Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:58 pm

Menu

Published on June 21, 2017 at 2:57 pm

മരണത്തിലേക്കിനി അധികനാളില്ല; ആറു വയസുകാരനെ വിവാഹം കഴിച്ച് അഞ്ച് വയസുകാരി

cancer-terminally-ill-girl-eileidh-paterson-5-marries-best-friend

തന്റെ ആത്മസുഹൃത്തായ ആറു വയസുകാരനെ വിവാഹം ചെയ്യണമെന്നായിരുന്നു മരണം കാത്തു കഴിയുന്ന ആ അഞ്ച് വയസുകാരിയുടെ അവസാനത്തെ ആഗ്രഹം. ഇതറിഞ്ഞ ബന്ധുക്കള്‍ ആ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി ഒത്തുചേര്‍ന്നു.

സിനിമയല്ല, കഥയെ വെല്ലുന്ന ജീവിതമാണിത്. സ്‌കോട്‌ലന്റിലെ ഫോറസ് സ്വദേശിയായ അഞ്ച് വയസുകാരി എല്‍ദി പാറ്റേഴ്‌സനാണ് മരിക്കും മുന്‍പ് ആത്മസുഹൃത്തായ ആറ് വയസുകാരന്‍ ഹാരിസണ്‍ ഗ്രയറെ ജീവിത പങ്കാളിയാക്കിയത്. ഉള്ളിലെ തേങ്ങല്‍ പുറത്തുകാണിക്കാതെ നിറഞ്ഞ ചിരിയുമായി നൂറുകണക്കിനുപേര്‍ ഇരുവരെയും ആശിര്‍വദിക്കാനെത്തി.

നാഡികളെ ബാധിക്കുന്ന ന്യൂറോബ്ലാസ്‌റ്റോമ എന്ന ക്യാന്‍സറാണ് എല്‍ദിക്ക്. അധികനാള്‍ ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ അമ്മ ഗെയ്ല്‍ പാറ്റേഴ്‌സണ്‍ മുന്നിട്ടിറങ്ങിയത്.

ഡിസ്‌നി ചിത്രമായ പിനോക്യോയിലെ പാട്ട് പാടിക്കൊണ്ടാണ് സഹോദരന്‍ എല്‍ദിയെ വിവാഹവേദിയിലേക്ക് ആനയിച്ചത്. എല്‍ദിയുടെ ജീവിതത്തെക്കുറിച്ച് അമ്മ എഴുതിയ കുറിപ്പ് അവിടെവെച്ച് വായിച്ചു. എല്‍ദിയുടെ സഹോദരി സെറിസ് അവള്‍ക്കായി പാട്ടുപാടി. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വസ്ത്രമണിഞ്ഞാണ് ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിനെത്തിയത്.

വിവാഹശേഷം ഇരുവരും ചേര്‍ന്ന് സൈയുടെ പ്രശസ്തമായ ഗഗ്‌നം സ്‌റ്റൈലില്‍ നൃത്തവും ചെയ്തു. രക്തം മാറ്റിയതിന്റെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും തന്റെ ഏറ്റവും പ്രിയപ്പെട്ട ദിവസം ആസ്വദിക്കാന്‍ എല്‍ദി മറന്നില്ല.

2015ല്‍ രോഗം കണ്ടുപിടിക്കപ്പെട്ടശേഷം ഫേസ്ബുക്ക് ക്യാമ്പെയിനിലൂടെ 97 ലക്ഷത്തോളം (120,000 പൗണ്ട്) രൂപയാണ് എല്‍ദിയെ ചികിത്സിക്കാനായി അമ്മ കണ്ടെത്തിയത്. അമേരിക്കയില്‍ കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ഫലിച്ചില്ല. ആസന്നമായ അന്ത്യത്തിലേക്ക് നടന്നടുക്കുമ്പോഴും അവള്‍ക്ക് സന്തോഷം പകരാന്‍ ഇനിയുള്ള കാലം ഹാരിസണ്‍ കൂടെയുണ്ടാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News