Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 11:57 am

Menu

Published on October 31, 2017 at 11:41 am

ഒരു കട്ട പോലും ഉപയോഗിക്കാത്ത എവിടേക്കു വേണമെങ്കിലും മാറ്റിവെയ്ക്കാവുന്ന വീട്

fiber-cement-board-house-can-replace-anywhere

ഒരു വീടുണ്ടാക്കാന്‍ എന്തെല്ലാം വേണം. കല്ല്, സിമന്റ്, മണല്‍ എന്നിങ്ങനെയാകും മിക്കവാറും ഉത്തരം. എന്നാല്‍ ഒരൊറ്റ കട്ട പോലും ഉപയോഗിക്കാത്ത ഒരു വീടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അതെ ഒരൊറ്റ കട്ട പോലും ഉപയോഗിക്കാതെ വീടു പണിയാം എന്നതിനു തെളിവാണ് മലപ്പുറം മങ്കടയിലെ ‘ഫോളിയേജ് ‘ എന്നു പേരുളള വീട്.

1700 ചതുരശ്രയടി വലുപ്പമുളള ഇരുനില വീടിനായി ഇഷ്ടികയോ വെട്ടുകല്ലോ സിമന്റ് കട്ടയോ ഒന്നും ഒരെണ്ണം പോലും ഉപയോഗിച്ചിട്ടില്ല. ഡിസൈനറായ വാജിദ് റഹ്മാനാണ് ഈ വീടിന്റെ ഉടമ. നീരൊഴുക്ക് തടസ്സപ്പെടുത്താതെയും ഭൂമിയെ കഴിവതും അലോസരപ്പെടുത്താതെയും വീടുപണിയുന്നതാണ് ഡിസൈനറായ വാജിദിന്റെ ശൈലി. സ്വന്തം വീടിന്റെ കാര്യത്തിലും ഇതിന് മാറ്റമൊന്നും ഉണ്ടായില്ല.

ഫോളിയേജിന്റെ വിശേഷങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. കുന്നിന്‍ചെരുവിലെ ഭൂപ്രകൃതിക്ക് കാര്യമായ മാറ്റമൊന്നും വരുത്താതെ ഇരുമ്പ് തൂണുകള്‍ക്കു മുകളിലായി വരുംവിധമാണ് വീടിന്റെ ഡിസൈന്‍. വീടിനെ താങ്ങിനിര്‍ത്തുന്ന ഇരുമ്പ് തൂണുകള്‍ ഉറപ്പിക്കാനല്ലാതെ ഒരിടത്തുപോലും കോണ്‍ക്രീറ്റിന്റെ സാന്നിധ്യമില്ല. തികച്ച് ഒരു ചാക്ക് സിമന്റ് തന്നെ ഇതിനു വേണ്ടിവന്നില്ല.

ഇരുമ്പുതൂണുകളെ തമ്മില്‍ ബന്ധിപ്പിച്ച് ജിഐ ബോക്‌സ് ഫ്രെയിം നല്‍കിയ ശേഷം അതില്‍ ഫൈബര്‍ സിമന്റ് ബോര്‍ഡ് ഉറപ്പിച്ചാണ് വീടിന്റെ തറയും ഭിത്തിയും മേല്‍ക്കൂരയുമെല്ലാം നിര്‍മിച്ചിട്ടുളളത്. വാതില്‍, ജനല്‍, കാബിനറ്റ് എന്നിവയൊന്നും തടികൊണ്ടല്ല. സ്റ്റെയര്‍കെയ്‌സിന്റെ പടികളിലും സ്വീകരണമുറിയിലെ ഇന്‍ബില്‍റ്റ് ഇരിപ്പിടത്തിലും മാത്രമാണ് തടിസാന്നിധ്യമുളളത്. അതും ട്രീറ്റ് ചെയ്ത റബര്‍ തടി.

