Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൊഴിലിടങ്ങളില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് ഇപ്പോള്‍ കമ്പ്യൂട്ടറുകള്‍. തൊഴിലിടങ്ങളില്‍ മാത്രമല്ല നിത്യജീവിതത്തിലും. ജോലി സമയത്തടക്കം കുറഞ്ഞത് പത്ത് മണിക്കൂറെങ്കിലും നാം കമ്പ്യൂട്ടറിനു മുന്നിലാണ്. ഇത്തരത്തില്‍ കമ്പ്യൂട്ടറില്‍ നോട്ടമൂന്നി ദീര്‍ഘനേരം ജോലി ചെയ്യുന്നത് കണ്ണിന് എത്ര വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ജോലിസ്ഥലത്തും വീട്ടിലെ ഓഫീസ് സ്പേസിലും കണ്ണിന് വില്ലനാവുന്നത് കമ്പ്യൂട്ടറും ലാപ്ടോപ്പുമാണെങ്കില്‍ യാത്രയിലും ഫ്രീ ടൈമിലും ബെഡ്റൂമില്‍ പോലും കണ്ണിന് വില്ലനാവുന്നത് സ്മാര്‍ട്ട് ഫോണാണ്. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ നോക്കിയിരുന്ന് ജോലി ചെയ്താല്‍ കണ്ണിന്റെ കാഴ്ചയ്ക്ക് കാര്യമായ തകരാര്‍ തന്നെ സംഭവിക്കും.
ഇത്രയധികം സമ്മര്‍ദ്ദത്തിലാഴ്ത്തിയാല്‍ കണ്ണും പതുക്കെ പ്രതികരിച്ചു തുടങ്ങും. ഇത് കാഴ്ചക്കുറവിന്റെ രൂപത്തിലോ നേത്രരോഗങ്ങളുടേയോ അസ്വസ്ഥകളുടേയോ രൂപത്തിലായിരിക്കുമെന്നു മാത്രം. കാഴ്ചക്കുറവ് ആദ്യം കണ്ണാടി വെച്ച് പരിഹരിക്കാന്‍ കഴിയുമെങ്കില്‍ പിന്നീട് അത് സങ്കീര്‍ണമായ കാഴ്ച പ്രശ്നങ്ങളിലേക്കാണ് നയിക്കുക.
കമ്പ്യൂട്ടര്‍, ടാബ്ലെറ്റ്, ഈ റീഡര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ദീര്‍ഘനാളത്തെ ഉപയോഗം മൂലം കണ്ണിനും കാഴ്ചയ്ക്കും ഉണ്ടാവുന്ന തകരാറുകളാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം.
കണ്ണിന് വേദന, കണ്ണിന് അമിതമായ ചൂട്, കണ്ണ് ചൊറിച്ചില്‍, കണ്ണു ചുവക്കുക, കാഴ്ച മങ്ങുക, വരണ്ട കണ്ണുകള്‍ തുടങ്ങിയവയാണ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധാരണയായി കണ്ണിന് അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍.
കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രത്തിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണെങ്കിലും കണ്ണില്‍ പ്രകടമാവാത്ത ചില ലക്ഷണങ്ങളും ഈ രോഗത്തിനുണ്ട്. കഴുത്തിന് പിന്നിലെ വേദന, പുറം വേദന. തോളിലെ വേദന തുടങ്ങിയവ ഈ രോഗത്തിന്റെ കണ്ണുമായി ബന്ധമില്ലാത്ത ലക്ഷണങ്ങളാണ്.
ലക്ഷണങ്ങളെ വിദഗ്ധമായി നിരീക്ഷിച്ചു കൊണ്ടുതന്നെയാണ് സിവിഎസിനെ നിര്‍ണയിക്കേണ്ടത്. ഇതിന് നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശം തന്നെ തേടണം. കാഴ്ച പരിശോധന, കണ്ണിന്റെ വരള്‍ച്ചാ പരിശോധന, കണ്ണിന്റെ ഫോക്കസ് പരിശോധന, തുടങ്ങിയവ രോഗനിര്‍ണയത്തില്‍ ഉള്‍പ്പെടും.
നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരം രോഗ നിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ ചില മുന്‍കരുതലുകള്‍ തീര്‍ച്ചയായും സ്വീകരിക്കേണ്ടതുണ്ട്. ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍, ലാപ്പ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നോക്കിയും കണ്ടും ഹാനികരമല്ലാത്ത രീതിയില്‍ ഉപയോഗിക്കാന്‍ ആരംഭിച്ചാല്‍ നിലവിലെ രോഗം സങ്കീര്‍ണമാക്കാതെ സൂക്ഷിക്കാം.
കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ക്ക് കണ്ണുകള്‍ക്ക് പ്രശ്നമുണ്ടാവുക സാധാരണമാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഏകദേശം 64 മുതല്‍ 90 ശതമാനം വരെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് സിവിഎസ് ഉണ്ട്. ഉദ്യോഗസ്ഥര്‍ക്കും ടാബ്ലറ്റുകളിലും വീഡിയോ ഗെയിമുകളിലും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന കുട്ടികള്‍ക്കും ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ അവസ്ഥ ഉണ്ടായേക്കാം.
Leave a Reply