Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തലച്ചോറിന്റെ ഭക്ഷണമെന്നാണ് രാവിലത്തെ ഭക്ഷണം അറിയപ്പെടുന്നത്. അതായത് ശരീരത്തിനും തലച്ചോറിനും അത് അത്യന്താപേക്ഷിതമാണ്. പ്രഭാതഭക്ഷണം സംബന്ധിച്ച് ചില തെറ്റായ ശീലങ്ങളും ധാരണകളും നമുക്കിടയിലുണ്ട്. ഇവ കാലാകാലങ്ങളായി പലരും പിന്തുടര്‍ന്ന് പോരുന്നുമുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം.
എത്ര തിരക്കായാലും ഒരിക്കലും പ്രഭാതഭക്ഷണം കഴിക്കാന്‍ വിട്ടുപോകരുത്. അതേ സമയം വെറുംവയറ്റില്‍ കടുപ്പമേറിയ കാപ്പി കഴിക്കുന്ന ശീലം അത്ര നല്ലതല്ല. തലേദിവസത്തെ ഭക്ഷണത്തിന്റെ ബാക്കി വീണ്ടും ചൂടാക്കി കഴിക്കുകയുമരുത്. അതായത് പുതിയ ദിവസത്തെ പുതിയ ഭക്ഷണത്തോടെ വേണം വരവേല്‍ക്കാന്‍
പ്രഭാതഭക്ഷണത്തിനു മുന്‍പേ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്. രാവിലെ ആദ്യം തന്നെ ഖരരൂപത്തിലുള്ള ഭക്ഷണം അകത്താക്കരുത്. മറിച്ച് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങാം. രാവിലെ അമിതമായി തണുത്ത ഭക്ഷണങ്ങള്‍ ആദ്യം കഴിക്കുന്നത് നല്ലതല്ല. വായ്ക്കുള്ളിലെ ഊഷ്മാവുമായി പൊരുത്തപ്പെടുന്നവിധം പാകത്തിനു ചൂടോ തണുപ്പോ ഉള്ള ആഹാരം തിരഞ്ഞെടുക്കാം.
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ശരിയല്ല. സമയമെടുത്ത് ചവച്ചരച്ചുമാത്രം കഴിക്കുക. കടുത്ത എരിവോ പുളിയോ കലര്‍ന്ന ഭക്ഷണം വെറുംവയറ്റില്‍ കഴിക്കരുത്. വെയിലുദിച്ചാല്‍ വൈകാതെ ഭക്ഷണം കഴിക്കണം. അസിഡിറ്റിയുടെ പ്രശ്‌നമുള്ളവര്‍ പ്രഭാതഭക്ഷണം വൈകിക്കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
അമിതമായ അളവില്‍ കൃത്രിമമധുരം അടങ്ങിയ ഭക്ഷണം ഒഴിവാക്കണം. ഇത് രാവിലെ കഴിക്കുന്നതും നല്ലതല്ല. പലരും തിരക്കില്‍ കുട്ടികള്‍ക്ക് ഒരു ഗ്ലാസ് പാല്‍ മാത്രം നല്‍കി ട്യൂഷനും മറ്റും വിടാറുണ്ട്. പാലുകുടിച്ചാല്‍ എല്ലാമായി എന്നു കരുതരുത്. പാല്‍ മാത്രം കഴിച്ച് ഭക്ഷണം ചുരുക്കുന്നത് ശരിയല്ല.
Leave a Reply