Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 17, 2024 5:02 am

Menu

Published on October 21, 2015 at 3:29 pm

ചിലപ്പോൾ മരുന്ന് വിപരീത ഫലം ചെയ്തേക്കും…മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ…

capsules-uses-side-effects-dosage

പ്രായമായവർ മാത്രം മരുന്ന് കഴിച്ചു കൊണ്ടിരുന്ന കാലമൊക്കെ ഇപ്പോൾ മാറി.ഇന്ന് മിക്കവരുടെയും ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മരുന്നുകൾ . 30 വയസു പിന്നിട്ട ഭൂരിഭാഗം പേരും ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നുണ്ടാകും. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണവും.എല്ലാവരും മരുന്ന് കഴിക്കുന്നുണ്ടെങ്കിലും എപ്പോൾ എങ്ങനെ കഴിക്കണം, ഏതൊക്കെ ഭക്ഷണത്തോടൊപ്പം കഴിക്കരുത് തുടങ്ങിയ കാര്യങ്ങളൊന്നും അധികമാരും ശ്രദ്ധിക്കാറില്ല. മരുന്ന് കഴിക്കാനും സമയമുണ്ട്. നിങ്ങൾക്കു തോന്നിയതു പോലെ കഴിക്കാനുള്ളതല്ല മരുന്ന്. ഇതിനും അതിന്റേതായ സമയം ഏറെ പ്രധാനമാണ്.

മരുന്ന് കഴിക്കാൻ സമയമുണ്ട്
ചില ഭക്ഷണപാനീയങ്ങൾ മരുന്നിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തും, എന്നാൽ മറ്റു ചിലത് പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും. മരുന്നിന്റെ രാസഘടനയിൽ മാറ്റം വരുത്തി, ശരിയായ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഭക്ഷണപദാർഥങ്ങളും ഉണ്ട്. എന്നാൽ മറ്റു ചില മരുന്നുകൾ ഭക്ഷണപദാർഥങ്ങളുമായി യാതൊരു പ്രവർത്തനവും ഉണ്ടാക്കുന്നില്ല അതുകൊണ്ട് തന്നെ ഒഴിഞ്ഞ വയറ്റിൽ കഴിക്കേണ്ടവ, ഭക്ഷണത്തിനു മുമ്പു കഴിക്കേണ്ടവ, ഭക്ഷണത്തിനു ശേഷം കഴിക്കേണ്ടവ എന്നിങ്ങനെ മരുന്നിന്റെ കവറിൽ ഫാർമസിസ്റ്റ് എഴുതിത്തരുന്ന നിർദേശങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്.

മരുന്ന് ശരീരത്തിലേക്ക്
മരുന്നിനെ ശരീരത്തിനകത്ത് പ്രവർത്തിക്കാനായി വായുവിലൂടെ കടത്തിവിടുമ്പോൾ ആദ്യം വയറ്റിലെത്തി അവിടുത്തെ അമ്ലാവസ്ഥയിൽ മരുന്നു ലയിച്ചുചേരുന്നു. അവിടെ നിന്നും ചെറുകുടലിലെത്തുമ്പോഴാണ് മരുന്നിന്റെ രക്തത്തിലേക്കുള്ള ആഗിരണം നടക്കുന്നത്. ഓരോ മരുന്നിന്റെയും ഒരു പ്രത്യേക അളവ് രക്തത്തിലെത്തിച്ചേർന്നാലേ ശരിയാംവണ്ണം രോഗശമനമുണ്ടാകൂ. ഭക്ഷണപാനീയങ്ങളിലെ ചില ഘടകങ്ങളും മരുന്നിന്റെ ആഗിരണത്തെ കുറയ്ക്കുന്നതിന് പങ്കുവഹിക്കാറുണ്ട്.

ആന്റിബയോട്ടിക്കുകളും ഭക്ഷണവും
ഭക്ഷണത്തിന്റെ സാന്നിധ്യത്തിൽ ആഗിരണം വളരെ കുറയുന്ന മരുന്നാണ് ആംപിസിലിൻ എന്ന ആന്റിബയോട്ടിക്. അതുപോലെ സിംപ്രോഫ്ളോക്സിൻ, ടെട്രാസൈക്ലിൻ എന്നീ ആന്റിബയോട്ടിക്കുകൾ, കാത്സ്യം അടങ്ങിയ മറ്റു മരുന്നുകളോടൊപ്പമോ അന്റാസിഡ് പോലെ മഗ്നീഷ്യവും അലുമിനിയവും ചേർന്ന മരുന്നുകളോടൊപ്പമോ കഴിക്കരുത്. മാത്രമല്ല പാലും, പാലുൽപ്പന്നങ്ങളും, ഈ ആന്റിബയോട്ടിക് മരുന്നുകളുടെ ആഗിരണം വളരെ കുറയ്ക്കുകയും ചെയ്യും.

കാപ്പിയും ജ്യൂസും കുടിച്ചാൽ
ചില മരുന്നുകൾ കാപ്പി, ജ്യൂസ് മുതലായവയോടൊപ്പം കഴിച്ചാൽ ഫലം കുറയും. അസ്ഥി ദ്രവിക്കുന്നതിരെയുള്ള ചില മരുന്നുകൾ കാപ്പിയുടെയോ, ഓറഞ്ച് ജ്യൂസിന്റെയോ കൂടെ കഴിച്ചാൽ അറുപതു ശതമാനത്തോളം ആഗിരണം കുറയും.

