Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 11:46 pm

Menu

Published on July 25, 2017 at 3:00 pm

ഒരു പുരുഷന്‍ അവളെ നശിപ്പിച്ചു, മറ്റൊരാള്‍ ദൈവമായി; ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

dr-shinu-shyamalans-facebook-post-viral

കൊച്ചി: പത്രങ്ങളിലും ചാനലുകളിലുമൊക്കെ പീഡന വാര്‍ത്തകള്‍ ഇല്ലാത്ത ദിവസങ്ങളില്ല. അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു, സഹോദരന്‍ സഹോദരിയെ, കൂട്ടുകാരന്‍ കൂട്ടുകാരിയെ, അങ്ങനെ നീളുന്നു പീഡന കേസ് കഥകള്‍.

ഇത്തരത്തില്‍ പീഡന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് വൈറലാകുന്നത്. പെണ്ണിന്റെ മാനത്തിനു വിലയിടുന്ന കഴുകന്മാരെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കി കടന്നു കളയുന്ന കാമഭ്രാന്തന്മാരെയും പഴിക്കുന്നതിനിടയില്‍ നമ്മള്‍ കാണാതെ പോകുന്നത് ഭൂമിയിലെ ചില നല്ലമനുഷ്യരെയാണെന്ന് ഡോക്ടര്‍ ഓര്‍മ്മപ്പെടുത്തുന്നു.

അങ്ങനെയൊരു മനുഷ്യനെക്കുറിച്ച് ഡോക്ടര്‍ ഹൃദയത്തില്‍ത്തട്ടിയെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്തെ തന്റെ അനുഭവമാണ് ഷിനു ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

 

**ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്**

 

2015 ഡിസംബര്‍ 12

പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവര്‍ഷം മുന്‍പ് അവസാനവര്‍ഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലം.

രാവിലെ 8 മണിക്ക് റൗണ്ട്‌സ് എടുക്കുമ്പോള്‍ ലേബര്‍ റൂമില്‍ ഓരോരോ ഗര്‍ഭിണികള്‍ കിടക്കുന്നുണ്ട്.

ചിലര്‍ക്ക് മാസം തികഞ്ഞു, മറ്റുചിലര്‍ ബ്ലീഡിംഗ് ഒക്കെയായി എത്തിയവര്‍.

പെട്ടെന്ന് ഒരു കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു. ഒരു പക്ഷേ ചെറിയ കുട്ടിയെ പോലെ തോന്നിയത് കൊണ്ടാകും.

sir കുട്ടിയോട് ലാസ്റ്റ് മാസക്കുളി എന്നാണായതെന്ന് ചോദിച്ചു. 9 മാസം ആയിരിക്കുന്നു. ഡെലിവറി ഡേയിറ്റിന് രണ്ടു ദിവസം മാത്രം ബാക്കി. സര്‍ എന്നോട് ആ കുട്ടിയുടെ കേസ് ഷീറ്റ് വായിക്കാന്‍ പറഞ്ഞു.

പേര്: രാധ (എന്ന് വിളിക്കാം).18 വയസ്സ്.

പെട്ടെന്നാണ് ഞാന്‍ അത് ശ്രദ്ധിച്ചത് രണ്ടാമത്തെ ഗര്‍ഭമാണ്. ഒരു നിമിഷം ഞാന്‍ ഒന്ന് പതറി. അപ്പോ ആദ്യത്തെ ഡെലിവറി??

രണ്ട് വര്‍ഷം മുന്‍പായിരുന്നു രാധയുടെ ആദ്യത്തെ ഡെലിവറി. 16 വയസ്സില്‍വല്ലാത്ത ഒരു മരവിപ്പ് തോന്നി. മനുഷ്യത്വമുള്ള ഓരോ മനസ്സും ഒരു നിമിഷമെങ്കിലും ഒന്നു പിടയും.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവളുടെ വയറു വീര്‍ത്തത് ആരും അങ്ങനെ ശ്രദ്ധിച്ചില്ല. തല കറങ്ങി വീണപ്പോളാണ് അമ്മ അവളേം കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടിയത്.

ആ അമ്മ തകര്‍ന്നു പോയി.

അവള്‍ 6 മാസം ഗര്‍ഭിണിയാണ്. ചോദിച്ചപ്പോള്‍ അവള്‍പൊട്ടി കരഞ്ഞു. സ്വന്തം അച്ഛന്റെ കൂട്ടുകാരനായിരുന്നു ആ മഹാപാപി. ആ കഥ തീപോലെ നാട്ടിലാകെ പാട്ടായി.

പക്ഷേ അവള്‍ക്കുവേണ്ടി ഭൂമിയില്‍ ഒരു ദൈവമുണ്ടായിരുന്നു. കല്ലില്‍ കൊത്തിയ ശില്‍പമല്ല. ജീവനുള്ള ഒരു ഹൃദയം അവള്‍ക്ക് വേണ്ടി തുടിച്ചു. സുരേഷ് എന്നു വിളിക്കാം ആ ചെറുപ്പകാരനെ. ഒരു ലോറി ഡ്രൈവറായിരുന്നു. അവളുടെ കഥ അറിഞ്ഞ് അവന്‍ സ്വമേധയാ അവളെ കെട്ടി. ആരോ ചെയ്ത തെറ്റ് പക്ഷേ അവന്‍ അവളെ നിറഞ്ഞ വയറുമായി തന്നെ താലികെട്ടി.

2 വര്‍ഷം കഴിഞ്ഞ് അവള്‍ ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നു. ആദ്യത്തെ കുട്ടിയെ സുരേഷ് സ്വന്തം മകനെ പോലെ ജീവനുതുല്യം സ്‌നേഹിക്കുന്നു. റൗണ്ട്‌സ് ഒക്കെ കഴിഞ്ഞ് ആ കഥ പറഞ്ഞു തീര്‍ന്നതും രോഗികളുടെ കൂട്ടിരുപ്പുകാരെ വിളിച്ചുവരുത്തി. എന്റെ കണ്ണുകള്‍ തിരഞ്ഞത് ആ ചെറുപ്പക്കാരനെയായിരുന്നു.

”രാധയുടെ കൂടെ വന്നവര്‍ വരൂ’ എന്ന് സിസ്റ്റര്‍ വിളിച്ചതും ദ്ദേ നില്‍ക്കുന്നു സുരേഷ്. അറിയാതെ മനസ്സുകൊണ്ട് തൊഴുത് പോയി. ഇന്നും ആ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു കത്തുന്നൂ.

ഇന്നവര്‍ എവിടെയാണെന്ന് അറിയില്ല. എങ്കിലും ദൈവം അവര്‍ക്ക് നല്ലത് മാത്രം വരുതട്ടെ.

ഒരു പുരുഷന്‍ അവളുടെ മാനം നശിപ്പിച്ചപ്പോള്‍ മറ്റൊരു പുരുഷന്‍ അവള്‍ക്ക് ദൈവമായി.

ഇതല്ലേ ഭൂമിയില്‍ നമ്മള്‍ തൊഴുതേണ്ട ദൈവങ്ങള്‍??

Dr. Shinu Syamalan

(N.B രാധയും സുരേഷും അവരുടെ മക്കളും എവിടെയോ സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട്.പക്ഷേ പീഡനത്തിനിരയായി എത്രയോ പെണ്‍കുട്ടികളുടെ ജീവിതം പൊലിഞ്ഞു പോയി. അവരെ ഒരു നിമിഷം ഓര്‍ക്കാം)

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News