Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ പ്രചരിക്കപ്പെട്ടതും ശ്രദ്ധ നേടിയതുമായ വാര്‍ത്തയായിരുന്നു യേശുക്രിസ്തുവിന്റെ വെള്ളത്തിലൂടെയുള്ള നടത്തം അനുകരിക്കാന്‍ ശ്രമിച്ച പാസ്റ്ററെ മൂന്ന് മുതലകള്‍ ആഹാരമാക്കിയെന്നത്.
വാര്‍ത്ത വന്നതിനു പിന്നാലെ ഇതിനെ ചുറ്റിപ്പറ്റി നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. പലരും ഇക്കാര്യം രണ്ടാമതൊന്ന് ആലോചിക്കാതെ വിശ്വസിക്കുകയും ചെയ്തു. എന്നാലിത് ഒരു ആഫ്രിക്കന്‍ ഹാസ്യ വെബ്‌സൈറ്റിന്റെ പണിയായിരുന്നു.
ആഫ്രിക്കയിലെ നാഷണല്‍ ന്യൂസ് ബുള്ളറ്റിന്‍ എന്ന വെബ്‌സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് ആളുകളെ പറ്റിച്ചത്. ഇതിനെ പറ്റി കൂടുതലൊന്നും അന്വേഷിക്കാതെ പിന്നീട് സിംബാബ്‌വെ ടുഡെയും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പിന്നീട് നൈജീരിയന്‍ ദിനപത്രമായ നെയ്ജ് കൂടി ഈ വാര്‍ത്ത വാസ്തവമറിയാതെ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇത് ലോകമെമ്പാടും പ്രചരിക്കാന്‍ തുടങ്ങി.

സിംബാബ്വെയിലാണ് കേട്ടാല്‍ അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഈ സംഭവം നടന്നത്. യേശുക്രിസ്തുവിന്റെ വെള്ളത്തിലൂടെയുള്ള നടത്തം അനുകരിക്കാന്‍ ശ്രമിക്കുന്നത് ആഫ്രിക്കയിലെ പാസ്റ്റര്‍മാര്‍ക്കിടയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ ദുരന്തം സംഭവിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഈ ശ്രമത്തിനിടെ മരിക്കുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ പാസ്റ്ററാണ് സിംബാബ്വേയിലേത്. ജോനാതന്‍ തേത്വ എന്ന പാസ്റ്ററെയാണ് മൂന്ന് മുതലകള്‍ തങ്ങളുടെ ആഹാരമാക്കിയതെന്നായിരുന്നു വാര്‍ത്ത.
സിംബാബ്വെയിലെ എംപുമലംഗ എന്ന പ്രദേശത്താണു സംഭവം നടന്നത്. സെയ്ന്റ് ഓഫ് ദി ലാസ്റ്റ് ഡെയ്‌സ് എന്ന വിഭാഗത്തിലെ പാസ്റ്ററായിരുന്നു കൊല്ലപ്പെട്ട ജോനാതന്‍. തന്റെ വിശ്വാസികളോട് താന്‍ യേശുക്രിസ്തുവിനെ പോലെ വെള്ളത്തില്‍ നടന്നു കാണിക്കാമെന്നു പറഞ്ഞാണ് ഇയാള്‍ തടാകത്തിലേക്കിറങ്ങിയതെന്നും തന്റെ അത്ഭുതപ്രവര്‍ത്തിക്കു സാക്ഷ്യം വഹിക്കാന്‍ ആളുകളെയും ഇയാള്‍ വിളിച്ചുകൂട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
തടാകത്തിലേക്കിററങ്ങിയ ഉടന്‍തന്നെ പാസ്റ്റര്‍ വെള്ളത്തിലേക്കു താഴ്ന്നുപോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ മുതലകളും ജലപ്പരപ്പിലെത്തി. മൂന്നു മുതലകള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടു നിന്നവര്‍ പറഞ്ഞത്. ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസിനെയും അടിയന്തിര സേനയെയും ബന്ധപ്പെട്ടെങ്കിലും അര മണിക്കൂറിനു ശേഷം അവര്‍ എത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടന്ന പാസ്റ്ററുടെ ചെരുപ്പുകള്‍ മാത്രമാണ് ബാക്കി കിട്ടിയതെന്ന് ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Leave a Reply