ഭക്ഷണത്തോടൊപ്പം കഴിക്കാം
വയറ്റിനുള്ളിലെ ശ്ലേഷ്മസ്തരത്തെ പ്രകോപിപ്പിക്കുന്ന ചില മരുന്നുകളുണ്ട്. അയൺ ഗുളികകൾ, നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫേളമേറ്ററി വിഭാഗത്തിൽപ്പെടുന്ന ആസ്പിരിൻ, ഡൈക്ലോഫിനാക് ഗുളികകൾ എന്നിവ ഉദാഹരണങ്ങളാണ്. ആമാശയസ്തരത്തിലെ പ്രകോപനം ഒഴിവാക്കാൻ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുന്നതാണു നല്ലത്. പക്ഷേ, തുടർച്ചയായി വളരെക്കാലം ഇവ കഴിക്കുന്നത് ആമാശയസ്തരത്തിൽ കേടുപാടുകൾ ഉണ്ടാകാനും അത് ആമാശയവ്രണമുണ്ടാക്കുന്ന അവസ്ഥയിലേക്കെത്താനും കാരണമാകും.

മദ്യപിക്കുന്നവർ മരുന്നു കഴിക്കുമ്പോൾ
ചില മരുന്നുകൾ മൃദുവായി പ്രതിപ്രവർത്തിക്കും. അലർജി വിരുദ്ധ മരുന്നുകൾ, മെട്രോനിഡസോൾ എന്നിവയോടൊപ്പം മദ്യം കഴിക്കുന്നത് ഒഴിവാക്കണം. കേന്ദ്രനാഡീവ്യൂഹത്തെ മന്ദീഭവിപ്പിച്ചു ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക, ഉറക്കം തൂങ്ങുക എന്നിവ രണ്ടിന്റെയും പൊതുസ്വഭാവമായതിനാൽ അത് രൂക്ഷമായ തോതിൽ പ്രകടമാവും. ഈ അവസ്ഥയിൽ വാഹനമോടിക്കുന്നത് അപകടത്തിലേക്കു നയിക്കുകയും ചെയ്യാം.

പുകവലിയും രാസവസ്തുക്കളും
പുകവലി ശീലമാക്കിയിട്ടുണ്ടെങ്കിൽ മരുന്നുപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. രണ്ടായിരത്തോളം രാസപദാർഥങ്ങൾ പുകയോടൊപ്പം ഉള്ളിലെത്തും. അവയിൽ ചിലതെങ്കിലും മരുന്നുമായി പ്രതിപ്രവർത്തിക്കാൻ സാധ്യതകളേറെയാണ്. അതുകൊണ്ട് മരുന്നുപയോഗിക്കുമ്പോൾ പുകവലി ഒഴിവാക്കുന്നതാണ് ഏറെ നല്ലത്.

മരുന്നിന്റെ ദുരുപയോഗം
ചില മരുന്നുകൾ ഔഷധമായല്ലാതെ ദുരുപയോഗം ചെയ്യുന്നതു പൊതുവേ കണ്ടുവരുന്നുണ്ടല്ലോ. അത്തരം ശീലങ്ങളുള്ളവർ മറ്റു മരുന്നുകൾ കഴിക്കേണ്ടി വരുമ്പോൾ ഡോക്ടറുടെ ഉപദേശം തേടേണ്ടത് വളരെ ആവശ്യമാണ്.

മരുന്നും വയറെരിച്ചിലും
വയറ്റിനുള്ളിൽ ആസിഡിന്റെയും അമ്ലതയും ചില മരുന്നുകളുടെ ആഗിരണത്തെ ബാധിക്കും. പൂപ്പൽബാധയ്ക്കെതിരെ ഉപയോഗിക്കുന്ന കീറ്റോകൊണസോൾ എന്ന മരുന്ന് ഉദാഹരണമാണ്. അമ്ല മാധ്യമത്തിലാണ് ഈ മരുന്നു ശരിയായി ആഗിരണം ചെയ്യപ്പെടുന്നത്.

രുചി നശിപ്പിക്കുന്ന മരുന്ന്
ചില മരുന്നുകൾ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാനുള്ള നാക്കിന്റെ കഴിവിനെ നഷ്ടപ്പെടുത്തും. മെട്രോനിഡസോൾ എന്ന മരുന്നിന്റെ അനുബന്ധ പ്രശ്നമാണു വായിൽ ഒരുതരം അരുചി തോന്നിപ്പിക്കുക എന്നത്. എന്നാൽ മറ്റു ചില മരുന്നുകൾ വിശപ്പില്ലാതാക്കും. ശരീരത്തിന് അത്യാവശ്യം വേണ്ട പോഷകഘടകങ്ങളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്ന മരുന്നുകളുണ്ട്.

ഇവിട പറഞ്ഞവയൊക്കെ മരുന്നു ഭക്ഷണപാനീയങ്ങളുമായി പ്രവർത്തിച്ച് ഉണ്ടാക്കാവുന്ന നല്ലതും ചീത്തയുമായ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളാണ്. മരുന്നു കഴിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന അസാധാരണമായ അനുഭവങ്ങളും ബുദ്ധിമുട്ടുകളും ഭക്ഷണവുമായി ബന്ധപ്പെടുത്തി മനസിലാക്കാൻ ശ്രമിക്കുക. അങ്ങനെ എന്തെങ്കിലും പ്രത്യേകത തോന്നിയാൽ ഡോക്ടറെ അറിയിക്കണം.

Loading...

Leave a Reply

Your email address will not be published.

More News