Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റസ്‌റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ചിലരെങ്കിലും പുറത്തെ ആകാശക്കാഴ്ചകള്‍ ആസ്വദിക്കുന്നവരാണ്. എന്നാല്‍ തീന്‍മേശ നമ്മെയും കൊണ്ട് പറന്ന് നടക്കുന്നത് ചിന്തിച്ചിട്ടുണ്ടോ?
എന്നാല്‍ ബെല്‍ജിയത്തിലെ രണ്ട് കമ്പനികള്‍ ഇക്കാര്യം ചിന്തിച്ചിരുന്നു. പറക്കുന്ന ഡൈനിങ് ടേബിള്‍ വേണമെന്ന ഒരു കുട്ടിയുടെ ആഗ്രഹം സഫലീകരിക്കാന്‍ 2006 ല്‍ ഹകുനാ മകാത്ത എന്ന റസ്റ്ററന്റ് കമ്പനിയും, അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ക്രെയിന്‍ ഉപയോഗിച്ച് ഇന്‍സ്റ്റലേഷനുകള്‍ നടത്തുന്ന ഫണ്‍ ഗ്രൂപ്പ് എന്ന കമ്പനിയും കൈകോര്‍ത്തപ്പോള്‍ അത് പുതിയ ചരിത്രമാകുകയായിരുന്നു. ‘ഡിന്നര്‍ ഇന്‍ ദി സ്‌കൈ’ എന്ന ഗ്രൂപ്പിന്റെ തുടക്കമായി അത്.

സംഗതി പറന്ന് നടക്കുന്ന തീന്‍ മേശ തന്നെ. വുഡന്‍ പാനലിങ്ങില്‍ തീര്‍ത്ത വിശാലമായ ഒരു തീന്‍മേശ. കാസ്റ്റ് അയണ്‍ കൊണ്ട് നിര്‍മ്മിച്ച അടിത്തറയും അതില്‍ നന്നായി ബന്ധിപ്പിച്ച ഇരിപ്പിടങ്ങളും. സുതാര്യമായ പ്ലാസ്റ്റിക്ക് തുണി കൊണ്ടുള്ള മേല്‍ക്കൂര. മേല്‍ക്കൂരയില്‍ രണ്ടു വശത്തും ഹുക്ക് നല്‍കിയിരിക്കുന്നു. എപ്പോഴും കൂടെയുള്ള 120 ടണ്‍ ഭാരമുള്ള ഭീമന്‍ ക്രെയിനില്‍ ഈ കൊളുത്തുകള്‍ ബന്ധിപ്പിക്കുന്നു.
രണ്ടു മണിക്കൂറിനടുത്ത് സമയമെടുക്കുന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷം തീന്‍മേശ നേരെ ഉയരാന്‍ തുടങ്ങും. നഗരമധ്യത്തിലോ, നദിക്കു മുകളിലോ, ചരിത്രസ്മാരകങ്ങള്‍ക്കു സമീപമോ, എവിടെ വേണമെങ്കിലും ഈ തീന്‍മേശ ചെന്നെത്തും. 50 അടിവരെ മുകളിലാകും മേശയുടെ സ്ഥാനം.

ഇവിടെ നിന്ന് ആകാശദൃശ്യം നന്നായി ആസ്വദിക്കാം. പിന്നെ ഹൃദ്യമായ സംഗീതത്തിന്റെ അകമ്പടിയോടെ ലോകത്തിലെ പ്രഗത്ഭരായ ഷെഫുമാരുടെ കൈപ്പുണ്യത്തിന്റെ രുചി തത്സമയം രുചിച്ചറിയാം. സംഗതി ഹിറ്റായതോടെ കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ഇന്ത്യയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമടക്കം 45 രാജ്യങ്ങളില്‍ ഡിന്നര്‍ ഇന്‍ ദി സ്‌കൈ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

ഓരോ സ്ഥലത്തും അതിന്റെ പ്രത്യേകതകള്‍ അനുസരിച്ചാണ് ഡിന്നര്‍ ഇന്‍ ദി സ്‌കൈയുടെ സ്ഥാനം. 22 സീറ്റുകളാണ് ഒരു ടേബിളില്‍ ഉണ്ടാകുക. 180 ഡിഗ്രിയില്‍ ഇവ കറങ്ങുകയും ചെയ്യും. എന്തൊക്കെയാണെങ്കിലും സുരക്ഷയ്ക്ക് തന്നെയാണ് ആദ്യ പരിഗണന. അതുകൊണ്ട് ഓരോ സീറ്റിനും 4 പോയിന്റ് സീറ്റ് ബെല്‍റ്റുകളാണുള്ളത്. ഇവ മൊത്തം താങ്ങാന്‍ 120 ടണ്‍ ഭാരമുള്ള ഭീമന്‍ ക്രെയിനും.

രാത്രിയിലും ഇവ ആകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കും. മേല്‍ക്കൂരയിലുള്ള കസ്റ്റം ലൈറ്റുകള്‍ മിന്നിത്തിളങ്ങും. കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ആരാധകര്‍ക്ക് അതിനുള്ള സൗകര്യവും ആഘോഷരാവുകള്‍ക്കായി ഡിസ്‌ക്കോ ലൈറ്റുകളുമുണ്ട്.
Leave a Reply