Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുട്ടികള്‍ക്ക് തങ്ങളുടെ സ്വന്തം കൂടപ്പിറപ്പുകളേക്കാള്‍ അടുപ്പക്കൂടുതല്‍ വീട്ടിലെ വളര്‍ത്തു മൃഗങ്ങളോടാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.

കുട്ടികള്‍ ഏറ്റവും കൂടുതല്‍ സംതൃപ്തരാകുന്നത് തങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധത്തേക്കാള്‍ വളര്‍ത്തു മൃഗങ്ങളുമൊത്തുള്ള ബന്ധത്തിലാണെന്നും പഠനം പറയുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ മാറ്റ് കാസ്സെല്‍സ് എന്ന ഗവേഷകനാണ് ഈ പഠനത്തിന് നേതൃത്വം കൊടുത്തത്.
ചെറുപ്പം മുതലേ വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുന്നവര്‍ക്ക് അവ പിന്നീട് ഏറ്റവുമടുത്ത സൗഹൃദമായി മാറുമെന്നും എല്ലാം തുറന്നു പറയാന്‍ സാധിക്കുന്ന തരത്തില്‍ മനുഷ്യരുമായുണ്ടാകുന്ന തരത്തിലുള്ള ബന്ധത്തിലേക്ക് അത് വളരുമെന്നും കാസ്സെല്‍സ് പറയുന്നു.

ഈ പഠനത്തിലൂടെ കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചയില്‍ മൃഗങ്ങള്‍ക്ക് എത്രത്തോളം സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് മനസിലായതായും അദ്ദേഹം വ്യക്തമാക്കി.
77 കുടുംബങ്ങളില്‍ നിന്നുള്ള സഹോദരങ്ങളും വളര്‍ത്തു മൃഗങ്ങളുമുള്ള 12 വയസുള്ള കുട്ടികളെയാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതിലൂടെ കുട്ടികള്‍ക്ക് വളര്‍ത്തു മൃഗങ്ങളുമായുള്ള അടുപ്പം വളരെ കൂടുതലാണെന്നും കലഹങ്ങളും മറ്റും സഹോദരങ്ങളോട് അപേക്ഷിച്ച് കുറവാണെന്നും കണ്ടെത്തുകയായിരുന്നു.

ഇതേ വിഷയത്തില്‍ നേരത്തെ നടന്ന ഗവേഷണത്തില്‍ പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികള്‍ക്കാണ് വളര്‍ത്തു മൃഗങ്ങളുമായി അടുപ്പം കൂടുതലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ തങ്ങള്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ ഫലം മറിച്ചായിരുന്നുവെന്നും കാസ്സെല്‍സ് പറഞ്ഞു.

അപ്ലൈഡ് ഡവലപ്പ്‌മെന്റല്‍ സൈക്കോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Leave a Reply