Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാന്തവാടി: ദൃശ്യം സിനിമയിലെ രംഗങ്ങള്‍ അനുസ്മരിപ്പിക്കും വിധം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. ഇതുവരെ കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഏകദേശം ഒരു മാസം മുമ്പ് ഈ വീട്ടില്‍ ഒരു മുറിയിലെ മണ്ണ് ഇളകിയ നിലയില്‍ കണ്ടിരുന്നെങ്കിലും തൊഴിലാളികള്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ ഈ ബുധനാഴ്ച വീടുപണിക്കെത്തിയ ഒരു തൊഴിലാളി തറ നിരപ്പില്‍ നിന്ന് മണ്ണ് താഴ്ന്ന നിലയില്‍ കണ്ടപ്പോള്‍ കരാറുകാരനെ അറിയിച്ചതിനെ തുടര്‍ന്ന് മണ്ണ് മാറ്റി നോക്കിയപ്പോഴാണ് കൊലപാതകത്തിന്റെ രഹസ്യങ്ങള്‍ പുറംലോകം അറിയുന്നത്.
മണ്ണിനടിയില്‍ ചാക്കില്‍ കെട്ടിതാഴ്ത്തിയ രൂപത്തിലായിരുന്നു മൃതദേഹം. ചാക്കിനു മുകളില്‍ ചെങ്കല്ല് കയറ്റിവെക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തി തൊഴിലാളികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വേറെ ഏതെങ്കിലും സ്ഥലത്തു നിന്നും കൃത്യം നടത്തിയ ശേഷം മൃതദേഹം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പോലീസ് പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Leave a Reply