ഭൂമിക്കും വീടിന്റെ തറയ്ക്കും തമ്മില്‍ ഒന്നരയടിയോളം അകലമുണ്ട്. വീടിനായി ഭൂമി നിരപ്പാക്കേണ്ടിവന്നില്ല. മാത്രമല്ല, ഇതുവഴി വെള്ളം സുഗമമായി ഒഴുകിപ്പോകുകയും ചെയ്യും.

സാധാരണവീടുകളുടെ പോലെയുളള അടിത്തറയും ഭിത്തിയുമൊന്നും ഫോളിയേജിനില്ല. 12 ഇരുമ്പ് തൂണുകളിലായാണ് വീടിന്റെ നില്‍പ്. രണ്ട് അടിയോളം താഴ്ചയില്‍ കുഴിയെടുത്ത് പകുതിക്കുവച്ച് മുറിച്ച വലിയ ഇരുമ്പ് വീപ്പ അതിലേക്കിറക്കിവച്ച ശേഷം തൂണ്‍ വച്ച് ചുറ്റും കോണ്‍ക്രീറ്റ് നിറച്ച് ഉറപ്പിക്കുന്നതാണ് വീടുനിര്‍മാണത്തിന്റെ ആദ്യപടി.

18 എംഎം കനമുളള ഫൈബര്‍ സിമന്റ് ബോര്‍ഡ് കൊണ്ടാണ് രണ്ട് നിലകളുടെയും തറയൊരുക്കിയിട്ടുളളത്. ജിഐ ഫ്രെയിമില്‍ സിമന്റ് ബോര്‍ഡ് സ്‌ക്രൂ ചെയ്ത് ഉറപ്പിക്കുകയായിരുന്നു. ഇതിനു മുകളില്‍ സിമന്റ് ഗ്രൗട്ട് ഒഴിച്ചശേഷം അതില്‍ തറയോട് ഒട്ടിച്ചാണ് ഫ്‌ളോറിങ് ചെയ്തത്. കണ്ടാല്‍ സാധാരണവീടുകളുടേതു പോലെതന്നെ.

കട്ട കെട്ടുന്നതിനു പകരം എട്ട് എംഎം കനമുളള ഫൈബര്‍ സിമന്റ് ബോര്‍ഡ് കൊണ്ടാണ് ചുവരുകളെല്ലാം നിര്‍മിച്ചിരിക്കുന്നത്. ജിഐ ഫ്രെയിമിന് ഇരുവശത്തും രണ്ട് ബോര്‍ഡ് സാന്‍ഡ്‌വിച്ച് രീതിയില്‍ പിടിപ്പിക്കുകയായിരുന്നു. ഇതിനുളളിലൂടെയാണ് ഇലക്ട്രിക് കേബിളും പൈപ്പുമെല്ലാം കടന്നുപോകുന്നത്. സീലിങ്ങിലും എട്ട് എംഎം കനമുളള ഫൈബര്‍ സിമന്റ് ബോര്‍ഡ് തന്നെയാണ് ഉപയോഗിച്ചത്. ഇതിനു മുകളില്‍ പട്ടികപോലെ മെറ്റല്‍ ട്യൂബ് പിടിപ്പിച്ചശേഷം അതില്‍ പഴയ ഓട് മേയുകയും ചെയ്തിട്ടുണ്ട്.

കുറച്ചുകാലം കഴിഞ്ഞ് വീട് ഇവിടെനിന്ന് മാറ്റിവയ്ക്കണമെന്ന് തോന്നിയാല്‍ ഒട്ടും പേടിക്കാനില്ല. സ്റ്റീല്‍ പൈപ്പുകളും സിമന്റ് ബോര്‍ഡുകളുമെല്ലാം അഴിച്ചെടുത്ത് ലോറിയില്‍ കയറ്റുക. ഇതുതന്നെ ഉപയോഗിച്ച് പുതിയ സ്ഥലത്ത് പുതിവീട് പണിയാം. കഷ്ടിച്ച് നാലു മാസമേ വേണ്ടിവന്നുളളൂ വീട് പൂര്‍ത്തിയാക്കാന്‍. ഇന്റീരിയറടക്കം ചെലവ് 20 ലക്ഷത്തില്‍ ഒതുങ്ങി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News