഇതിനെല്ലാം വേണ്ടി പരീക്ഷ കഴിയുന്നത് വരെ കാത്തുനിന്നു ഏകദേശം മൂന്നര മണിക്കൂര്‍. പരീക്ഷയ്ക്ക് ശേഷമുള്ള മറ്റുനടപടിക്രമങ്ങള്‍ക്ക് മുമ്പ് ഗര്‍ഭിണിയാണെന്നും ശാരീരിക വൈഷമ്യങ്ങള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും അവര്‍ വലിയ പരിഗണനയൊന്നും തന്നില്ല. അന്ന് മൂന്നര മണിയ്ക്കാണ് ഭക്ഷണം കഴിക്കാന്‍ പറ്റിയത്. ഇതിനിടെ എന്റെ കുഞ്ഞ് അതിശക്തമായി വയറില്‍ ചവിട്ടുന്നുുണ്ടായിരുന്നു. ഈ അവസ്ഥ എങ്ങിനെ വിവരിക്കണമെന്ന് തനിക്കറിയില്ല. എന്നിരുന്നാലും കുഞ്ഞിന് വിശന്നിട്ടായിരിക്കാം, അനുരാധ പറയുന്നു.

ഭാവിയില്‍ ഒരിക്കലും എസ്.ബി.ഐ ബാങ്കിന്റെ തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയില്ലെന്ന് പൊതുജനങ്ങളെ അറിയിക്കാനാണ് താന്‍ ഈ കുറിപ്പ് എഴുതുന്നതെന്നും അനുരാധ പറയുന്നു.

കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൊയ്തവരാണെന്നും പറ്റിച്ച് വിജയം നേടുന്നത് ശീലമില്ലാത്തവരാണെന്നും അനുരാധ പോസ്റ്റില്‍ പറയുന്നുണ്ട്. എസ്.ബി.ഐ.യുടെ പരീക്ഷാനടത്തിപ്പുകളോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്നും കോളേജ് കാലഘട്ടത്തില്‍ എസ്.ബി.ഐയില്‍ അക്കൗണ്ട് എടുത്തുകൊണ്ട് ആരംഭിച്ച ബന്ധത്തിന് ഇതോടെ അവസാനമായെന്നും അനുരാധ വ്യക്തമാക്കി.

ഉദ്യോഗാര്‍ത്ഥികളെ കുറച്ചുകൂടി ബഹുമാനിക്കാനും അവരുടെ സത്യസന്ധതയ്ക്ക് വിലനല്‍കാനും ശ്രമിക്കണമെന്നും പറഞ്ഞാണ് അനുരാധ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News