Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേട്ടാല്‍ വട്ടാണെന്ന് തോന്നുന്ന പുതിയ കോഴ്‌സുമായി ദക്ഷിണകൊറിയ. വേണ്ടത്ര ജനസംഖ്യയില്ലാത്തതു കാരണമുള്ള വിഷമങ്ങള്‍ കൂടിയതിനാലാണ് ജനന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇവരുടെ വിവാദ നീക്കം.
നിലവില്‍ ലോകത്തില്‍ ഏറ്റവും കുറഞ്ഞ ജനനിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ദക്ഷിണകൊറിയ. ഇവിടെ പുതുതലമുറക്കാര്‍ വിവാഹത്തില്‍ നിന്നും കുട്ടികളെ ജനിപ്പിക്കുന്നതില്‍ നിന്നും അന്യം നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
കേട്ടാല്‍ ഒട്ടും ദഹിക്കാത്ത ഒരു വിവാദ കോഴ്‌സാണ് ദക്ഷിണ കൊറിയ ആരംഭിച്ചിരിക്കുന്നത്. ഈ കോഴ്‌സിനു ചേരുന്ന വിദ്യാര്‍ത്ഥികള്‍ മാസത്തില്‍ മൂന്ന് സഹപാഠികളുമായെങ്കിലും ഒരുമിച്ച് ജീവിക്കണമെന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഡേറ്റിങ് ഇല്ലാത്തവര്‍ക്ക് ഇവിടെ അഡ്മിഷന്‍ ഇല്ലെന്ന് സാരം. സിയോളിലെ ഡോന്‍ഗുക്, ക്യോംഗ് ഹീ യൂണിവേഴ്‌സിറ്റികളാണ് ശ്രദ്ധേയമായ ഈ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്. ഡേറ്റിങ്, ലൈംഗികത, സ്‌നേഹം തുടങ്ങിയവയില്‍ അധിഷ്ഠിതമായ കോഴ്‌സാണിത്.
പുതിയ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനും ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്താനും പഠിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നുവെന്നാണ് ഡോന്‍ഗുക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ജാന്‍ഗ് ജേയ് സൂക്ക് പറയുന്നത്. ഇവിടെ മാര്യേജ് ആന്‍ഡ് ഫാമിലി കോഴ്‌സ് ആരംഭിച്ചിരിക്കുന്നത് ഇവരാണ്.
ക്യോംഗ് ഹീ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ചിരിക്കുന്ന കോഴ്‌സിന്റെ പേരാണ് ലൗ ആന്‍ഡ് മാര്യേജ് കോഴ്‌സ്. ഇവിടെ ഇതിനെ സംബന്ധിച്ച ക്ലാസുകള്‍ വിജയകരമായി നടന്ന് വരുന്നു. ഇന്‍ചിയോണിലെ ഇന്‍ഹാ യൂണിവേഴ്‌സിറ്റി എഞ്ചിനീയറിങ്ങിലാണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നതെങ്കിലും ഇവിടെ നിലവില്‍ കുട്ടികള്‍ക്ക് വിജയം, സ്‌നേഹം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ക്ലാസുകള്‍ നല്‍കി വരുന്നുണ്ട്.
പരമ്പരാഗത കുടുംബജീവിതത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന പുതുതലമുറയെ ഈ വക കാര്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഈ കോഴ്‌സ് ആരംഭിച്ചിരിക്കുന്നതെന്ന് ഈ യൂണിവേഴ്‌സിറ്റികള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് വളര്‍ന്ന് വരുന്ന സാമ്പത്തിക സമ്മര്‍ദം മൂലമാണ് നിരവധി ചെറുപ്പക്കാര്‍ വിവാഹത്തില്‍ നിന്നും കുടുംബജീവിതത്തില്‍ നിന്നും അകന്ന് നില്‍ക്കുന്നത്. ഇതിനാല്‍ രാജ്യത്തെ ജനന നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലുമെത്തി.
വീടുകള്‍ വാങ്ങുന്നതിനുള്ള ഉയര്‍ന്ന ചെലവ്, തൊഴിലില്ലായ്മ, ട്യൂഷന്‍ ഫീസിലെ വര്‍ദ്ധന തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെറുപ്പക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക സമ്മര്‍ദത്തിലാക്കിയതിനാല്‍ അവരില്‍ ചിലര്‍ക്ക് വിവാഹത്തെക്കുറിച്ചോ കുട്ടികളെ ജനിപ്പിക്കുന്നതിനെക്കുറിച്ചോ ആലോചിക്കാന്‍ പോലും താല്‍പര്യമില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു കോഴ്‌സുമായി രംഗത്തെത്തുന്നത്.
Leave a Reply