Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പരിചയമുള്ള സ്ഥലത്താണെങ്കിലും രാത്രി ഒറ്റപ്പെട്ടു പോകുന്നത് സ്ത്രീകള്‍ ഏറെ ഭയക്കുന്ന ഒരു കാര്യമാണ്. ഇത്തരം സാഹചര്യത്തില്‍ സഹായത്തിനായി പല വാതിലുകളും അന്വേഷിക്കുമെങ്കിലും ചിലപ്പോള്‍ അവിചാരിതമായിട്ടായിരിക്കും സഹായമെത്തുന്നത്. ഇത്തരത്തിലുള്ള ഒരു അനുഭവമാണ് ബെംഗളുരു യുവതിക്കും കഴിഞ്ഞ ദിവസം ഉണ്ടായത്.
മഴ കോരിച്ചൊരിഞ്ഞ രാത്രി ബെംഗളുരുവിലെ പെരുവഴിയില്‍ നില്ക്കുമ്പോള് നിസ്സഹായായിരുന്നു അപര്‍ണ. ജീവന് തന്നെ അപകടത്തില്‍ എന്നുറപ്പിച്ച നിമിഷം. പക്ഷേ. അപ്രതീക്ഷിതമായ ഒരു കോണില്‍നിന്നു സഹായം ലഭിച്ചു. തിരികെക്കിട്ടിയ ജീവനുമായി അപര്‍ണ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.
രാത്രിഭക്ഷണം കഴിക്കാന്‍ സുഹൃത്തിനൊപ്പം നഗരത്തിലേക്ക് ഇറങ്ങിയതായിരുന്നു അപര്‍ണ വിനോദ് എന്ന ബെംഗളുരു യുവതി. ഇന്ദിരാ നഗറില്‍ ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോള്‍ ഇരുട്ടും മഴയും. വീട്ടിലേക്കുളള ഒരു വാഹനം തേടി ഒരു മണിക്കൂറാണ് ഇവര്‍ക്ക് പെരുവഴിയില്‍ നില്‍ക്കേണ്ടിവന്നത്.
ഇന്ദിരാനഗറില്‍ നിന്നു 10 കിലോമീറ്റര്‍ അകലെ ഹെന്നൂരിലായിരുന്നു അപര്‍ണയ്ക്കു പോകേണ്ടിയിരുന്നത്. ഓണ്‍ലൈന്‍ ക്യാബുകള്‍ ബുക്ക് ചെയ്തു കാത്തുനിന്നു. പലര്‍ക്കും അമിത ചാര്‍ജ്. ചിലരാകട്ടെ പ്രതികരിച്ചതുപോലുമില്ല. കോരിച്ചൊരിയുന്ന മഴയില്‍ ഓട്ടോ കിട്ടാനുമില്ല. ഒടുവില്‍ മനസ്സില്ലാമനസ്സോടെ നഗരത്തിലെ പൊലീസിന്റെ സഹായം തേടുകയായിരുന്നു അവര്‍.

ഒടുവില്‍ പൊലീസ് സംഘടിപ്പിച്ച ഓട്ടോയില്‍ സുരക്ഷിതയായി വീട്ടിലെത്തിയ അപര്‍ണ തന്റെ അനുഭവം ബെംഗളുരു സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പൊലീസിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് കൊടുത്ത അപര്‍ണ ആ രാത്രി അമിതചാര്‍ജ് ഇടാക്കാതിരുന്ന ഓട്ടോക്കാരനും നന്ദി പറയുന്നുമുണ്ട്.
ബെംഗളൂരു പൊലീസും ഓട്ടോ ഡ്രൈവറുമാണ് കഴിഞ്ഞ രാത്രിയുടെ വീരനായകന്മാര്. അത്യാവശ്യ ഘട്ടത്തില്‍ സഹായത്തിനു നിങ്ങള്‍(പൊലീസ് ) ഉണ്ടെന്ന ചിന്ത ഞങ്ങള്‍ക്ക് എന്തു സമാധാനമാണു നല്‍കുന്നതെന്നോ, അപര്‍ണയുടെ വാക്കുകള്‍.
യാത്രയ്ക്ക് ഓണ്‍ലൈന്‍ ക്യാബുകള്‍ എത്തിയതോടെ സുരക്ഷിതത്വമാണു നഗരവാസികള്‍ക്കു തോന്നിയത്. ഏതു രാത്രിയിലും അവര്‍ എത്തുമെന്നുതന്നെ വിചാരിച്ചു. പക്ഷേ ആവശ്യഘട്ടത്തില്‍ അവരാരും തിരിഞ്ഞുനോക്കിയില്ലെന്നതാണ് അപര്‍ണയുടെ അനുഭവം.
തങ്ങളെ ആശ്രയിക്കുന്നവരെ വിഡ്ഢികളാക്കിയിരിക്കുന്നു ഓണ്‍ലൈന്‍ ക്യാബ് സര്‍വീസുകാര്‍. ഒടുവില്‍ സഹായത്തിനെത്തിയതാകട്ടെ നമ്മുടെ പാവം ഓട്ടോറിക്ഷയും. ആ രാത്രി പൊലീസുകാര്‍ രക്ഷയ്ക്കെത്തിയില്ലായിരുന്നെങ്കില്‍ എന്തൊക്കെ സംഭവിച്ചേനേ എന്നു ചിന്തിക്കുമ്പോള്‍ ഇപ്പോഴും ഭയം തോന്നുന്നുവെന്ന് അപര്‍ണ പറയുന്നു.
ഭക്ഷണം കഴിച്ച ഹോട്ടലിനു മുന്നില്‍ ഞങ്ങള്‍ നില്‍ക്കുകയായിരുന്നു. ഒരാളും സഹായത്തിനില്ല. പെട്ടെന്നാണ് ഒരു പൊലീസ് വാഹനം കടന്നുപോകുന്നതു ശ്രദ്ധയില്‍പെട്ടത്. മഴയില്‍ അവരുടെ അടുത്തേക്കോടി ഞാന്‍ സഹായത്തിനപേക്ഷിച്ചു. ഒരു വാഹനം കണ്ടെത്തിത്തരുമോ? സഹായിക്കുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല എന്നതാണു സത്യം. പക്ഷേ ഞങ്ങള്‍ക്കു തെറ്റിപ്പോയി. അവര്‍ ഉടന്‍തന്നെ ഒരു ഓട്ടോ കണ്ടെത്തിത്തന്നു. ഞങ്ങള്‍ സുരക്ഷിതരായി വീട്ടിലുമെത്തി, അപര്‍ണ പറയുന്നു.
Leave a Reply