Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലതരം ഫോട്ടോഷൂട്ടുകള്‍ ഇന്നത്തെക്കാലത്ത് പതിവാണ്. എല്ലാവരും തന്നെ തങ്ങള്‍ എടുക്കുന്ന ചിത്രങ്ങളില്‍ പരമാവധി വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധേയനാകുകയാണ് ഫോട്ടോഗ്രാഫറായ ആന്റോണീ റാപ്പേസ്സ്.
ഫോട്ടോഗ്രാഫറായ ആന്റോണീ റാപ്പേസ്സ് 2011 മുതലാണ് താന്‍ ഉപയോഗിച്ച് തീര്‍ന്ന പുനരുപയോഗ്യമായ ചവറുകള്‍ കളയാതെ സൂക്ഷിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ നാലു വര്‍ഷങ്ങളോളം കാത്തു സൂക്ഷിച്ച ചവറുകള്‍ ചേര്‍ത്ത് ഇപ്പോള്‍ ശക്തമായ സന്ദേശം ലോകത്തിനു മുന്നിലേക്ക് വെച്ചിരിക്കുകയാണ് അദ്ദേഹം.

ഈ ചവറുകള്‍ ചേര്‍ത്ത് ഫോട്ടോ പരമ്പരയാണ് ആന്റോണീ റാപ്പേസ്സ് ഒരുക്കിയത്. ‘#365 അണ്‍പാക്ക്ഡ്’ എന്നാണ് ഈ ഫോട്ടോപരമ്പരക്ക് നല്‍കിയിരിക്കുന്ന പേര്.
ഫ്രാന്‍സിലെ ലില്ലെയില്‍ താമസിക്കുന്ന ഈ ഫോട്ടോഗ്രാഫറുടെ നാലുവര്‍ഷത്തെ ‘ചവറു സമ്പാദന’ത്തില്‍ 1,600 പാല്‍ക്കുപ്പികളും 4,800 ടോയ്ലറ്റ് റോളുകളും 800 കിലോഗ്രാം ന്യൂസ്പേപ്പറുകളുമുള്പ്പെടെ 70 ക്യൂബിക് മീറ്റര്‍ ചവറുകളാണുണ്ടായിരുന്നത്.

ചിത്രങ്ങള്‍ക്ക് പൂര്‍ണ ഫലം കിട്ടാനായി ഇവ എല്ലാം ഒരോ വിഭാഗങ്ങളായി വേര്‍തിരിച്ചാണ് ഫ്രെയ്മിലൊതുക്കിയത്. ഇവ ഫ്രെയ്മിലൊതുക്കുമ്പോള് അവ അത്രമേല്‍ സൗന്ദര്യമുള്ളതായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് ആന്റോണി പറഞ്ഞു. ഫ്രെയ്മില് ഇവ സെറ്റ് ചെയ്ത വിധം ചിത്രത്തിന് ഗ്രാഫിക്സ് ഇഫക്ട് നല്‍കുകയും ചെയ്തു.

നമ്മുടെ നിത്യജീവിതത്തില്‍ അദൃശ്യമായി എന്നും കൂടെയുള്ള ഈ പ്രശ്നങ്ങളായ ആഗോളതാപനവും മാലിന്യനിര്‍മ്മാര്‍ജ്ജനവും സംബന്ധിച്ച് നേരിടുന്ന പ്രശ്നങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ തന്റെ ഫോട്ടോ പരമ്പരക്ക് സാധിക്കുമെന്ന് ആന്റോണിയോ പ്രത്യാശ പ്രകടമാക്കി.

ചിലപ്പോഴൊക്കെ നമ്മള് മൂലമുണ്ടാകുന്ന ചവറുകളുടെ വന്‍ അളവിനെ സംബന്ധിച്ച് നമ്മള് ആശങ്കാകുലരായി വാചാലരാകാറുണ്ട്. പക്ഷേ ഈ ചിത്രങ്ങള്‍ക്ക് വാക്കുകളിലൂടെ കൈമാറുന്ന സന്ദേശത്തേക്കാള്‍ എത്രയോ പതിന്മടങ്ങ് സന്ദേശവും തിരിച്ചറിവും നല്കാന് കഴിയുമെന്നും ആന്റോണീ പറയുന്നു.
Leave a Reply